Skip to content
November 23, 2026
⌕

ഇന്ത്യയ്ക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു ട്രില്യൺ ഡോളർ ആന്ത്രോപിക് ഇല്ല? ഗവേഷണ-വികസന രംഗത്തെ പിന്നാക്കാവസ്ഥയിലും നയങ്ങളിലും ചൂടുപിടിച്ച സംവാദം. ഉദയ് കൊട്ടക്കിന്റെ കുറിപ്പിന് പിന്നാലെ മോഹൻദാസ് പൈ, സുർജിത് ഭല്ല, അദാനി ഗ്രൂപ്പ് സിഎഫ്ഒ എന്നിവരുടെ നിർണ്ണായക പ്രതികരണങ്ങൾ; ഐസ്ക്രീമിലും കോസ്മെറ്റിക്സിലും തങ്ങിനിൽക്കുന്ന സ്റ്റാർട്ടപ്പ് സംസ്കാരവും കോർപ്പറേറ്റ് ലാഭങ്ങളും ചർച്ചയാകുന്നു

November 23, 2026
Share this post to

മുംബൈ: ചാറ്റ്‌ബോട്ടായ ക്ലോഡിലൂടെ ശ്രദ്ധേയമായ അമേരിക്കന്‍ നിര്‍മ്മിത ബുദ്ധി കമ്പനിയായ ആന്ത്രോപിക് നാസ്ഡാക്ക് ലിസ്റ്റിംഗിലൂടെ ലോകത്തെ ഏറ്റവും മൂല്യമേറിയ പൊതുവിപണി ടെക്‌നോളജി കമ്പനികളിലൊന്നായി മാറിയതോടെ, ഇന്ത്യയ്ക്ക് എന്തുകൊണ്ട് സ്വന്തമായി അത്തരമൊരു കമ്പനിയില്ലെന്ന ചോദ്യം ശക്തമാകുന്നു.


ഇന്ത്യന്‍ കമ്പനികള്‍ക്ക് അര്‍ഹമായ മൂല്യം ലഭിക്കാത്തതാണോ പ്രശ്‌നം? വലിയ പണമൊഴുക്കും ലാഭവും കൈവശമുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ഗവേഷണ-വികസന രംഗത്ത് പിന്നാക്കം പോകുകയാണോ? 


കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കൊട്ടക് എക്‌സില്‍ പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ ടി.വി. മോഹന്‍ദാസ് പൈ, സാമ്പത്തിക വിദഗ്ധന്‍ സുര്‍ജിത് ഭല്ല, അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷീന്ദര്‍ റോബി സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വ്യാഴാഴ്ച (നവംബര്‍ 19) ‘ANT’ എന്ന ടിക്കറിലാണ് ആന്ത്രോപിക് നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തത്.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഒയിലൂടെ സമാഹരിച്ച 75 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് മറികടന്ന് ഏകദേശം 81.3 ബില്യണ്‍ ഡോളറാണ് ആന്ത്രോപിക് സമാഹരിച്ചത്. ഓഹരിയൊന്നിന് 83 ഡോളര്‍ നിരക്കില്‍ നിശ്ചയിച്ച ഓഹരികള്‍ 111.50 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. 


ആദ്യ വ്യാപാര ദിനത്തിന്റെ അവസാനം 97.17 ഡോളറില്‍ ക്ലോസ് ചെയ്തതോടെ, സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആന്ത്രോപിക്കിന്റെ വിപണി മൂല്യം ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. അതിവേഗത്തിലുള്ള വരുമാന വളര്‍ച്ചയും, കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ക്ലോഡിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവും, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാരുമായുള്ള പങ്കാളിത്തവും നിര്‍മ്മിത ബുദ്ധിയുടെ വാണിജ്യ സാധ്യതകളില്‍ നിക്ഷേപകര്‍ അര്‍പ്പിച്ച പ്രതീക്ഷകളുമാണ് ഈ വന്‍ മൂല്യത്തിന് പിന്നില്‍.


