Skip to content
November 25, 2026
⌕

ഇന്ത്യ ഉൾപ്പെടെ 14 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം

November 25, 2026
Share this post to

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പെടെ 14 പ്രധാന വ്യാപാര പങ്കാളികളിൽ
നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താനുള്ള നിർദേശം
മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. ആഗോള
വിപണിയിലെ അമിത വ്യാവസായിക ഉൽപ്പാദനവും അന്യായ വ്യാപാര രീതികളും
നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി.

പുതിയ നിർദേശപ്രകാരം ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ
ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കും. എന്നാൽ ഇന്ത്യയും അമേരിക്കയും
തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമായാൽ ഇത് 17 ശതമാനമായി കുറയ്ക്കാനാണ്
നിർദേശം.

ചൈനയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവരിക. പുതുതായി നിർദേശിച്ച
20 ശതമാനം തീരുവയും നിലവിലുള്ള ചില തീരുവകളും ചേരുമ്പോൾ ചൈനീസ്
ഉൽപ്പന്നങ്ങളിൽ ചിലതിന് മൊത്തം തീരുവ 45 ശതമാനം വരെ ഉയർന്നേക്കും.

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, കംബോഡിയ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ജപ്പാൻ,
ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, തായ്‌ലൻഡ്,
വിയറ്റ്‌നാം എന്നിവയാണ് പുതിയ നടപടിയുടെ പരിധിയിൽ വരുന്ന വ്യാപാര
പങ്കാളികൾ.

1974ലെ അമേരിക്കൻ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം എട്ടുമാസത്തോളം
നീണ്ട അന്വേഷണത്തിനൊടുവിലാണ് പുതിയ തീരുവ നിർദേശം പ്രഖ്യാപിച്ചത്. വിവിധ
രാജ്യങ്ങൾ സർക്കാർ സബ്‌സിഡികളും വ്യാവസായിക നയങ്ങളും ഉപയോഗിച്ച്
വിപണിയിലെ ആവശ്യത്തേക്കാൾ കൂടുതൽ ഉൽപ്പാദനം നടത്തുന്നത് അമേരിക്കൻ
ആഭ്യന്തര വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നാണ് ട്രംപ്
ഭരണകൂടത്തിന്റെ വിലയിരുത്തൽ.

നേരത്തെ ട്രംപ് ഏർപ്പെടുത്തിയ വ്യാപകമായ ഇറക്കുമതി തീരുവകൾ അമേരിക്കൻ
സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതിനു പിന്നാലെ മറ്റൊരു നിയമത്തിന്റെ
അടിസ്ഥാനത്തിൽ തീരുവകൾ പുനഃസ്ഥാപിക്കാനുള്ള നീക്കമായും പുതിയ നടപടിയെ
വിലയിരുത്തുന്നു.

അതേസമയം, പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. പൊതുജനാഭിപ്രായം
തേടുന്നതിനും ഹിയറിങ്ങിനും ശേഷമായിരിക്കും അന്തിമ തീരുമാനം. 2027
ജനുവരിയോടെ പുതിയ തീരുവകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന.

ഡിസംബറിൽ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യയും അമേരിക്കയും
തമ്മിലുള്ള വ്യാപാര ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടാകുമോയെന്നാണ്
വ്യാപാരലോകം ഉറ്റുനോക്കുന്നത്.

Get more updates from Pudukad News on Google