ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ ചരക്കുകപ്പലിൽ 100 മിസൈലുകൾ നിർമ്മിക്കാനുള്ള രാസവസ്തുവും ലക്ഷക്കണക്കിന് സിം കാർഡുകളും ഇന്തോനേഷ്യൻ നാവികസേന കപ്പൽ പിടികൂടി. റഡാറിൽ സംശയാസ്പദ നീക്കങ്ങളും രേഖകളിലെ വൈരുദ്ധ്യങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശോധന; ചരക്കിന്റെ ലക്ഷ്യത്തെയും ബംഗ്ലാദേശിലെ സ്വീകർത്താവിനെയും കുറിച്ച് ദുരൂഹതയും അന്വേഷണവും

ബെലവാന്‍: ചൈനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലില്‍ നിന്ന് റോക്കറ്റ്, മിസൈല്‍ പ്രൊപ്പല്ലന്റുകളില്‍ ഉപയോഗിക്കുന്ന ശക്തമായ ഓക്‌സിഡൈസിംഗ് രാസവസ്തുവായ 405 ടണ്‍ സോഡിയം പെര്‍ക്ലോറേറ്റും ദശലക്ഷക്കണക്കിന് രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകളും ഇന്തോനേഷ്യന്‍ നാവികസേന പിടികൂടി.
പിടിച്ചെടുത്ത രാസവസ്തു ഉപയോഗിച്ച് 100-ഓളം മിസൈലുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ഇന്തോനേഷ്യന്‍ നാവികസേന കമാന്‍ഡര്‍ വ്യക്തമാക്കിയതോടെ, ചരക്കിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ചും ബംഗ്ലാദേശില്‍ ഇത് ആര്‍ക്കാണ് കൈമാറേണ്ടിയിരുന്നതെന്നതിനെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
നവംബര്‍ 23 തിങ്കളാഴ്ച ധാക്ക ആസ്ഥാനമായുള്ള ‘ദി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ (ടിബിഎസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ചൈനയിലെ ലിയാന്യുങ്കാങ് തുറമുഖത്ത് നിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കൊമോറോസ് പതാകയുള്ള ‘എംവി സ്റ്റാര്‍ ലൈന്‍സ്’എന്ന കപ്പലാണ് നവംബര്‍ ഏഴിന് വടക്കന്‍ സുമാത്രയിലെ ബെലവാനോട് ചേര്‍ന്നുള്ള ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് പിടികൂടിയത്.
ബെലവാനിലെ നേവല്‍ റീജിയണല്‍ കമാന്‍ഡ് ഒന്നില്‍ നവംബര്‍ 20-ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്തോനേഷ്യന്‍ നാവികസേന പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. കപ്പല്‍ നവംബര്‍ എട്ടിന് മോംഗ്ല തുറമുഖത്ത് എത്തേണ്ടതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ബെലവാന്‍ സമുദ്രമേഖലയില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയ കപ്പലിന്റെ അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാവികസേനയ്ക്ക് സംശയം തോന്നിയതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമരഹിതമായ സഞ്ചാരരീതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ‘കെആര്‍ഐ സിഗാലു-857’ എന്ന പട്രോളിംഗ് കപ്പല്‍ ഇത് തടയുകയായിരുന്നു.
റേഡിയോ സന്ദേശങ്ങളോട് കപ്പല്‍ പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. കപ്പലിന്റെ റഡാറില്‍ സംശയാസ്പദമായ നീക്കങ്ങള്‍ പതിഞ്ഞതായും, യാത്രയ്ക്കിടെ കപ്പല്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഓഫ് ചെയ്തിരിക്കാമെന്ന ആരോപണം അന്വേഷിച്ചുവരികയാണെന്നും ഇന്തോനേഷ്യന്‍ മാധ്യമമായ എസ്‌ഐബി ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
കപ്പലിലെ 36 കണ്ടെയ്‌നറുകളില്‍ നടത്തിയ പരിശോധനയിലാണ് 15 എണ്ണത്തില്‍ 405 ടണ്‍ സോഡിയം പെര്‍ക്ലോറേറ്റ് കണ്ടെത്തിയത്. കൂടാതെ, രജിസ്റ്റര്‍ ചെയ്യാത്ത ലക്ഷക്കണക്കിന് പുതിയ 4ജി എല്‍ടിഇ സിം കാര്‍ഡുകള്‍ അടങ്ങിയ 54 പാലറ്റുകളും അധികൃതര്‍ പിടിച്ചെടുത്തു. വ്യാവസായിക ആവശ്യങ്ങള്‍ക്കും റോക്കറ്റ്, മിസൈല്‍ പ്രൊപ്പല്ലന്റുകളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ശക്തമായ ഓക്‌സിഡൈസിംഗ് ഏജന്റാണ് സോഡിയം പെര്‍ക്ലോറേറ്റ്.
