ഹോർമോണുകളുടെ സാന്നിധ്യം; അമേരിക്കയിൽ 51,762 ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് യൂണിറ്റുകൾ തിരിച്ചുവിളിച്ചു

അരിസോന: ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കയിൽ 51,762 ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് യൂണിറ്റുകൾ വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. അരിസോനയിലെ സ്കോട്സ്ഡെയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒആർഎൽ ലാബ്സ് ആണ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചത്.
അമേരിക്കൻ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിൽ പ്രൊജസ്റ്ററോൺ, എസ്ട്രാഡിയോൾ , ഡീഹൈഡ്രോഎപിയാൻഡ്രോസ്റ്റിറോൺ എന്നീ ഹോർമോണുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനിടെയുണ്ടായ ക്രോസ് കണ്ടാമിനേഷൻ (മറ്റ് വസ്തുക്കൾ കലരൽ) ആണ് ഇതിന് കാരണമെന്നാണ് എഫ്ഡിഎയുടെ റിപ്പോർട്ട്.
ഒആർഎൽ ഓർഗാനിക് ഓറൽ കെയർ ബ്രാൻഡിന്റെ ഫ്രഷ് മിന്റ്, സിന്നമിന്റ്, ബബിൾഗം കിഡ്സ് തുടങ്ങിയ ഫ്ലേവറുകളിലുള്ള ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളുമാണ് തിരിച്ചുവിളിച്ചത്. ആകെ ആറ് ഉൽപന്നങ്ങളാണ് ഈ നടപടിയുടെ പരിധിയിൽ വരുന്നത്.
2026 സെപ്റ്റംബർ മുതൽ 2028 ഓഗസ്റ്റ് വരെ കാലാവധി രേഖപ്പെടുത്തിയിട്ടുള്ള വിവിധ ബാച്ചുകളിലെ ഉൽപന്നങ്ങളെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുന്നത്. ഒക്ടോബർ 12ന് ആരംഭിച്ച നടപടിയെ നവംബർ ആറിനാണ് എഫ്ഡിഎ ക്ലാസ് II വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ താൽക്കാലികമോ ചികിത്സയിലൂടെ മാറാവുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ക്ലാസ് II തിരിച്ചുവിളിക്കൽ നടപടി സ്വീകരിക്കുന്നത്. ഉൽപന്നങ്ങളിൽ ഹോർമോണുകൾ കലർന്നതിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




