റാസൽഖൈമ ബസ് അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ; സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ് : മരണസംഖ്യ 13 ആയി ഉയർന്നു, നിരവധിപേർ പേർ ചികിത്സയിൽ | Ras Al Khaimah bus accident

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു (Ras Al Khaimah bus accident). ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ അപകടത്തിലെ മരണസംഖ്യ 13 ആയി ഉയർന്നു. 14 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 41 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.
സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.
ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യൻ കോൺസുലേറ്റ്, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അറിയിച്ചു.
24 മണിക്കൂർ ഹെൽപ്ലൈൻ സജ്ജം
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.
അപകടകാരണം അന്വേഷിക്കുന്നു
റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ ആദ്യം 11 പേർ മരിച്ചതായാണ് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായവും ലഭ്യമാക്കിയിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായശേഷം അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഫുജൈറ അപകടത്തിന് പിന്നാലെ മറ്റൊരു ദുരന്തം
14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ ട്രക്ക് അപകടത്തിന്റെ നടുക്കം മാറുംമുമ്പാണ് യുഎഇയിൽ വീണ്ടും വലിയ അപകടം റിപ്പോർട്ട് ചെയ്യുന്നത്. 12 ദിവസം മുമ്പ് ട്രക്ക് ഇടിച്ചുണ്ടായ ഫുജൈറ അപകടത്തിൽ 18 വാഹനങ്ങൾ തകരുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Story Summary:
The death toll in a bus accident in Ras Al Khaimah, UAE, has risen to 13 after two more injured passengers died in hospital. The Indian Consulate in Dubai confirmed that Indians were among the victims. Fourteen people remain under treatment, while 41 people were on the bus. A truck reportedly crashed into the bus after it had stopped by the roadside due to a mechanical problem. The Consulate has activated a 24-hour toll-free helpline at 800 46342.