ഇത് സ്വയം ഒരു സ്‌ഫോടകവസ്തുവോ ഇന്ധനമോ അല്ലെങ്കിലും ജ്വലനത്തെ സഹായിക്കുന്നതാണ്. ഇതൊരു തന്ത്രപ്രധാന രാസവസ്തുവാണെന്നും പിടിച്ചെടുത്ത അളവ് ഉപയോഗിച്ച് ഏകദേശം 100 മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും ഇന്തോനേഷ്യന്‍ നാവികസേന നേവല്‍ റീജിയണല്‍ കമാന്‍ഡര്‍ ഒന്ന് കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഡെനി സെപ്റ്റിയന്‍ പറഞ്ഞതായി ടിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
വെടിക്കോപ്പുകളും ചെറിയ ആയുധങ്ങളും നിര്‍മ്മിക്കുന്ന ആഭ്യന്തര പ്രതിരോധ വ്യവസായം ബംഗ്ലാദേശിനുണ്ടെങ്കിലും, സോഡിയം പെര്‍ക്ലോറേറ്റ് ഉപയോഗിക്കുന്ന റോക്കറ്റുകളും മിസൈലുകളും നിര്‍മ്മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബംഗ്ലാദേശിനില്ല.
ഇതാണ് ഇത്തരമൊരു ചരക്ക് എന്തിനാണ് ബംഗ്ലാദേശിലേക്ക് അയച്ചതെന്ന സംശയത്തിന് ഇടയാക്കുന്നത്. കപ്പലിന്റെ രജിസ്‌ട്രേഷന്‍, ഷിപ്പിംഗ് രേഖകള്‍ എന്നിവയിലും ഇന്തോനേഷ്യന്‍ അധികൃതര്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
2027 ഒക്ടോബര്‍ വരെ കപ്പലിന്റെ രജിസ്‌ട്രേഷന്‍ കാലാവധി ഉണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ടെങ്കിലും, അതിന്റെ രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് സസ്‌പെന്‍ഡ് ചെയ്ത നിലയിലാണെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കപ്പലിന്റെ രജിസ്‌ട്രേഷന്‍ രേഖകളുടെ കാലാവധി 2026 ഒക്ടോബര്‍ എട്ടിന് അവസാനിച്ചതായും വാലിഡേഷന്‍ സ്റ്റാറ്റസ് സസ്‌പെന്‍ഡ് ചെയ്ത നിലയിലാണെന്നുമാണ് എസ്‌ഐബി ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കപ്പലിലെ ജീവനക്കാരെയും ചരക്ക് രേഖകളെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെയും കുറിച്ച് ഇന്തോനേഷ്യന്‍ നാവികസേന അന്വേഷണം നടത്തിവരികയാണ്. ഷിപ്പിംഗ് കമ്പനി, ചരക്ക് ഉടമകള്‍, രാസവസ്തുക്കള്‍ കൈപ്പറ്റേണ്ടിയിരുന്നവര്‍ എന്നിവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബംഗ്ലാദേശിലെ ഇറക്കുമതിക്കാരന്റെ വിവരങ്ങളും ഉടന്‍ വ്യക്തമായിട്ടില്ലെന്നും, കപ്പലിലെ ചരക്കുകളുടെയും ഇറക്കുമതിക്കാരന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇമ്പോര്‍ട്ട് ജനറല്‍ മാനിഫെസ്റ്റ് പരിശോധിക്കുന്നതിലൂടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയുമെന്നും ടിബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.




