Skip to content
November 25, 2026
⌕

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ എറിട്രിയൻ നേതാക്കളുമായി ഉന്നതതല ചർച്ച നടത്തി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ. വ്യാപാരം, വിദ്യാഭ്യാസം, കൃഷി, ഖനനം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കാൻ ധാരണ; അസ്മാര യുദ്ധ സെമിത്തേരിയിൽ വീരമൃത്യു വരിച്ച 16 ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പ്രവാസി സമൂഹവുമായി സംവദിച്ചും ‘ഹോൺ ഓഫ് ആഫ്രിക്ക’ മേഖലയിൽ ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റം

November 22, 2026
Share this post to

അസ്മാര: വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, കൃഷി, ഖനനം തുടങ്ങി വിവിധ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) ശ്രീപ്രിയ രംഗനാഥന്‍ എറിട്രിയന്‍ നേതാക്കളുമായി ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തി. 


അസ്മാര സന്ദര്‍ശന വേളയില്‍ എറിട്രിയയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംവദിച്ച അവര്‍, പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പ്രവാസികളുടെ അനുഭവങ്ങളും ആശങ്കകളും അവര്‍ നേരിട്ട് കേട്ടതായും എറിട്രിയയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.


നവംബര്‍ 20-ന് എറിട്രിയന്‍ പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഹാഗോസ് ഗെബ്രെഹിവെറ്റുമായി ശ്രീപ്രിയ രംഗനാഥന്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ബാങ്കിംഗ്, ധനകാര്യം, ഖനനം, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലെ സഹകരണ സാധ്യതകള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

തുടര്‍ന്ന് എറിട്രിയന്‍ വിദേശകാര്യ മന്ത്രി ഒസ്മാന്‍ സാലിഹ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി പൊതുവായ താല്‍പ്പര്യമുള്ള വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.


വാര്‍ത്താവിനിമയ മന്ത്രി യെമാനെ ഗെബ്രെമെസ്‌കെലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍, മാധ്യമ കൈമാറ്റം, വ്യാപാരം, നിക്ഷേപം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. 


വിദ്യാഭ്യാസ മന്ത്രി ഹലീമ മുഹമ്മദുമായുള്ള ചര്‍ച്ചയില്‍ അധ്യാപക പരിശീലനം, സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ ഉപകരണങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ സഹകരണത്തിന് ഊന്നല്‍ നല്‍കി. കൃഷി, ജലസേചനം, ശേഷി വര്‍ദ്ധിപ്പിക്കല്‍, രാസവള മേഖലയിലെ സഹകരണ സാധ്യതകള്‍ എന്നിവയെക്കുറിച്ച് കൃഷി മന്ത്രി അരെഫൈന്‍ ബെര്‍ഹെയുമായും അവര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി.

സന്ദര്‍ശനത്തിന്റെ ഭാഗമായി അസ്മാരയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ഇന്ത്യയുടെ ‘ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍’ (ഐടെക്) പദ്ധതിയിലെ എറിട്രിയന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി ശ്രീപ്രിയ രംഗനാഥന്‍ സംവദിച്ചു. 


ഇന്ത്യയിലെ പരിശീലന പരിപാടികള്‍ തങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് എത്രത്തോളം സഹായകമായെന്ന് പങ്കെടുത്തവര്‍ അനുഭവങ്ങളിലൂടെ പങ്കുവെച്ചു. നവംബര്‍ 20-ന് അസ്മാര യുദ്ധ സെമിത്തേരി സന്ദര്‍ശിച്ച അവര്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച 16 ഇന്ത്യന്‍ സൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


സൊമാലിയ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് നവംബര്‍ 19-ന് ശ്രീപ്രിയ രംഗനാഥന്‍ അസ്മാരയില്‍ എത്തിയത്. സൊമാലിയന്‍ പ്രസിഡന്റ് ഹസ്സന്‍ ഷെയ്ഖ് മുഹമ്മദുമായി അവര്‍ അവിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ പതിവായി കൂടിയാലോചനകള്‍ നടത്തുന്നതിനായി ഇന്ത്യയും സൊമാലിയയും തമ്മില്‍ ധാരണാപത്രവും ഒപ്പുവെച്ചിരുന്നു. 

‘ഹോണ്‍ ഓഫ് ആഫ്രിക്ക’ മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ഇടപെടലുകളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം. മേഖലയുമായുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

 

Get more updates from Pudukad News on Google