വെളുക്കാൻ തേയ്ക്കുന്ന ക്രീമുകളേക്കാൾ അപകടകരം ക്യാൻസറുണ്ടാക്കുന്ന കുപ്പിവെള്ളത്തിലെ ബ്രോമേറ്റ്. പ്രതിവർഷം 800 കോടിയിലേറെ വിറ്റുവരവുള്ള കേരളത്തിലെ കുപ്പിവെള്ളം സുരക്ഷിതമോ ? കേന്ദ്രത്തിന്റെ പരിശോധനകൾ പേരിനുമാത്രം. വെള്ളത്തിന്റെ അണുനശീകരണത്തിനായി ഓസോൺ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ബ്രോമേറ്റ് ജീവന് ഭീഷണി. ലെഡ്, ആർസെനിക്, കാഡ്മിയം രാസവസ്തുക്കളും കോളിഫോം, ഇ-കോളി ബാക്ടീരിയയും കുപ്പിവെള്ളത്തിൽ. കർശന നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വെളുക്കാൻ തേയ്ക്കുന്ന ഫേസ് ക്രീമുകൾ ഗുരുതര വൃക്കരോഗത്തിന് കാരണമാവുന്നതു പോലെ നമ്മൾ വില കൊടുത്തു വാങ്ങുന്ന കുപ്പിവെള്ളം എത്രത്തോളം സുരക്ഷിതമാണ് ?
കേരളത്തിൽ പ്രതിവർഷം 800 കോടിയിലേറെ വിറ്റുവരവാണ് കുപ്പിവെള്ളത്തിനുള്ളത്. ഇവിടെ വൻതോതിൽ വിറ്റുപോവുന്ന ബിസ്‍ലരി കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാവുന്ന ബ്രോമേറ്റ് കണ്ടെത്തിയത് കേന്ദ്രസർക്കാരാണ്.
അണുനശീകരണത്തിനായി ഓസോൺ അമിതമായി ഉപയോഗിക്കുമ്പോൾ രൂപപ്പെടുന്ന അർബുദകാരിയായ രാസവസ്തുവാണ് ബ്രോമേറ്റ്. കേരളത്തിലെ പല പ്രമുഖ കമ്പനികളുടെയും സാമ്പിളുകളിൽ ബ്രോമേറ്റിന്റെ അളവ് പരിധിയിൽ കൂടുതൽ കണ്ടെത്തിയത് മുൻപ് വലിയ വിവാദമായിരുന്നു.
അനുവദനീയമായ പരിധി ലിറ്ററിന് 0.01 മില്ലിഗ്രാമിൽ താഴെയാണ്. കേരളത്തിലെ ബ്രാൻഡഡ് കുപ്പിവെള്ള വിപണിയിൽ ഏകദേശം 40% വരെ വിഹിതം ബിസ്‌ലരിക്ക് മാത്രമായുണ്ട്. ദേശീയ ബ്രാൻഡുകളിൽ ഒന്നാമതും ബിസ്‌ലരി തന്നെയാണ്.
വേനൽ കടുക്കും തോറും കുപ്പിവെള്ള വിപണിയുടെ വലിപ്പവും കൂടും. എന്നാൽ കുപ്പിവെള്ളത്തിലെ ഗുണനിലവാര പരിശോധനകൾ കാര്യമായി നടക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കടകൾക്ക് മുന്നിലും ലോറികളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കുപ്പികൾ സൂക്ഷിക്കുന്നത് വഴി പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ വെള്ളത്തിൽ കലരുന്നതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന മുന്നറിയിപ്പ് നൽകാറുണ്ട്. കാലാവധി കഴിഞ്ഞ കുപ്പികളിലെ തീയതി മാറ്റി വിൽക്കുക, പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജൻ ഇറക്കുക, ബാച്ച് നമ്പറോ നിർമ്മാണ തീയതിയോ ഇല്ലാത്ത കുപ്പികൾ വിപണിയിലെത്തിക്കുക എന്നിങ്ങനെ തട്ടിപ്പുകളും വ്യാപകമാണ്.
ലെഡ്, ആർസെനിക്, കാഡ്മിയം, മെർക്കുറി എന്നിവയുടെ സാന്നിധ്യവും കോളിഫോം, ഇ-കോളി , യീസ്റ്റ്, പൂപ്പൽ എന്നിവയുടെ സാന്നിധ്യവും കുപ്പിവെള്ളത്തിൽ കണ്ടെത്തിയട്ടുണ്ട്.
