Skip to content
November 24, 2026
⌕

ടെക്സസിൽ പൊലീസിന് നേരെ തോക്കുമായെത്തിയ മൂന്ന് പേർക്ക് വെടിയേറ്റു; 18-കാരൻ അറസ്റ്റിൽ

November 24, 2026
Share this post to

ഗാർലൻഡ് ∙ ഫെഡറൽ വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ തോക്കുമായി എത്തിയ മൂന്ന് പേർക്ക് വെടിയേറ്റു. ടെക്സസിലെ ഗാർലൻഡിൽ റോസ്ഹിൽ റോഡിലെ 4200 ബ്ലോക്കിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൈകിട്ട് 5.40ഓടെയായിരുന്നു സംഭവം. പരുക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഡാലസ് പൊലീസിന് നേരെയുണ്ടായ വെടിവയ്പ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 18 വയസ്സുകാരൻ ദവാൻ ആന്റണി ടെയ്‌ലറെ അറസ്റ്റ് ചെയ്യുന്നതിനായാണ് യുഎസ് മാർഷൽസ് ടാസ്ക് ഫോഴ്സും ഗാർലൻഡ് പൊലീസും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റിന് സമീപമെത്തിയപ്പോൾ മൂന്ന് പേർ തോക്കുകളുമായി പൊലീസിന് നേരെ ഓടിയെത്തിയതായും, തുടർന്ന് പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്നും ഗാർലൻഡ് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടില്ല. പ്രധാന പ്രതിയായ ദവാൻ ആന്റണി ടെയ്‌ലറെ പരുക്കുകളില്ലാതെ അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് പേരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നടപടിക്രമങ്ങളുടെ ഭാഗമായി വെടിവയ്പ്പിൽ ഉൾപ്പെട്ട ഗാർലൻഡ് പൊലീസ് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു. ഡാലസ് കൗണ്ടി പബ്ലിക് ഇന്റഗ്രിറ്റി യൂണിറ്റിന്റെ സഹകരണത്തോടെ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google