Skip to content
November 25, 2026
⌕

നായ്ക്കൂട്ടം ആക്രമിച്ചു: ജോർജിയയിൽ മുൻ സൈനികയ്ക്ക് ദാരുണാന്ത്യം

November 25, 2026
Share this post to

വാഷിങ്ടൻ: അമേരിക്കയിലെ ജോർജിയയിൽ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തുവച്ച് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ മുൻ സൈനിക ദാരുണമായി കൊല്ലപ്പെട്ടു. ആലിസൺ ലിൻ ആൻഡേഴ്സൺ (36) ആണ് മരിച്ചത്. ഈ മാസം 16ന് കാർട്ടേഴ്സ്‌വില്ലെയിലെ ഒരു പറമ്പിൽ അബോധാവസ്ഥയിലാണ് ആലിസണെ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലാണ് പരുക്ക് പരിശോധിച്ചപ്പോഴാണ് നായ്ക്കളുടെ കടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

മൂന്ന് കുട്ടികളുടെ അമ്മയായ ആലിസൺ, തന്റെ മൂത്ത മകൾ മൈലി ഗാർണർ ഗർഭിണിയാണെന്ന വിവരം അറിയുന്നതിന് മുൻപേയാണ് മരിച്ചത്. താൻ ആദ്യമായി ഒരു മുത്തശ്ശിയാകാൻ പോകുന്നു എന്ന വിവരം അമ്മ അറിഞ്ഞിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നുവെന്നും 20 വയസ്സുകാരിയായ മകൾ മൈലി വേദനയോടെ പ്രതികരിച്ചു. നായ്ക്കളെ നിയന്ത്രിക്കാതെ അലക്ഷ്യമായി വിട്ട ഉടമകൾക്കെതിരെ കർശന നടപടി വേണമെന്നും അമ്മയ്ക്ക് നീതി ലഭിക്കണമെന്നും മകൾ ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ട നിരവധി നായ്ക്കളെ ബാർട്ടോ കൗണ്ടി അനിമൽ കൺട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2007ൽ യുഎസ് സൈന്യത്തിൽ ചേർന്ന ആലിസൺ, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്നുവെന്ന് ബന്ധുക്കളും അയൽവാസികളും അനുസ്മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Get more updates from Pudukad News on Google