Skip to content
November 27, 2026
⌕

തൊഴിലുറപ്പ് കൂലി കുടിശ്ശിക വർധിക്കുന്നു. വിതരണം ചെയ്യാനുള്ളത് 184 കോടി രൂപ. ഓഗസ്റ്റ് മുതലുള്ള കൂലിയാണ് മുടങ്ങിയത്. തൊഴിൽ ദിനങ്ങൾ കുറയുന്നതും തൊഴിലാളികൾക്ക് ഇരട്ടപ്രഹരമാകുന്നു

November 26, 2026
Share this post to

കോട്ടയം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കി വേതന കുടിശ്ശിക കുന്നുകൂടുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള കൂലി മുടങ്ങിയതോടെ സംസ്ഥാനത്ത് ആകെ 184 കോടി രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.

മാസങ്ങളോളം വേതനം വൈകുന്നതിനൊപ്പം പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കുറയുന്നതും സാധാരണക്കാരായ തൊഴിലാളികൾക്ക് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്.

തൊഴിലുറപ്പ് നിയമപ്രകാരം, ജോലി പൂർത്തിയാക്കി 7 മുതൽ 14 ദിവസത്തിനകം തൊഴിലാളികൾക്ക് നിർബന്ധമായും വേതനം നൽകിയിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ വേതനം വൈകിയതിനുള്ള നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ.


എന്നാൽ, കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെ തൊഴിലാളികളുടെ ഈ അവകാശത്തിന് തിരിച്ചടിയായി. കേന്ദ്ര പൂളിൽ ഫണ്ടില്ലാത്ത സാഹചര്യമാണെങ്കിൽ വേതനം വൈകിയാലും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന വ്യവസ്ഥയാണ് തൊഴിലാളികൾക്ക് വിനയാകുന്നത്. ഇതോടെ മാസങ്ങളോളം കാത്തിരുന്നാലും അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥയാണ്.


കൂലി കുടിശ്ശികയ്ക്ക് പുറമെ തൊഴിൽ ദിനങ്ങൾ ഗണ്യമായി കുറയുന്നതും ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നു. നിലവിൽ ‘വി.ബി.ജി. റാംജി’  പദ്ധതി പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ  മാനദണ്ഡങ്ങൾ പ്രകാരം നേരത്തെ തയ്യാറാക്കിയ ലേബർ ബജറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തികവർഷത്തെ പ്രവൃത്തികൾ നടക്കുന്നത്.

എന്നാൽ, പുതിയ പദ്ധതിയായ വി.ബി.ജി. റാംജിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇത് തൊഴിലാളികൾക്ക് കൂടുതൽ കഠിനമായ ജോലികൾ ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കും. ജോലിയുടെ കാഠിന്യം വർധിക്കുന്നതും കുറഞ്ഞ വേതന നിരക്കും കാരണം വരുന്ന സാമ്പത്തികവർഷത്തിൽ തൊഴിലുറപ്പ് മേഖലയിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം കുറയുമെന്ന ആശങ്ക ശക്തമാണ്.

Get more updates from Pudukad News on Google