‘സിനിമാ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്ന് ഇറങ്ങുന്ന കമ്മിണി’; പാർവതി തിരുവോത്തിനെ പരിഹസിച്ച് മായ മേനോൻ | Maya Menon criticises Parvathy Thiruvothu

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച നടി പാർവതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മേനോൻ. സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽനിന്ന് ഇറങ്ങി വായിൽ തോന്നിയത് വിളിച്ചുപറയുന്ന ആളാണ് പാർവതിയെന്നായിരുന്നു മായയുടെ വിമർശനം. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. (Maya Menon criticises Parvathy Thiruvothu)
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തുടർന്ന് സോണിയക്കെതിരെ സൈബർ ആക്രമണം നടക്കുന്നതിനെ പാർവതി വിമർശിച്ചിരുന്നു. സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിൽ ഇരുന്നതിനെ വലിയ സാംസ്കാരിക ആഘാതമായി ചിത്രീകരിക്കുന്നവർ, ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പുറത്തിറങ്ങി നടക്കുന്നതിനെ എങ്ങനെ കാണുന്നുവെന്നായിരുന്നു പാർവതിയുടെ ചോദ്യം. ഇതിനെ ‘മനുസ്മൃതി ചിന്തകൾ’ എന്നും അവർ വിശേഷിപ്പിച്ചിരുന്നു. പാർവതിയുടെ പ്രതികരണത്തെ വിമർശിച്ച മായ മേനോൻ, സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശങ്ങളും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് യഥാർഥത്തിൽ വിമർശിക്കപ്പെടേണ്ടതെന്ന് കുറിച്ചു. കോൺഗ്രസിനെയും ഇടതുപക്ഷത്തെയും പിന്തുണയ്ക്കുന്നവർക്ക് മാതാപിതാക്കളും ഗുരുക്കന്മാരും വെറും ആവശ്യങ്ങൾ നിറവേറ്റാനുള്ളവരാണെന്ന തരത്തിലുള്ള പരാമർശങ്ങളും മായയുടെ പോസ്റ്റിലുണ്ട്.
സിനിമാ പ്രമോഷൻ സമയങ്ങളിൽ മാത്രം പൊതുവിഷയങ്ങളിൽ പ്രതികരിക്കുകയും ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് പാർവതിയെന്നും മായ ആരോപിച്ചു. പാർവതിയുടെ അഭിപ്രായങ്ങൾക്ക് താൻ വില നൽകുന്നില്ലെന്നും തന്റെ സമൂഹമാധ്യമ കുറിപ്പിൽ മായ മേനോൻ വ്യക്തമാക്കി.
Summary: Actress Maya Menon criticized Parvathy Thiruvothu for her remarks supporting Sonia Gandhi amid online attacks. Maya accused Parvathy of selectively speaking out during film promotions and dismissed her views on the controversy.




