Skip to content
November 23, 2026
⌕

ഉദ്ഘാടനത്തിനുപിന്നാലെ ‘നിതീഷ് സേതു’ പാലത്തില്‍ ആര്‍ജെഡി പ്രതിഷേധം; മോദിയുടെയും നേതാക്കളുടെയും പോസ്റ്ററുകള്‍ വലിച്ചുകീറി

November 22, 2026
Share this post to

ഹാജിപുര്‍ (ബിഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ബിഹാറിലെ നിതീഷ് സേതുവില്‍ രാഷ്ട്രീയ പ്രതിഷേധവുമായി ആര്‍ജെഡി പ്രവര്‍ത്തകര്‍. പാലത്തില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭരണകക്ഷിയായ എന്‍ഡിഎ നേതാക്കളുടെയും പോസ്റ്ററുകളും ബാനറുകളും ആര്‍ജെഡി പ്രവര്‍ത്തകര്‍ വലിച്ചുകീറി. 

ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിപക്ഷനേതാവായ തേജസ്വി യാദവിനെ ക്ഷണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപുരിലാണ് പാലത്തിന്റെ ഒരുഭാഗം സ്ഥിതിചെയ്യുന്നത്.

 തേജസ്വി യാദവ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായിരുന്ന സമയത്താണ് പദ്ധതിയുടെ തറക്കല്ലിട്ടതെന്നും എന്നാല്‍ ഉദ്ഘാടനച്ചടങ്ങിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

നവംബര്‍ 21-നാണ് ബിഹാറിലെ വൈശാലി ജില്ലയില്‍ ഗംഗാനദിക്ക് കുറുകെ നിര്‍മിച്ച ആറുവരി നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 4,280 കോടി രൂപ ചെലവില്‍ നിര്‍മിച്ച 9.76 കിലോമീറ്റര്‍ നീളമുള്ള പാലം പട്‌നയിലെ കച്ചി ദര്‍ഗയെയും വൈശാലിയിലെ ബിദുപുരിനെയും ബന്ധിപ്പിക്കുന്നു. 

ബിഹാറിന്റെ വടക്കന്‍, തെക്കന്‍ മേഖലകള്‍ തമ്മിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനും മഹാത്മാഗാന്ധി സേതുവിലെ തിരക്ക് കുറയ്ക്കുന്നതിനും പാലം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.
സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെ സ്വാഗതംചെയ്യുന്നതിന് പകരം പ്രതിപക്ഷം രാഷ്ട്രീയ നാടകങ്ങളാണ് കളിക്കുന്നതെന്ന് ബി.ജെ.പി വക്താവ് നീരജ് കുമാര്‍ ശര്‍മ്മ ആരോപിച്ചു. 

എന്നാല്‍, പാലത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും വീണ്ടും പേരുമാറ്റാന്‍ കോടികള്‍ ചെലവഴിച്ച് സംഘടിപ്പിച്ച വ്യാജ ചടങ്ങാണിതെന്നും ആര്‍.ജെ.ഡി എം.പി സുധാകര്‍ സിങ് ആരോപിച്ചു.

പാലത്തിന്റെ പേരിനെച്ചൊല്ലിയും നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. കച്ചി ദര്‍ഗബിദുപുര്‍ പാലത്തിന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തെയാണ് തേജസ്വി യാദവ് ചോദ്യംചെയ്തത്. 

പാലത്തിന് സിഖ് മതസ്ഥാപകനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ പേരിടണമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും ആവശ്യം. പാലത്തിന് ‘അക്ഷയവത് റായ് സേതു’ എന്ന് പേരിടണമെന്ന് ആവശ്യപ്പെട്ട് താന്‍ നേരത്തെ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നതായും തേജസ്വി വ്യക്തമാക്കിയിരുന്നു.

 

 

Get more updates from Pudukad News on Google