കള്ളക്കുറിച്ചി കളക്ടർക്ക് പിന്തുണയുമായി തമിഴ്നാട് ഐഎഎസ് ഉദ്യോഗസ്ഥ; ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരായ പരാതിയിൽ ധീരമായ നിലപാടിനെ പ്രശംസിച്ച് രംഗത്ത്. മറ്റൊരു ജില്ലയിലേക്ക് മാറാനുള്ള നിർദ്ദേശം നിരസിച്ച് കള്ളക്കുറിച്ചിയിൽ തന്നെ തുടരാൻ കളക്ടർ ജെ.ഇ. പത്മജ കാണിച്ച മനക്കരുത്തിനെ ‘അതിശക്തമായ ധീരത’യെന്ന് വിശേഷണം; സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾ ഉദ്യോഗസ്ഥയെ മാനസികാഘാതത്തിലാക്കിയെന്ന് വെളിപ്പെടുത്തൽ

ചെന്നൈ: തമിഴക വെട്രി കഴകം എംഎല്‍എ അരുള്‍ വിഘ്‌നേഷ് മോശമായി പെരുമാറുകയും അനുചിതമായ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പൊലീസ് പരാതി നല്‍കിയ കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ജെ.ഇ. പത്മജയ്ക്ക് പിന്തുണയുമായി തമിഴ്നാട് ഐഎഎസ് ഉദ്യോഗസ്ഥ കവിതാ റാമു.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കളക്ടര്‍ക്കും ഭര്‍ത്താവിനും കടുത്ത മാനസികാഘാതമുണ്ടായെന്ന് അവര്‍ വ്യക്തമാക്കി.
ഏകദേശം മൂന്ന് മാസം മുന്‍പ് നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചപ്പോഴാണ് ഉദ്യോഗസ്ഥയും കുടുംബവും വലിയ പ്രയാസം നേരിട്ടതെന്നും, രേഖാമൂലം പരാതി നല്‍കിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും കവിതാ റാമു പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ 11-ന് കളക്ടറുമായി സംസാരിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നതായും, വിഷയം ഉയര്‍ന്ന തലത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാര നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നതായും കവിതാ റാമു വെളിപ്പെടുത്തി.
മറ്റൊരു ജില്ലയിലേക്ക് മാറുന്നത് പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കള്ളക്കുറിച്ചിയില്‍ തന്നെ തുടരാന്‍ കളക്ടര്‍ എടുത്ത തീരുമാനത്തെ ‘അതിശക്തമായ ധീരത’എന്നാണ് കവിതാ റാമു വിശേഷിപ്പിച്ചത്.
പരാതി നല്‍കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പിന്തുണ നല്‍കിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ കളക്ടര്‍ അതിന് മടിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകര്‍ എന്തുകൊണ്ട് വിഷയം നേരത്തെ ഏറ്റെടുത്തില്ലെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി, പരാതിക്കാരിയുടെ സമ്മതവും സന്നദ്ധതയും ഇല്ലാതെ ഇടപെടുന്നത് ശരിയല്ലെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചതെന്നും, അവരുടെ അന്തസ്സും താല്‍പ്പര്യങ്ങളുമാണ് ഏറ്റവും വലുതെന്നും കവിതാ റാമു വ്യക്തമാക്കി.




