Skip to content
November 25, 2026
⌕

നഖങ്ങൾക്ക് മൂർച്ച കൂട്ടി തേജസ് എംകെ1എ; 2027 മാർച്ചിൽ ആദ്യ സ്ക്വാഡ്രൺ എത്തുമ്പോൾ വ്യോമസേനയുടെ കരുത്ത് കുതിച്ചുയരും. എയ്‌സ റഡാറും ഇലക്ട്രോണിക് വാർഫെയർ ജാമറും കരുത്താകും; എഞ്ചിൻ കാലതാമസത്തിന് പിന്നാലെ 180 വിമാനങ്ങളുടെ കരാറുമായി വൻ മുന്നേറ്റം

November 25, 2026
Share this post to

ഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2027 മാര്‍ച്ചോടെ തേജസ് എംകെ1എ പോര്‍വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാനിരിക്കെ, തദ്ദേശീയമായി വികസിപ്പിച്ച ഈ നവീകരിച്ച പോര്‍വിമാനം സേനയ്ക്ക് നല്‍കുന്ന പുത്തന്‍ കരുത്ത് പ്രതിരോധ മേഖലയില്‍ വലിയ ശ്രദ്ധ നേടുകയാണ്. 

അമേരിക്കന്‍ നിര്‍മ്മിത ജിഇ എയ്റോസ്പേസ് എഫ്404 എഞ്ചിനുകളുടെ വിതരണത്തിലുണ്ടായ കാലതാമസം കാരണം 2024 മാര്‍ച്ചില്‍ തുടങ്ങേണ്ടിയിരുന്ന കൈമാറ്റം 2027-ലേക്ക് നീണ്ടുപോയെങ്കിലും, മുന്‍ഗാമിയായ തേജസ് എംകെ1-നേക്കാള്‍ എത്രയോ മടങ്ങ് പ്രഹരശേഷിയുള്ള സംവിധാനങ്ങളുമായാണ് എംകെ1എ എത്തുന്നത്. 

നിലവിലെ എംകെ1 വിമാനങ്ങളില്‍ ഉണ്ടായിരുന്ന ദൃശ്യപരിധിക്കപ്പുറത്തുള്ള ലക്ഷ്യങ്ങളെ തകര്‍ക്കുന്ന മിസൈല്‍ ശേഷിയും, ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന സംവിധാനവും നിലനിര്‍ത്തുന്നതിനൊപ്പം, ശത്രുവിനെ നേരത്തെ തിരിച്ചറിയാനും യുദ്ധഭൂമിയിലെ വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാനും ശത്രു റഡാറുകളെ കബളിപ്പിക്കാനും കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യകളാണ് എംകെ1എ-യില്‍ സജ്ജീകരിച്ചിരിക്കുന്നത്. 


ഇതില്‍ ഏറ്റവും പ്രധാനം പഴയ മെക്കാനിക്കല്‍ റഡാറിന് പകരമെത്തുന്ന ‘ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ’ റഡാറാണ്. ആന്റിന ചലിപ്പിക്കാതെ തന്നെ നൂറുകണക്കിന് ചെറിയ ഇലക്ട്രോണിക് മൊഡ്യൂളുകള്‍ ഉപയോഗിച്ച് ആകാശത്തിന്റെ വിവിധ ഭാഗങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനും ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം പിന്തുടരാനും ഈ റഡാര്‍ പൈലറ്റിനെ സഹായിക്കുന്നു.


ശത്രുക്കളുടെ റഡാര്‍-മിസൈല്‍ ഭീഷണികളില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനമാണ് എംകെ1എ-യുടെ മറ്റൊരു പ്രധാന സവിശേഷത.

ശത്രു റഡാറുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന റഡാര്‍ വാണിംഗ് റിസീവറും, ഇലക്ട്രോണിക് സിഗ്‌നലുകള്‍ അയച്ച് ശത്രു റഡാറുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന അഡ്വാന്‍സ്ഡ് സെല്‍ഫ്-പ്രൊട്ടക്ഷന്‍ ജാമറും ഇതില്‍ ഉള്‍പ്പെടുന്നു. 


കൂടാതെ, വിമാനത്തിന്റെ നിയന്ത്രണവും സ്ഥിരതയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഡിജിറ്റല്‍ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടറും, പൈലറ്റിന് എല്ലാ വിവരങ്ങളും ഒരൊറ്റ ഡിജിറ്റല്‍ സ്‌ക്രീനില്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട് മള്‍ട്ടി-ഫംഗ്ഷന്‍ ഡിസ്‌പ്ലേകളും നവീകരിച്ച മിഷന്‍ കമ്പ്യൂട്ടറും കോക്ക്പിറ്റിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു. 

ഡിജിറ്റല്‍ മാപ്പ് ജനറേറ്റര്‍, താഴ്ന്നു പറക്കുമ്പോള്‍ ഉയരം കൃത്യമായി അളക്കുന്ന അഡ്വാന്‍സ്ഡ് റേഡിയോ ആള്‍ട്ടിമീറ്റര്‍, മിത്രവിമാനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം എന്നിവയും എച്ച്എഎല്‍ നിര്‍മ്മിക്കുന്ന ഈ വിമാനത്തിലുണ്ട്.

വ്യോമസേന നേരിടുന്ന പോര്‍വിമാന സ്‌ക്വാഡ്രണുകളുടെ കുറവ് പരിഹരിക്കുന്നതിനായി 2021 ഫെബ്രുവരിയില്‍ 83 വിമാനങ്ങള്‍ക്കും 2025 സെപ്റ്റംബറില്‍ 97 വിമാനങ്ങള്‍ക്കുമായി ആകെ 180 തേജസ് എംകെ1എ വിമാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്.

 

Get more updates from Pudukad News on Google