കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച വിനോദസഞ്ചാരത്തിനായി യേർക്കാട്ടിലെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്

കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച വിനോദസഞ്ചാരത്തിനായി യേർക്കാട്ടിലെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്
സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിൽ യേർക്കാടിന് സമീപം കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
എടപ്പാടി സ്വദേശി വി. ശബരീഷ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജീവ (26), ബാലാജി (47), ദേവൻ (55), അഴഗിരി (47) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച വിനോദസഞ്ചാരത്തിനായി യേർക്കാട്ടിലെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. യേർക്കാട്ടിലെയും പരിസരപ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ഇവർ വാഴവന്തിയിലേക്ക് പോയിരുന്നു. അവിടെ നിന്നും പുലർച്ചെ 12.30-ഓടെ യേർക്കാട് ടൗണിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ശബരീഷായിരുന്നു കാർ ഓടിച്ചിരുന്നത്. ചുരം റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി ഏകദേശം 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ യേർക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ശബരീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സേലം ഗവൺമെന്റ് മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




