ഉയര്‍ന്ന ശമ്പളം: ഇ യുവില്‍ ലക്സംബര്‍ഗ് ഏറ്റവും മുന്നില്‍, അയര്‍ലണ്ടിന് മൂന്നാം സ്ഥാനം

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ ഫുള്‍ടൈം ജോലിക്കാരുടെ ശരാശരി വാര്‍ഷിക ശമ്പളം 41,464 യൂറോയാണെന്ന് യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട്. ലക്സംബര്‍ഗിലെ ശരാശരി ശമ്പളം ബള്‍ഗേറിയയിലേതിന്റെ അഞ്ചിരട്ടിയിലധികമാണെന്നും യൂറോസ്റ്റാറ്റിന്റെ നവംബറില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു.
ശമ്പളത്തിന്റെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ വലിയ അന്തരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ കൃത്യമായ താരതമ്യം സാധ്യമാക്കാന്‍ പാര്‍ട്ട് ടൈം ജോലിക്കാരുടെ ശമ്പളവും മുഴുവന്‍സമയ ജോലിക്ക് തുല്യമായ നിരക്കിലേക്ക് മാറ്റിയാണ് യൂറോസ്റ്റാറ്റ് കണക്കാക്കുന്നത്.
ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യം വിലയിരുത്തുമ്പോള്‍ യൂറോയിലെ തുക മാത്രമല്ല, ആ രാജ്യത്തെ ജീവിതച്ചെലവും കണക്കിലെടുക്കണമെന്നതാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. മൊത്തശമ്പളവും നികുതിക്കു ശേഷമുള്ള വരുമാനവും തമ്മിലുള്ള വ്യത്യാസവും ജീവിതനിലവാരം വ്യക്തമാക്കില്ലെന്ന പരിമിതിയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ശമ്പളങ്ങളിലെ അന്തരം കുറയുന്നതായും ഇവര്‍ വിലിരുത്തുന്നു.
ശമ്പളത്തില്‍ ലക്സംബര്‍ഗ് ഒന്നാമത് ബള്‍ഗേറിയ ഏറ്റവും പിന്നില്‍
യൂറോസ്റ്റാറ്റിന്റെ പട്ടികയിലുള്ള 26 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ശരാശരി വാര്‍ഷിക മൊത്തശമ്പളം ഏറ്റവും കൂടുതല്‍ ലക്സംബര്‍ഗിലാണ് 85,609 യൂറോ. ഏറ്റവും കുറവ് ബള്‍ഗേറിയയിലാണ് 16,201 യൂറോ. ലക്സംബര്‍ഗിലെ ശരാശരി ശമ്പളം ബള്‍ഗേറിയയിലേതിന്റെ അഞ്ചിരട്ടിയിലധികമാണ്.
ഡെന്‍മാര്‍ക്ക് (73,500 യൂറോ), അയര്‍ലണ്ട് (64,387), ബെല്‍ജിയം (61,984), ഓസ്ട്രിയ (60,727) എന്നിവയാണ് ഉയര്‍ന്ന ശമ്പളമുള്ള ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഇടംപിടിച്ചത്. ഈ രാജ്യങ്ങളിലെല്ലാം ശരാശരി വാര്‍ഷിക ശമ്പളം 60,000 യൂറോയ്ക്ക് മുകളിലാണ്.
വമ്പന്മാരില്‍ ജര്‍മനി മുന്നില്‍
യൂറോപ്യന്‍ യൂണിയനിലെ നാല് പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളം ജര്‍മനിയിലാണ് 56,360 യൂറോ. ഫ്രാന്‍സില്‍ ഇത് 44,734 യൂറോയാണ്; യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ അല്പം കൂടുതലാണിത്. എന്നാല്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഇറ്റലിയിലും സ്പെയിനിലും ശമ്പളം താരതമ്യേന കുറവാണ്.
യഥാക്രമം 34,213, 35,125 യൂറോ. ഫിന്‍ലന്‍ഡ് (50,960), സ്വീഡന്‍ (49,622) എന്നിവയും യൂറോപ്യന്‍ യൂണിയന്‍ ശരാശരിക്കു മുകളിലാണ്.പട്ടികയില്‍ ഏറ്റവും പിന്നില്‍ ബള്‍ഗേറിയയാ (16,201 യൂറോ)ണ്. ഗ്രീസ് (18,772), ഹംഗറി (20,138) എന്നിവയാണ് തൊട്ടുമുന്നില്‍. റൊമാനിയ (20,818), സ്ലോവാക്യ (21,661), ലാത്വിയ (22,688) എന്നിവിടങ്ങളിലും ശരാശരി ശമ്പളം കുറവാണ്.
