കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. വടകര എം.പി. ഷാഫി പറമ്പിലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട്ടും ആലപ്പുഴയിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’ എന്നും ബോർഡിൽ. രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് മറുപടിയെന്നോണം സംസ്ഥാനത്തുടനീളം ഷാഫി അനുകൂല പ്രചാരണം ശക്തമാകുന്നു

കോഴിക്കോട്: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും നേതാക്കൾ തമ്മിലുള്ള വാക്പോരും തെരുവിലേക്ക് വ്യാപിക്കുന്നതിനിടെ, വടകര എം.പി. ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ആലപ്പുഴയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് വിവിധ കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ രാത്രിയോടെ സ്ഥാപിച്ച ഫ്ലക്സ്, രാവിലെ ശ്രദ്ധയിൽപ്പെട്ടയുടൻ ഓഫീസ് ജീവനക്കാർ എടുത്തുമാറ്റി.
ഡി.സി.സി. ഓഫീസിന് പുറമെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും വടകരയിലും സമാനമായ ബോർഡുകൾ ഉയർന്നിട്ടുണ്ട്.
ഒരു വർഷം മുൻപ് പേരാമ്പ്രയിൽ പോലീസുമായുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിലിന്റെ മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന ചിത്രമാണ് കോഴിക്കോട്ടെ ഫ്ലക്സുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’ എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ മാന്നാർ, പരുമലക്കടവ്, കായംകുളം നഗരം എന്നിവിടങ്ങളിലും ഷാഫിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കുപ്രചരണങ്ങളോ കുടിലതന്ത്രങ്ങളോ തളർത്തില്ലെന്നും ജനഹൃദയങ്ങളിലൂടെയുള്ള യാത്ര തുടരുക തന്നെ ചെയ്യുമെന്നുമാണ് ആലപ്പുഴയിലെ ഫ്ലക്സുകളിലെ വാചകങ്ങൾ.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഷാഫി പറമ്പിലിനെതിരെ നടത്തിയ പരസ്യവിമർശനങ്ങളാണ് കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്നും അടൂരിലെ ഒരു വീട്ടിൽ നിന്നാണ് ഇവ നിയന്ത്രിക്കുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ കണ്ണൂരിലും പാലക്കാട്ടും നേരത്തെ ഷാഫി അനുകൂല ബോർഡുകൾ ഉയർന്നിരുന്നു. ഇപ്പോൾ കൂടുതൽ ജില്ലകളിലേക്ക് ഈ നീക്കം വ്യാപിക്കുന്നത് പാർട്ടിയിലെ വിഭാഗീയത കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.




