Skip to content
November 23, 2026
⌕

രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പകച്ച് ബിജെപി-ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍. കേരള മോഡലില്‍ സംഘടനയെ അടിത്തട്ടില്‍ സജ്ജമാക്കിയുള്ള കോണ്‍ഗ്രസ് മുന്നേറ്റത്തിന്‍റെ പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ കെസിയെ ട്രോളുന്നവര്‍ക്ക് മറുപടിയായി രാജസ്ഥാന്‍ മുന്നേറ്റം

November 22, 2026
Share this post to

ന്യൂഡൽഹി: രാജസ്ഥാൻ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മുന്നേറ്റം, ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ ഞെട്ടിച്ചു. 

കോൺഗ്രസ് മുന്നേറ്റത്തിന് പിന്നിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ നടത്തിയ കൃത്യമായ സംഘടനാ ഏകോപനമാണെന്ന് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നു. 


കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലിരിക്കെ ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനുണ്ടായ തിരിച്ചുവരവ് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘടനാ ഇടപെടലുകളുടെ കൂടി ഫലമാണെന്നാണ് വിലയിരുത്തലുകൾ.


കോണ്‍ഗ്രസിന് എവിടെ തിരിച്ചടി ഉണ്ടായാലും കെസി വേണുഗോപാലിനെ ചീത്തവിളിക്കുന്ന പ്രവണത തുടരുന്ന ഇക്കാലത്ത് വിജയം ഉണ്ടാകുമ്പോള്‍ അദ്ദേഹത്തിന്‍റെ പങ്കുണ്ടെങ്കില്‍ അത് സ്മരിക്കാതെ പോകുന്നത് ശരിയല്ല.

രാജസ്ഥാനില്‍ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 3,700-ലധികം സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് 2,200-ൽ താഴെ സീറ്റുകളാണ് ലഭിച്ചത്. 

289 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് ഭരണസമിതി പിടിച്ചെടുത്തപ്പോള്‍ 85 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുന്നേറാനായത്. 


സംസ്ഥാനത്ത് നഗരസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നൽകിയ നിർദ്ദേശപ്രകാരം കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ സംഘടനയെ താഴെത്തട്ടിൽനിന്ന് പുനഃസംഘടിപ്പിക്കാനുള്ള നടപടികൾക്കായി തുനിഞ്ഞിറങ്ങുകയായിരുന്നു.


കെ.സിയുടെ മേൽനോട്ടത്തിൽ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടാസ്ര, എഐസിസി ഇൻ-ചാർജ് സുഖ്ജീന്ദർ സിംഗ് രൺധാവ, ഡിസിസി അധ്യക്ഷന്മാർ എന്നിവരെ ഉൾപ്പെടുത്തി അവലോകന യോഗങ്ങൾ ചേരുകയും രാജസ്ഥാനിൽ ഉണ്ടായ  തിരിച്ചടികൾക്കുള്ള കാരണങ്ങൾ വിലയിരുത്തുകയും ചെയ്തു. 

പിസിസി അധ്യക്ഷൻ, എഐസിസി ചുമതലയുള്ള നേതാവ്, ഡിസിസി അധ്യക്ഷന്മാർ, പ്രാദേശിക നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ സംഘടന നേരിടുന്ന പ്രശ്നങ്ങൾ താഴെത്തട്ടിൽനിന്ന് മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടു.


ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ നിർദ്ദേശങ്ങൾ പ്രായോഗികമായ സംഘടനാ നടപടികളാക്കി മാറ്റുന്നതിലായിരുന്നു കെ.സിയുടെ മികവ് പ്രകടമായത്. 


രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടാസ്ര, എഐസിസി ഇൻ-ചാർജ് സുഖ്ജീന്ദർ സിംഗ് രൺധാവ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി വിശദമായ അവലോകന യോഗങ്ങൾ നടത്തി. നഗരസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തി തിരുത്തേണ്ട മേഖലകൾ കണ്ടെത്തി. 

പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയതിനൊപ്പം നേരിട്ട് രാജസ്ഥാനിലെത്തി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. 


കേരള മോഡലില്‍ വാര്‍ഡ് തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതാണ് കെസി വേണുഗോപാലിന്‍റെ ശൈലി. കെസി കര്‍ണാടകയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് തുടര്‍ഭരണം നേടാനാകും വിധം കര്‍ണാകയില്‍ മികച്ച പ്രടകനം കാഴ്ചവയ്ക്കാനായത്. 


ആ സര്‍ക്കാരിനെ പിന്നീട് ബിജെപി അട്ടിമറിച്ചു. അത്തരത്തില്‍ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് പാർട്ടിയെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ ഹൈക്കമാൻഡ് ഇടപെടൽ വൻ വിജയമായി.

ഇത്തരത്തില്‍ കെസിയുടെ നേതൃത്വത്തില്‍ സ്ഥാനാർത്ഥി നിർണയം, പ്രചാരണം, പ്രാദേശിക തലത്തിലെ പരാതി പരിഹാരം എന്നിവയിൽ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. 

മുൻപ് രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന പരിചയവും സംസ്ഥാനത്തെ സംഘടനാ സംവിധാനങ്ങളെക്കുറിച്ചുള്ള ധാരണയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ.സി. വേണുഗോപാലിന് സഹായകമായി.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമീണ ജനതയ്ക്കിടയിലുണ്ടായിരുന്ന ഭരണവിരുദ്ധ വികാരത്തെ അനുകൂല ജനവിധിയാക്കി മാറ്റാൻ സംഘടനാ സംവിധാനത്തിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ. 


തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം സംഘടനാ നേതൃത്വത്തിന് മേൽ ചുമത്തപ്പെടുമ്പോൾ, രാജസ്ഥാനിലേതുപോലുള്ള വിജയങ്ങൾക്ക് പിന്നിലെ കെസിയുടെ ആസൂത്രണവും ഏകോപനവും കൂടി വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന അഭിപ്രായമാണ് കോൺഗ്രസ് പ്രവർത്തകർ പങ്കുവെക്കുന്നത്.


അടുത്തിടെ എല്ലാ സംസ്ഥാനങ്ങളിലും നേരിട്ടെത്തി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് കെസിയുടെ ശൈലി. 

മുതിര്‍ന്ന നേതാക്കളെയെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കെസിയുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഗുണം ചെയ്യുന്നുണ്ട്.  

Get more updates from Pudukad News on Google