ഇവ നികുതിയും സാമൂഹിക സുരക്ഷാ വിഹിതവും കുറയ്ക്കുന്നതിനു മുമ്പുള്ള മൊത്ത ശമ്പളമാണ്. അതിനാല്‍ ഓരോ രാജ്യത്തെയും നികുതി വ്യവസ്ഥകളനുസരിച്ച് കൈയില്‍ ലഭിക്കുന്ന ശമ്പളത്തില്‍ വ്യത്യാസമുണ്ടാകും.
ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍
യൂറോസ്റ്റാറ്റ് കണക്കുകള്‍ ഉപയോഗിച്ച് വിദഗ്ദ്ധര്‍ നടത്തിയ വിശകലനമനുസരിച്ച്, ജീവിതച്ചെലവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്നതും കുറഞ്ഞതുമായ ശമ്പളങ്ങള്‍ തമ്മിലുള്ള അന്തരം കുറയുന്നു. യൂറോയില്‍ കണക്കാക്കുമ്പോള്‍ അഞ്ചിരട്ടിയിലേറെയായിരുന്ന വ്യത്യാസം പി.പി.എസ് അടിസ്ഥാനത്തില്‍ ഏകദേശം മൂന്നിരട്ടിയായി ചുരുങ്ങുന്നു.
രാജ്യങ്ങള്‍ക്കിടയിലെ നിരക്ക് വ്യത്യാസം ഒഴിവാക്കി പണത്തിന്റെ യഥാര്‍ഥ വാങ്ങല്‍ ശേഷി താരതമ്യം ചെയ്യാന്‍ ഉപയോഗിക്കുന്ന അളവുകോലാണ് പര്‍ച്ചേസിങ് പവര്‍ സ്റ്റാന്‍ഡേഡ് (പി.പി.എസ്). ഒരേ അളവിലുള്ള സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ വിവിധ രാജ്യങ്ങളില്‍ എത്ര മാത്രം പണം വേണമെന്ന വ്യത്യാസം ഇതിലൂടെ പരിഗണിക്കുന്നു.
65,106 പി.പി.എസുമായി ലക്സംബര്‍ഗ് തന്നെയാണ് ഒന്നാമത്. ബള്‍ഗേറിയ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തിയപ്പോള്‍ ഗ്രീസ് 21,486 പി.പി.എസുമായി അവസാന സ്ഥാനത്തായി.
പട്ടികയില്‍ മറ്റു ചില മാറ്റങ്ങളുമുണ്ട്. ഓസ്ട്രിയ അഞ്ചാം സ്ഥാനത്തുനിന്ന് രണ്ടാമതെത്തി. ഡെന്‍മാര്‍ക്ക് രണ്ടില്‍നിന്ന് നാലിലേക്കും അയര്‍ലണ്ട് മൂന്നില്‍നിന്ന് ആറിലേക്കും പിന്തള്ളപ്പെട്ടു. പോളണ്ടും ലിത്വാനിയയും മൂന്നു സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തി. മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും പി.പി.എസ് കണക്കില്‍ മുന്നേറി. റൊമാനിയ 23-ാം സ്ഥാനത്തുനിന്ന് 18-ാമതെത്തി. അഞ്ചു സ്ഥാനങ്ങളുടെ മുന്നേറ്റമാണ് രാജ്യം നേടിയത്. അതേസമയം, എസ്റ്റോണിയ 16-ാം സ്ഥാനത്തുനിന്ന് 21-ാമതായി.
ശമ്പളവ്യത്യാസത്തിന് പിന്നില്‍
സാമ്പത്തിക വികസനത്തിന്റെയും ഉല്‍പ്പാദനക്ഷമതയുടെയും വ്യത്യാസങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ശമ്പള അന്തരത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ രാജ്യത്തും തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ഉല്‍പാദനത്തിന്റെ അളവും സാമ്പത്തിക വികസനത്തിന്റെ നിലവാരവും വ്യത്യസ്തമാണ്. ഇതാണ് ശമ്പളവ്യത്യാസത്തിന്റെ പ്രധാന കാരണമെന്ന് എസ്റ്റോണിയയിലെ ടാര്‍ട്ടു സര്‍വകലാശാലയിലെ അപ്ലൈഡ് ഇക്കണോമെട്രിക്സ് അസോസിയേറ്റ് പ്രഫസര്‍ ജാന്‍ മാസോ അഭിപ്രായപ്പെട്ടു.
തൊഴില്‍വിപണിയിലെ നിയമങ്ങളും മിനിമം വേതനവും കൂട്ടായ തൊഴില്‍ കരാറുകളും ശമ്പളത്തിലെ തുല്യതയെ സ്വാധീനിക്കുന്നുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ശമ്പളവ്യത്യാസം പൊതുവെ കുറവാണെന്നും മാസോ പറഞ്ഞു.
