Skip to content
November 22, 2026
⌕

യു.ഡി.എഫ് സർക്കാരിലെ ആഭ്യന്തര തർക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ എം.എൽ.എ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ പുറത്താക്കണമെന്നും മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും സുധാകരൻ. പാർലമെന്റിൽ പോയ ചില എം.പിമാർക്ക് സംസ്ഥാനത്ത് വന്ന് മന്ത്രിയാകണമെന്നത് വിചിത്രമാണെന്നും അസംബ്ലിയേക്കാൾ വലുതാണ് പാർലമെന്റ് എന്ന തിരിച്ചറിവ് വേണമെന്നും സുധാകരൻ

November 21, 2026
Share this post to

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിനുള്ളിലെ തർക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ എം.എൽ.എ രംഗത്തെത്തി.

ഓരോരോ കാര്യങ്ങൾ നേടിയെടുക്കാൻ അനാവശ്യമായി തർക്കിക്കുകയാണെന്നും മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ എത്ര വലിയ ആളായാലും അപ്പോൾ തന്നെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വാസമുള്ളിടത്തോളം മാത്രമേ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കൂ. മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുന്നവർ പിന്നെ ആ സ്ഥാനത്ത് ഇരിക്കാൻ പാടില്ലെന്നും, അത്തരക്കാരെ പുറത്താക്കി പകരം ആളെ എടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. 

ഇടവും വലവും നോക്കാനുള്ളതിനാലാണ് മുഖ്യമന്ത്രി അതിന് മുതിരാത്തതെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില എം.പിമാർ സംസ്ഥാനത്ത് വന്ന് മന്ത്രിയാവാൻ നടക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു. പാർലമെന്റിൽ പോയവർക്ക് സംസ്ഥാനത്ത് വന്ന് മന്ത്രിയാകണമെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, അസംബ്ലിയേക്കാൾ വലുതാണ് പാർലമെന്റ് എന്ന തിരിച്ചറിവ് വേണമെന്നും ഓർമ്മിപ്പിച്ചു.

അനാവശ്യമായ ആഭ്യന്തര തർക്കങ്ങളും വ്യക്തിപരമായ അസംതൃപ്തികളും അവസാനിപ്പിച്ച് നല്ലൊരു ഭരണം കാഴ്ചവെക്കണമെന്നും ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

Get more updates from Pudukad News on Google