Skip to content
November 27, 2026
⌕

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഷാഫി പറമ്പിലിന് പരസ്യ പിന്തുണയുമായി രമേശ് പിഷാരടി എം.എൽ.എ. ഷാഫിയുടെ അധ്വാനത്തെ കണ്ടില്ലെന്ന് നടിക്കരുതെന്നും വിമർശനങ്ങൾ പരിധി വിടരുതെന്നും മുന്നറിയിപ്പ്. വടകരയിൽ ലോക്സഭയിലേക്ക് മത്സരിക്കാൻ പോയിരുന്നില്ലെങ്കിൽ ഷാഫി കേരളത്തിൽ മന്ത്രിയാകുമായിരുന്നു. പദവികളേക്കാൾ പ്രസ്ഥാനത്തെയാണ് അദ്ദേഹം സ്നേഹിച്ചതെന്നും പിഷാരടി

November 26, 2026
Share this post to

പാലക്കാട്: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഷാഫി പറമ്പിൽ എം.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രമേശ് പിഷാരടി എം.എൽ.എ രംഗത്തെത്തി.

ഷാഫിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും പാർട്ടിക്കുവേണ്ടി നടത്തിയ കഠിനാധ്വാനത്തെയും ആരും കണ്ടില്ലെന്ന് നടിക്കരുതെന്നും, വിമർശിക്കാമെങ്കിലും അത് പരിധി വിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഷാഫിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് പിഷാരടി തന്റെ നിലപാട് വ്യക്തമാക്കിയത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന ഷാഫി, ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പാലക്കാട് ജില്ലയിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണെന്ന് പിഷാരടി ചൂണ്ടിക്കാട്ടി.

പാലക്കാട് നിയമസഭാ മണ്ഡലത്തെ കോൺഗ്രസിന്റെ സുരക്ഷിത സീറ്റാക്കി മാറ്റിയതിന്റെ പൂർണ്ണ ക്രെഡിറ്റും ഷാഫിക്കുള്ളതാണ്. പോലീസ് സ്റ്റേഷൻ ഉപരോധം മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ തയ്യാറായിരുന്നില്ലെങ്കിൽ ഷാഫി പറമ്പിൽ ഇന്ന് കേരളത്തിൽ മന്ത്രിയാകുമായിരുന്നുവെന്നും, എന്നാൽ വ്യക്തിപരമായ പദവികളേക്കാൾ പ്രസ്ഥാനത്തിന്റെ താല്പര്യത്തിനാണ് അദ്ദേഹം മുൻഗണന നൽകിയതെന്നും പിഷാരടി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുതിർന്ന നേതാക്കൾക്കൊപ്പം സംസ്ഥാനത്തുടനീളം പ്രചാരണം നയിച്ച ഷാഫി, 140 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ മുഖവും ശബ്ദവുമായി മാറിയെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google