വിദ്യാഭ്യാസം, നൈപുണ്യം, ഭൗതിക മൂലധനം, ഉല്‍പാദനക്ഷമത എന്നിവയ്ക്കു പുറമേ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത, നിയന്ത്രണ സംവിധാനങ്ങള്‍, ഗവേഷണ-വികസന നയങ്ങള്‍ എന്നിവയും ശമ്പളത്തെ സ്വാധീനിക്കുന്നതായി പ്രാഗിലെ പ്രഫസര്‍ സ്റ്റെപാന്‍ ജുറാജ്ദ ചൂണ്ടിക്കാട്ടി.
സമ്പന്ന രാജ്യങ്ങളില്‍ വിലനിലവാരം കൂടി നില്‍ക്കും
സമ്പന്ന രാജ്യങ്ങളില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വില പൊതുവെ കൂടുതലായിരിക്കുമെന്ന് ജുറാജ്ദ വിശദീകരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് വര്‍ധിക്കുന്നതിനനുസരിച്ച് വില നിലവാരവും ഉയരുന്നതാണ് പൊതുവായ പ്രവണത. സേവനമേഖലയിലെ തൊഴില്‍ച്ചെലവാണ് ഇതിന് ഒരു ഉദാഹരണം.ഉയര്‍ന്ന ശമ്പളം നല്‍കേണ്ട രാജ്യങ്ങളില്‍ സേവനങ്ങളുടെ ചെലവും അതിനനുസരിച്ച് കൂടും.
അതുകൊണ്ടുതന്നെ ഒരു രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ശമ്പളത്തിന്റെ പി.പി.എസ് കണക്കാണ് കൂടുതല്‍ പ്രസക്തമെന്ന് മാസോ പറഞ്ഞു. അതേസമയം, പി.പി.എസ് അടിസ്ഥാനത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ ഉപയോഗിച്ച് രാജ്യങ്ങളെ കൃത്യമായി ഒന്നിനുമുകളില്‍ മറ്റൊന്നായി റാങ്ക് ചെയ്യരുതെന്ന് ജുറാജ്ദ മുന്നറിയിപ്പ് നല്‍കി.
കിഴക്ക്-പടിഞ്ഞാറന്‍ ശമ്പള അന്തരം കുറയുന്നു
പടിഞ്ഞാറന്‍ യൂറോപ്പിനെയും കിഴക്കന്‍ യൂറോപ്പിനെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള ശമ്പളവ്യത്യാസം കാലക്രമേണ ഗണ്യമായി കുറഞ്ഞതായി ഹാന്‍സ് ബോക്ലര്‍ ഫൗണ്ടേഷനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലെ ശമ്പളവിദഗ്ധന്‍ മാല്‍ട്ടെ ലുബ്കര്‍ വെളിപ്പെടുത്തി.
കിഴക്കന്‍ യൂറോപ്പിലെ കുറഞ്ഞ ശമ്പളം ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തൊഴിലുടമകള്‍ ആഭ്യന്തര ശമ്പളവര്‍ധന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഈ അന്തരം ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വാങ്ങല്‍ശേഷി കൂടി കണക്കിലെടുക്കുമ്പോള്‍ പോളണ്ടിലെ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം മുമ്പത്തെപ്പോലെ ആകര്‍ഷകമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശമ്പളം ജീവിതനിലവാരം വ്യക്തമാക്കില്ല
ഫുള്‍ടൈം ജോലിക്ക് തുല്യമായ ശമ്പളമായി കണക്കാക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യം എളുപ്പമാക്കുന്നുണ്ടെങ്കിലും ഇതിന് പരിമിതികളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഫുള്‍ടൈം ജോലി എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജോലിയും കുടുംബപരിചരണ ചുമതലകളും ഒരുമിച്ച് കൊണ്ടുപോകാന്‍ പാര്‍ട്ട് ടൈം ജോലി തിരഞ്ഞെടുക്കേണ്ടിവരാറുണ്ട്. അതിനാല്‍ഫുള്‍ടൈം ശമ്പളം മാത്രം ജീവിതനിലവാരത്തിന്റെ കൃത്യമായ സൂചകമല്ലെന്ന് ലുബ്കര്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലിയുടെ വ്യാപ്തിയും വ്യത്യസ്തമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ഫുള്‍ടൈം ജോലിയാണ് പൊതുവെ പതിവെങ്കില്‍ നെതര്‍ലന്‍ഡ്സില്‍ പാര്‍ട്ട് ടൈം ജോലി വ്യാപകമാണ്.
ശരാശരി ശമ്പളക്കണക്ക് രാജ്യത്തിനുള്ളിലെ വലിയ അന്തരങ്ങളും മറച്ചുവയ്ക്കാം. ലക്സംബര്‍ഗിലെ ഉയര്‍ന്ന ശരാശരി ശമ്പളത്തിന് ധനകാര്യ മേഖലയിലെ ഉയര്‍ന്ന വേതനം ലഭിക്കുന്ന താരതമ്യേന ചെറിയൊരു വിഭാഗം ജോലികളും കാരണമായിരിക്കാമെന്ന് മാസോ ചൂണ്ടിക്കാട്ടുന്നു.




