ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 40% വരെയും അധിക തീരുവ ചുമത്താനാണ് ട്രംപിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണ്ണായക നീക്കം. അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കൻ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ചൈന

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം തീരുമാനിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും, ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ചുമത്താനാണ് തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ പുതിയ നീക്കം.
ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്.
ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഈ നടപടി.
അതേസമയം, അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ നിലപാട്. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി.
എന്നാൽ, നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ചൈനയുമായുള്ള നിലവിലെ ധാരണപ്രകാരം 20 ശതമാനമാണ് തീരുവയുടെ പരമാവധി പരിധി.
യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ എന്നിവയുമായുള്ള കരാറുകളിൽ 15 ശതമാനവും മലേഷ്യയുമായുള്ള കരാറിൽ 19 ശതമാനവുമാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ഏർപ്പെടുത്തിയ ചില തീരുവകൾക്ക് പുറമെ പുതിയ നികുതി കൂടി ചുമത്തില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.




