Skip to content
November 22, 2026
⌕

ശബരിമലയിൽ തീർത്ഥാടക പ്രവാഹം കുറയാൻ കാരണം വൻകിട ട്രാവൽ ഏജൻസികളുടെ കൂട്ട ബുക്കിങ്ങും മറിച്ചുവിൽപ്പനയും. തട്ടിപ്പിന് പിന്നിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഏജൻസികൾ. മാസ് ബുക്കിങ് നിർത്തലാക്കി ബുക്കിങ് രീതി പരിഷ്കരിക്കാൻ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും. പ്രതിദിന വെർച്വൽ ക്യൂ പരിധി ഒരു ലക്ഷമാക്കുന്ന കാര്യവും പരിഗണനയിൽ

November 21, 2026
Share this post to

ശബരിമല: വൻകിട ട്രാവൽ ഏജൻസികൾ ദർശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണ് ശബരിമലയിലെ തീർത്ഥാടക പ്രവാഹത്തിൽ കുറവുവരാൻ കാരണമെന്ന് പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ.

തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ട്രാവൽ ഏജൻസികളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ദർശനത്തിന് ഭക്തർ കുറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ ശബരിമല ചീഫ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി പി. വിജയന് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരിച്ചറിയൽ രേഖയും ഫോൺ നമ്പറും ശേഖരിച്ച് ട്രാവൽ ഏജൻസികൾ ഓരോ ദിവസത്തെയും സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. തുടർന്ന് വെർച്വൽ ക്യൂ കൂപ്പൺ പ്രിന്റ് എടുത്ത് ഇവ തീർത്ഥാടകർക്ക് കൂടിയ വിലയ്ക്ക് വിൽക്കുന്നു എന്നാണ് വിവരം. ഒ.ടി.പി (OTP) പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ആവശ്യമില്ലാത്തതും, ബുക്കിങ് സമയത്ത് നൽകിയ തിരിച്ചറിയൽ രേഖ യാത്രയിൽ കൃത്യമായി പരിശോധിക്കാത്തതുമാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.

നിലവിൽ പ്രതിദിനം 80,000 പേർക്കാണ് (വെർച്വൽ ക്യൂ വഴി 66,000, സ്പോട്ട് ബുക്കിങ് വഴി 14,000) ദർശനത്തിന് അനുമതിയുള്ളത്. കണക്കുകളിൽ മുഴുവൻ സ്ലോട്ടുകളും ബുക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും പകുതി പേർ മാത്രമാണ് ദർശനത്തിന് എത്തുന്നത്.

 മാസ് ബുക്കിങ് പൂർണ്ണമായും നിർത്തലാക്കി വെർച്വൽ ക്യൂ ബുക്കിങ് രീതി പരിഷ്കരിക്കാൻ പോലീസും റവന്യൂ വകുപ്പും ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും.

പ്രതിദിനം ഒരു ലക്ഷം പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുന്നതിനുള്ള സാധ്യത ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സ്പോട്ട് ബുക്കിങ് വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.

താൽക്കാലിക നടപടിയെന്ന നിലയിൽ, നവംബർ 30 വരെ പ്രതിദിന വെർച്വൽ ക്യൂ ക്വാട്ടയിൽ 5,000 പേരുടെ വർധനവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയിട്ടുണ്ട്. കൂടാതെ നവംബർ 21, 22 തീയതികളിൽ സ്പോട്ട് ബുക്കിങ് സൗകര്യവും ആനുപാതികമായി വർധിപ്പിച്ചു.

Get more updates from Pudukad News on Google