അമേരിക്കയിൽ ഒരേദിവസം നടപ്പാക്കിയത് രണ്ട് വധശിക്ഷകൾ; ‘എണ്ണത്തിൽ റെക്കോർഡ്’ സ്വന്തമാക്കി ഫ്ലോറിഡ

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ, ടെക്സസ് സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച (നവംബർ 19) രണ്ട് വധശിക്ഷകൾ നടപ്പാക്കി. ഇതോടെ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനമെന്ന റെക്കോർഡ് ഫ്ലോറിഡ സ്വന്തമാക്കി.
1991ലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട തോമസ് മിച്ചൽ ഓവർട്ടന്റെ (71) വധശിക്ഷയാണ് ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കിയത്. വിഷമരുന്ന് കുത്തിവച്ച ശേഷം വൈകുന്നേരം 6.19ന് മരണം സ്ഥിരീകരിച്ചു. ഇതോടെ ഫ്ലോറിഡയിൽ ഈ വർഷം നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 20 ആയി.
അതേസമയം, ടെക്സസിൽ ഈ വർഷത്തെ അവസാന വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1996ൽ ഹൂസ്റ്റണിലെ ജ്വല്ലറി ഉടമയെ വെടിവെച്ചുകൊന്ന് 36 ലക്ഷം ഡോളർ വിലമതിക്കുന്ന വജ്രങ്ങളും പണവും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട റീനാൾഡോ ഡെന്നസിന്റെ (70) വധശിക്ഷയാണ് ഹണ്ട്സ്വില്ലെ ജയിലിൽ നടപ്പാക്കിയത്.
അവസാനവട്ട അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. രാത്രി 7.08ന് റീനാൾഡോ ഡെന്നസിന്റെ മരണം സ്ഥിരീകരിച്ചു. ഇതോടെ ടെക്സസിൽ ഈ വർഷം നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം ഒൻപതായി.