ഇതേ ദിവസമായ നവംബര്‍ 19-ന് തന്നെയാണ് കോര്‍പ്പറേറ്റ് നികുതി ഇളവുകളുടെ ലാഭം കൈക്കലാക്കുകയും ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ വേതനം കൂട്ടാനോ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വ്യവസായ ലോകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചത്. 

ഉല്‍പ്പന്നങ്ങളുടെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയും അദ്ദേഹം വ്യവസായികളെ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിമര്‍ശനവും ആന്ത്രോപിക്കിന്റെ ലിസ്റ്റിംഗും ഒരുപോലെ ഉയര്‍ത്തുന്ന ചോദ്യം ഇതാണ്: വിശാലമായ ആഭ്യന്തര വിപണിയും മികച്ച ലാഭവും തുടര്‍ച്ചയായ നികുതി ഇളവുകളും ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ കൂടുതല്‍ ഭാഗം ഡീപ്-ടെക് ഗവേഷണത്തിനും വികസനത്തിനും ചെലവഴിക്കാത്തത്?

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ആന്ത്രോപിക് ഇല്ലാത്തത് വ്യവസായ ലോകത്തിന്റെ മാത്രം വീഴ്ചയാണോ, സര്‍ക്കാരിന് എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയുമോ?


നവംബര്‍ 19-ന് ഉദയ് കൊട്ടക് എക്‌സില്‍ കുറിച്ച വാക്കുകളാണ് ഈ സംവാദത്തിന് തിരികൊളുത്തിയത്. ഏകദേശം അഞ്ച് വര്‍ഷം മുന്‍പ് വരെ നിലവിലില്ലാതിരുന്ന ക്ലോഡ് നിര്‍മ്മാതാക്കളായ ആന്ത്രോപിക് 1.5 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും, ഇത് ഇന്ത്യയിലെ മികച്ച 10 കമ്പനികളുടെ മൊത്തം വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


നമ്മുടെ കമ്പനികള്‍ക്ക് അര്‍ഹമായ മൂല്യം ലഭിക്കാത്തതാണോ അതോ പുതിയ ലോകത്തിനൊപ്പം എത്താന്‍ നാം ഇനിയും ശ്രമിക്കേണ്ടതുണ്ടോ, അതോ രണ്ടും കൂടിയാണോ പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു.

കൊട്ടക്കിന്റെ പോസ്റ്റിന് പിന്നാലെ ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള ടെക്‌നോളജി കമ്പനികള്‍ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ചും, പരമ്പരാഗത ഇന്ത്യന്‍ ബിസിനസുകളെ നിര്‍മ്മിത ബുദ്ധി കമ്പനികളുമായി താരതമ്യം ചെയ്യുന്നതിലെ ഔചിത്യത്തെക്കുറിച്ചും വിദഗ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒയും ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാനുമായ ടി.വി. മോഹന്‍ദാസ് പൈ കൊട്ടക്കിന്റെ താരതമ്യത്തെ ‘മോശം ഉദാഹരണം’ എന്ന് വിശേഷിപ്പിച്ചു. 


ഓരോ സാങ്കേതിക മുന്നേറ്റവും വലിയ മൂല്യമുള്ള പുതിയ കമ്പനികളെ സൃഷ്ടിക്കുമെന്നും വിപണിയുടെ സ്വഭാവമാണതെന്നും, ഇത്തരം താരതമ്യങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയില്‍ ആന്ത്രോപിക്കിന് സമാനമായ ഒരു കമ്പനി വളര്‍ന്നുവരാനുള്ള സാഹചര്യമൊരുക്കാന്‍ ഉദയ് കൊട്ടക് എന്ത് ചെയ്യുന്നുവെന്നും, നവീകരണത്തിനും ഡീപ്-ടെക് മേഖലയ്ക്കും വേണ്ടത്ര മൂലധനം ലഭിക്കാത്തതെന്തുകൊണ്ടെന്നും അദ്ദേഹം തിരിച്ചുചോദിച്ചു.