കുപ്പിവെള്ളം സുരക്ഷിതമാക്കാൻ കർശന പരിശോധകൾക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇതിനായി പ്രത്യേക ഓപ്പറേഷൻ ഉടൻ ആരംഭിക്കും.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിവർഷം 800 കോടിക്കടുത്താണ് കുപ്പിവെള്ള വിപണി. സാധാരണ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിനം ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം ലിറ്റർ വരെ കുപ്പിവെള്ളം വിറ്റഴിക്കപ്പെടുന്നുണ്ട്. വേനൽക്കാലത്ത് (മാർച്ച് – മെയ്) ഇത് പ്രതിദിനം 50 ലക്ഷം ലിറ്ററിന് മുകളിലേക്ക് ഉയരാറുണ്ട്.
കേരളത്തിൽ ബി.ഐ.എസ് അംഗീകാരമുള്ള 240 കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി അനധികൃത യൂണിറ്റുകളുമുണ്ട്.
വേനൽ കടുക്കുകയാണെങ്കിൽ വരുന്ന വേനൽക്കാലത്ത് വിൽപന റെക്കോർഡ് ഭേദിക്കും. വേനൽക്കാലത്ത് മാത്രം 400 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് കുപ്പിവെള്ള കമ്പനികൾ കണക്കുക്കൂട്ടുന്നത്.
വൻകിട കമ്പനികൾക്കു പുറമെ ചെറുകിട സംരംഭകരും സർക്കാരുമെല്ലാം കുപ്പിവെള്ള വിൽപന നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഉപയോഗം കൂടുതൽ. ട്രെയിനുകളിലും കച്ചവടം പൊടിപ്പൊടിക്കുന്നുണ്ട്.
20 ലിറ്ററിന്റെ ജാറിനും ആവശ്യക്കാർ കൂടുതലാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ജാർ കൂടുതലായി വിൽക്കപ്പെടുന്നത്. ഫ്ലാറ്റുകൾ, വേനൽക്കാലത്ത് വെള്ളം ലഭ്യമല്ലാതായ നഗരങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലെല്ലാം ആശ്രയം കുപ്പിവെള്ളമാണ്.
ഉയർന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കുപ്പിയിലായിരിക്കണം വിൽപന എന്നത് നിർബന്ധമാണ്. കുപ്പിയിൽ വെള്ളത്തിന്റെ ബാച്ച് നമ്പർ, കാലാവധി എന്നിവയും രേഖപ്പെടുത്തിയിരിക്കണം.
എന്നിട്ടും സംസ്ഥാനത്ത് വ്യാജന്മാർ വലിയതോതിൽ വിപണി കീഴടക്കുന്നുണ്ട്. വേനൽക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്നതോടെ വ്യാജന്മാരുടെ എണ്ണവും കൂടും.
അരുവിക്കര, തൊടുപുഴ എന്നിവിടങ്ങളിലെ പ്ലാന്റുകളിലായി സർക്കാർ നിർമിക്കുന്നത് ദിവസവും 78000 ലീറ്റർ കുപ്പിവെള്ളമാണ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷനാണ് നിർമാണ ചുമതല.
/fit-in/580x348/filters:format(webp)/sathyam/media/media_files/2025/08/11/hilly-aqua-2025-08-11-18-39-57.jpg)
ഹില്ലി അക്വാ എന്ന പേരുള്ള കുപ്പിവെള്ളത്തിനു ലീറ്ററിനു 15 രൂപയാണ് വില. മിതമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് ഈ പദ്ധതിയുടെ വിജയത്തിന് അടിസ്ഥാനം.
ബി.ഐ.എസ് നിർദ്ദേശിച്ചിട്ടുള്ള ശുദ്ധീകരണ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് വെള്ളം കുപ്പികളിലാക്കുന്നത്. ജയിലുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലകളിലും റേഷൻ കടകളിലും ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപയ്ക്ക് ലഭ്യമാണ്.
ഇതിനുപുറമെ റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, കൺസ്യൂമർഫെഡ് സ്റ്റോറുകൾ, ചില സർക്കാർ സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലും ‘ഹില്ലി അക്വ’ ലഭ്യമാണ്.




