പഹൽഗാം ഭീകരാക്രമണം: ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന കൈമാറാനായി കാത്തിരിക്കുന്നുവെന്ന് NIA | Pahalgam Terror Attack

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ഗോപ്രോ ക്യാമറയുടെ വിവരങ്ങൾ തേടിയുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ അറിയിച്ചു. കേസിൽ നിർണ്ണായകമായ ഫോറൻസിക് തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.(Pahalgam Terror Attack China Yet To Share Details On GoPro Camera Linked Says NIA)
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആയിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്വേഷണത്തിനിടെ ‘C3501325471706’ എന്ന സീരിയൽ നമ്പറിലുള്ള ‘ഗോപ്രോ ഹീറോ 12 ബ്ലാക്ക്’ ക്യാമറ എൻഐഎ കണ്ടെടുത്തിരുന്നു. ആക്രമണത്തിന് മുന്നോടിയായി ഭീകരർ നടത്തിയ നിരീക്ഷണങ്ങൾക്കും, നീക്കങ്ങൾക്കും ഈ ക്യാമറ ഉപയോഗിച്ചിരുന്നതായാണ് വിലയിരുത്തൽ.
ക്യാമറയുടെ ഉറവിടം തേടി എൻഐഎ ഗോപ്രോ കമ്പനിയെ സമീപിച്ചിരുന്നു. ചൈനയിലെ അംഗീകൃത വിതരണക്കാരായ ‘എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡിന്’ നൽകിയ ക്യാമറയാണിതെന്ന് കമ്പനി സ്ഥിരീകരിച്ചു. 2024 ജനുവരി 30-ന് ചൈനയിലെ ഡോങ്ഗുവാനിലാണ് ഈ ഉപകരണം ആദ്യമായി ആക്ടിവേറ്റ് ചെയ്തത്. എന്നാൽ, പിന്നീട് ഇത് ആരാണ് വാങ്ങിയതെന്നോ എങ്ങനെയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുടെ കൈകളിലേക്ക് എത്തിയതെന്നോ ഉള്ള വിവരങ്ങൾ നിർമ്മാതാക്കളുടെ പക്കലില്ല.
ഇന്ത്യയും ചൈനയും തമ്മിൽ പരസ്പര നിയമസഹായ ഉടമ്പടി നിലവിലില്ലാത്തതിനാൽ, നയതന്ത്ര-നിയമ മാർഗ്ഗങ്ങളിലൂടെയാണ് വിവരങ്ങൾ തേടുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ, ജമ്മുവിലെ പ്രത്യേക കോടതി മാർച്ച് രണ്ടിന് ചൈനീസ് നീതിന്യായ അധികാരികൾക്ക് ‘ലെറ്റർ ഓഫ് റോഗേറ്ററി’ അയക്കാൻ അനുമതി നൽകിയിരുന്നു. ഭീകരർക്ക് തന്ത്രപ്രധാനമായ ഉപകരണങ്ങൾ എത്തിച്ചുനൽകുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണോ ഈ ക്യാമറയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.
Story Summary
NIA Director General Rakesh Aggarwal stated that China has yet to respond to India’s request for details regarding a US-manufactured GoPro camera linked to the April 2025 Pahalgam terror attack that killed 26 people. The camera, originally shipped to an authorised distributor in China and activated in Dongguan, was recovered by investigators and is believed to have been used for pre-attack reconnaissance by terrorists. While India awaits a reply through diplomatic and judicial channels, the NIA confirmed it has gathered crucial forensic evidence in the case.