ദീര്‍ഘവീക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് ഇന്ത്യയില്‍ അത്തരമൊരു കമ്പനി ഇല്ലാത്തതിന് കാരണമെന്ന് സെബി രജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റായ വിഭോര്‍ വര്‍ഷ്ണി കുറ്റപ്പെടുത്തി. ലോകം നിര്‍മ്മിത ബുദ്ധി, നൂതന കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകള്‍, ഡീപ് ടെക് എന്നിവയിലേക്ക് കുതിക്കുമ്പോള്‍, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചകള്‍ ഇപ്പോഴും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഐസ്‌ക്രീമുകളിലും ഉപഭോക്തൃ ബ്രാന്‍ഡുകളിലുമാണ് തങ്ങിനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

2015-ല്‍ തന്നെ ഇന്‍ഫോസിസില്‍ എഐ, ഓട്ടോമേഷന്‍, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രമിച്ച വിശാല്‍ സിക്കയുടെ കാഴ്ചപ്പാടിന് വേണ്ടത്ര വില നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മികച്ച 10 കമ്പനികളുമായുള്ള താരതമ്യം ‘ആപ്പിളും ഓറഞ്ചും’ താരതമ്യം ചെയ്യുന്നത് പോലെയാണെന്നും, അസറ്റ് പ്രൈസിംഗിലെ അടിസ്ഥാന വിഭാഗം പിഴവാണ് ഇതെന്നും അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷീന്ദര്‍ റോബി സിംഗ് പ്രതികരിച്ചു. 


ബാങ്കിംഗ്, ഊര്‍ജ്ജം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പരമ്പരാഗത ബിസിനസുകളുടെ മൂല്യം നിശ്ചയിക്കുന്നത് മനുഷ്യര്‍ അധ്വാനിക്കുന്ന സമ്പദ്വ്യവസ്ഥയിലെ പണമൊഴുക്കിനെ അടിസ്ഥാനമാക്കിയാണെങ്കില്‍, പുതിയൊരു ഡിജിറ്റല്‍ തൊഴില്‍സേനയെ സൃഷ്ടിക്കാനുള്ള ശേഷിയാണ് നിര്‍മ്മിത ബുദ്ധി കമ്പനികളുടെ മൂല്യത്തെ നിശ്ചയിക്കുന്നത്. 


ആന്ത്രോപിക്കിനെ ‘സിന്തറ്റിക് ജിഡിപിയിലെ കോള്‍ ഓപ്ഷന്‍’ എന്ന് വിശേഷിപ്പിച്ച സിംഗ്, എഐ അധിഷ്ഠിത സാമ്പത്തിക ഉല്‍പ്പാദനം ജനസംഖ്യാ വളര്‍ച്ചയില്‍ നിന്ന് സ്വതന്ത്രമായി വളര്‍ന്നേക്കാമെന്ന് അഭിപ്രായപ്പെട്ടു. 

2000-ലെ ഡോട്ട്‌കോം തകര്‍ച്ച ഇന്റര്‍നെറ്റിന്റെ ദീര്‍ഘകാല സാമ്പത്തിക മാറ്റങ്ങളെ ഇല്ലാതാക്കിയില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയ അദ്ദേഹം, അദാനി ഗ്രൂപ്പ് മനുഷ്യ തൊഴിലാളികളെയും എഐ ഏജന്റുമാരെയും റോബോട്ടുകളെയും സംയോജിപ്പിക്കുന്ന ‘കോബോട്ടിക് വര്‍ക്ക്‌ഫോഴ്‌സ് മോഡലാണ്’ പിന്തുടരുന്നതെന്നും വ്യക്തമാക്കി.

ഊര്‍ജ്ജം, കമ്പ്യൂട്ടിംഗ്, എഐ ഡാറ്റാ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന ‘ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍’ 100 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനുള്ള പദ്ധതിയും അദ്ദേഹം എടുത്തുപറഞ്ഞു.

