യോഗി ആദിത്യനാഥോ അഖിലേഷ് യാദവോ അല്ല, മീശയുള്ളയാളായിരിക്കും അടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയെന്ന് അസദ്ദുദ്ദീൻ ഒവൈസി. സഖ്യകക്ഷിയായ ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പരാമർശം. ബുൾഡോസറുകളിലൂടെയോ ഏറ്റുമുട്ടലുകളിലൂടെയോ അല്ല, ഭരണഘടനയിലൂടെയാണ് നീതി നടപ്പാകേണ്ടതെന്നും ഒവൈസി

ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനോ അഖിലേഷ് യാദവിനോ മുഖ്യമന്ത്രിപദത്തിൽ എത്താൻ കഴിയില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദ്ദുദ്ദീൻ ഒവൈസി.
ലഖ്‌നൗവിൽ നടന്ന ‘സാമാജിക് പരിവർത്തൻ മോർച്ച’യുടെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കവെയായിരുന്നു ഇരു നേതാക്കളെയും പേരെടുത്ത് പറയാതെയുള്ള ഒവൈസിയുടെ പരിഹാസം.
തല മുണ്ഡനം ചെയ്തയാളോ ക്ലീൻ ഷേവ് ചെയ്തയാളോ ഇനി ഭരിക്കില്ലെന്നും, മീശയുള്ള ഒരാളായിരിക്കും ഉത്തർപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷിയായ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) നേതാവ് ചന്ദ്രശേഖർ ആസാദിനെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. തങ്ങളുടെ സഖ്യത്തെ താടിയുള്ളവരുടെയും മീശയുള്ളവരുടെയും കൂട്ടുകെട്ടെന്ന് പരിഹസിച്ചവർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും മുസ്‌ലിം സമുദായത്തിന് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നതിലും ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും ഒരുപോലെ പരാജയപ്പെട്ടുവെന്ന് ഒവൈസി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായാണ് ആർ.എസ്.എസും സംഘപരിവാറും പ്രവർത്തിക്കുന്നത്.
ബുൾഡോസർ രാഷ്ട്രീയത്തിലൂടെയോ വ്യാജ ഏറ്റുമുട്ടലുകളിലൂടെയോ അല്ല, മറിച്ച് ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയിലൂടെയാണ് രാജ്യത്ത് നീതി ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ആസാദ് സമാജ് പാർട്ടിയും എ.ഐ.എം.ഐ.എമ്മും ചേർന്ന് രൂപീകരിച്ച ‘സാമാജിക് പരിവർത്തൻ മോർച്ച’യുടെ ശക്തിപ്രകടനമായിരുന്നു ലഖ്‌നൗവിലേത്.




