Skip to content
November 23, 2026
⌕

ആഗോള വിപണിയില്‍ എണ്ണവില തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഇടിവിലേക്ക്

November 23, 2026
Share this post to

വാഷിംഗ്ടണ്‍: ആഗോള വിപണിയില്‍ എണ്ണവില തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഇടിവിലേക്ക്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി ശക്തമായി തുടരുന്നതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതുമാണ് വിലയിടിവിന് പ്രധാന കാരണം.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനു നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതും ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് തടസ്സം നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടും വില താഴുകയാണ്.

ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്സ് വില 67 സെന്റ് (0.7%) കുറഞ്ഞ് ബാരലിന് 91.31 ഡോളറിലെത്തി. യു എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ഡിസംബര്‍ കരാര്‍ വില 36 സെന്റ് (0.4%) കുറഞ്ഞ് 82.85 ഡോളറായി. കൂടുതല്‍ വ്യാപാരം നടക്കുന്ന ജനുവരി കരാര്‍ 19 സെന്റ് (0.2%) കുറഞ്ഞ് 82.85 ഡോളറിലുമെത്തി.ഇതോടെ ഇരു പ്രധാന എണ്ണവില സൂചികകളും തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തിലാകും.

ഈ ആഴ്ച ബ്രെന്റ് വിലയില്‍ ഏകദേശം അഞ്ചു ശതമാനവും ഡബ്ല്യു ടി ഐ ഡിസംബര്‍ കരാറില്‍ 6.5 ശതമാനവും ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതോടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായതാണ് വില കുറയാന്‍ കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു. ‘ഈ ആഴ്ച മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി താരതമ്യേന ശക്തമായി തുടരുകയാണ്. ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും കരാറിലേക്ക് നീങ്ങുന്നുണ്ടാകാമെന്ന പ്രതീക്ഷയും വിപണിയിലുണ്ടെന്ന് ബിഎന്‍പി പാരിബാസിലെ കമ്മോഡിറ്റി സ്ട്രാറ്റജിസ്റ്റ് ആല്‍ഡോ സ്പാന്‍ജര്‍ നിരീക്ഷിക്കുന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷഭീഷണി വീണ്ടും ഉയരില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് നിലവിലെ വില ന്യായമാണെന്നും എന്നാല്‍ സംഘര്‍ഷം അവസാനിച്ചെന്ന് കരുതുന്ന വിഭാഗത്തില്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. വില വീണ്ടും ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍പാദന നയം തീരുമാനിക്കാന്‍ ഒപെക് പ്ലസ് യോഗം 30ന്

2027ലെ എണ്ണ ഉല്‍പാദന നയം തീരുമാനിക്കുന്നതിനായി ഒപെക് പ്ലസ് മന്ത്രിമാര്‍ നവംബര്‍ 29ന് യോഗം ചേരും. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളും ചേര്‍ന്നതാണ് ഒപെക് പ്ലസ്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള എണ്ണ-വാതക വ്യാപാരത്തില്‍ ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചതായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐ ഇ എ) അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതീകരണം, ഊര്‍ജക്ഷമത, ഇന്ധനമാറ്റം തുടങ്ങിയ നടപടികള്‍ സര്‍ക്കാരുകള്‍ വേഗത്തിലാക്കിയാല്‍ 2035ഓടെ ആഗോള എണ്ണ ആവശ്യകതയില്‍ നാലു ശതമാനത്തിലേറെ കുറവുണ്ടാകാമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ആഗോള ഓഹരി വിപണിയിലെ തളര്‍ച്ച എണ്ണവിലയെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഏഷ്യന്‍ ഓഹരി വിപണികള്‍ വെള്ളിയാഴ്ച ഇടിഞ്ഞതോടെ 2020നു ശേഷമുള്ള ഏറ്റവും മോശം ആഴ്ചയിലേക്കാണ് നീങ്ങിയത്.

എ ഐയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലെ താല്‍പര്യം കുറയുന്നതും ആഗോള വിപണിയിലെ അപകടസാധ്യതകളോടുള്ള ആശങ്കയും എണ്ണയുടെ സമീപകാല ആവശ്യകതയെക്കുറിച്ചുള്ള ഭീതിയും വിലയെ സമ്മര്‍ദത്തിലാക്കുന്നതായി സാക്സോ ബാങ്കിലെ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിതരണ തടസ്സങ്ങള്‍ക്കുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

റഷ്യന്‍ എണ്ണ ഉല്‍പാദനവും കുറഞ്ഞേക്കും

യുക്രെയ്ന്‍ റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്കും കയറ്റുമതി അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം ശക്തമാക്കിയതോടെ റഷ്യയുടെ എണ്ണ ഉല്‍പാദനം വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധരും വ്യാപാരികളും പറയുന്നു.

ഒക്ടോബര്‍ അവസാനം മുതല്‍ യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകളിലെ മൊത്തം ക്രൂഡ് ഓയില്‍ സംസ്‌കരണശേഷിയില്‍ 45 ശതമാനം കുറവുണ്ടാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി തുറമുഖങ്ങള്‍ക്ക് നേരെയും ഹൂതി ഭീഷണി

സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്തെ തുറമുഖങ്ങള്‍ക്കു സമീപം ജോലി ചെയ്യുന്നവരും താമസിക്കുന്നവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനം മുന്നറിയിപ്പ് നല്‍കി. കപ്പലുകള്‍ തുറമുഖങ്ങളില്‍ നിന്ന് മാറ്റാനും കപ്പല്‍ കമ്പനികളോട് ആവശ്യപ്പെട്ടു.

യമനിലെ ഹൊദൈദ തുറമുഖത്തിനു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിയാല്‍ ജിദ്ദ ഉള്‍പ്പെടെയുള്ള സൗദി തുറമുഖങ്ങളും ചെങ്കടല്‍ മേഖലയിലെ തുറമുഖങ്ങളും ലക്ഷ്യമിടുമെന്നാണ് ഹൂതികളുടെ ഭീഷണി. കഴിഞ്ഞ ദിവസമാണ് ഹൂതികള്‍ റിയാദിലേക്ക് മിസൈലുകള്‍ തൊടുത്തത്.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് എണ്ണക്കപ്പലുകള്‍ നാവിക മൈനുകളില്‍ തട്ടി തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് നാവികസേന അറിയിച്ചു. ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് പ്രസ്താവന പുറത്തുവിട്ടത്.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്കു നേരെ ഇറാന്റെ ആക്രമണം പതിവാകുന്നത് വിപണിയില്‍ ഭൗമരാഷ്ട്രീയ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി യുണൈറ്റഡ് ഓവര്‍സീസ് ബാങ്ക് (യു ഒ ബി) ഗ്രൂപ്പിലെ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Get more updates from Pudukad News on Google