മോഹന്‍ദാസ് പൈക്ക് മറുപടി നല്‍കവേ സാമ്പത്തിക വിദഗ്ധന്‍ സുര്‍ജിത് ഭല്ല ചര്‍ച്ചയെ എഐയിലും അപ്പുറത്തേക്ക് കൊണ്ടുപോയി ഇന്ത്യയുടെ വിശാലമായ സാമ്പത്തിക-വ്യാപാര നയങ്ങളെ ചോദ്യം ചെയ്തു. സര്‍ക്കാരിന് തുച്ഛമായ വരുമാനത്തിന് വേണ്ടി അമേരിക്കയുമായി ഒരു വ്യാപാര കരാര്‍ പോലും ശരിയാക്കാന്‍ കഴിയാത്തതും ബ്രിട്ടനുമായുള്ള കരാര്‍ പ്രതിസന്ധിയിലാകുന്നതും എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. എഐയിലേക്ക് കടക്കുന്നതിന് മുന്‍പ് അടിസ്ഥാന കാര്യങ്ങള്‍ ശരിയാക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.


ഇന്ത്യയിലെ മികച്ച 10 കോര്‍പ്പറേറ്റുകളുടെ ഗവേഷണ-വികസന ചെലവ് ഏതാണ്ട് പൂജ്യമാണെന്ന് ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും നിക്ഷേപകനുമായ കാള്‍ മേത്ത ചൂണ്ടിക്കാട്ടി. ചെയര്‍മാനില്‍ നിന്ന് പ്രശസ്തി നേടാന്‍ സ്വന്തം പേര് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവിടെയുള്ള എക്‌സിക്യൂട്ടീവുകള്‍ നവീകരണങ്ങളെ തടയുകയാണെന്നും, ആദ്യം സംസ്‌കാരവും രണ്ടാമത് ഗവേഷണ-വികസന നിക്ഷേപങ്ങളും ശരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.


നിര്‍മ്മിത ബുദ്ധി പോലുള്ള തെളിയിക്കപ്പെടാത്ത സാങ്കേതികവിദ്യകളില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത് അപകടസാധ്യതയുള്ളതും കോടികള്‍ നഷ്ടമുണ്ടാക്കുന്നതുമാണ്.

എങ്കിലും ഇന്ത്യന്‍ വ്യവസായ ലോകത്ത് മൂലധനത്തിന് കുറവില്ല. റിസര്‍വ് ബാങ്കിന്റെ 2026 മാര്‍ച്ചിലെ വിലയിരുത്തല്‍ പ്രകാരം, 7,992 സര്‍ക്കാരിതര, ധനകാര്യേതര പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ നികുതിക്ക് ശേഷമുള്ള ലാഭം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23.1 ശതമാനം വര്‍ദ്ധിച്ചു. മൊത്തത്തിലുള്ള കോര്‍പ്പറേറ്റ് ലാഭം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 2.5 ട്രില്യണ്‍ രൂപയില്‍ നിന്ന് 2024-25-ല്‍ 7.1 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു.

മൂലധനം കൂടുതല്‍ ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. 2025 ഏപ്രിലില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള നിക്ഷേപങ്ങളുടെ സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നു.


ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈനയുടെ മാതൃക പിന്തുടരാന്‍ സംരംഭകരോട് ആവശ്യപ്പെട്ട അദ്ദേഹം, ഐസ്‌ക്രീമും കുക്കികളും ഉണ്ടാക്കുകയാണോ ഇന്ത്യയുടെ വിധിയെന്ന് ചോദിച്ചിരുന്നു. ഡെലിവറി അധിഷ്ഠിത മാതൃകകളിലൂടെ തൊഴിലില്ലാത്ത യുവാക്കളെ കുറഞ്ഞ കൂലിക്കുള്ള തൊഴിലാളികളാക്കി മാറ്റുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.


കമ്പനികള്‍ ഗവേഷണത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നുണ്ടെങ്കിലും, നൂതന ആശയങ്ങളെ വാണിജ്യപരമായി വിജയിക്കുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പ്രയാസമാണെന്നാണ് വ്യവസായ ലോകത്തിന്റെ പക്ഷം. 2026 മാര്‍ച്ചില്‍ നടന്ന മിന്റ് ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഉച്ചകോടിയില്‍ ബോറോസില്‍ റിന്യൂവബിള്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ ഖേരുക ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

Get more updates from Pudukad News on Google