Skip to content
November 29, 2026
⌕

കലോത്സവ ആവേശത്തിനിടയിലും കീശ കാലിയായി രക്ഷിതാക്കൾ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങൾക്കുള്ള വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വലിയ വാടകയാണ് ഈടാക്കുന്നത്. കഥകളി വേഷം അരങ്ങേരെത്തിക്കാൻ ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചെലവാകും

November 28, 2026
Share this post to

കോട്ടയം: സംസ്ഥാനത്ത് സ്കൂൾ ജില്ലാ കലോത്സവങ്ങൾ സജീവമാകുമ്പോൾ, വേദിയിലെ കലാമികവിനൊപ്പം രക്ഷിതാക്കളെ വലയ്ക്കുന്നത് കുതിച്ചുയരുന്ന ചെലവുകളാണ്.

നൃത്തയിനങ്ങളുടെയും വിവിധ ക്ലാസിക്കൽ-നാടൻ കലാരൂപങ്ങളുടെയും വേഷവിധാനങ്ങളുടെ വാടകയും മേക്കപ്പ് നിരക്കുകളും കുത്തനെ ഉയർന്നതോടെ സാധാരണക്കാരായ രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്.


ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങൾക്കുള്ള വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വലിയ വാടകയാണ് ഈടാക്കുന്നത്.
മേക്കപ്പ് സാധനങ്ങളുടെ വില വർധിച്ചതിനൊപ്പം, മേക്കപ്പ് ചെയ്യാൻ എത്തുന്ന കലാകാരന്മാരുടെ ഉയർന്ന കൂലിയും രക്ഷിതാക്കൾക്ക് വലിയ ബാധ്യതയാകുന്നു. ഒറ്റ ദിവസത്തെ ഒരുക്കത്തിന് തന്നെ ആയിരങ്ങളാണ് ചെലവാകുന്നത്.


 കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് ഏറ്റവുമധികം പ്രതിസന്ധിയിലാകുന്നത്. ചുട്ടികുത്താനും കിരീടവും ഉടുത്തുകെട്ടും അടക്കമുള്ള വേഷങ്ങൾ വാടകയ്ക്കെടുക്കാനും വൻ തുക തന്നെ കണ്ടെത്തേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് 50,000 രൂപയെങ്കിലും ഇതിനായി ചെലവാകും. 

മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വലിയ താല്പര്യമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കാരണം പലരും പിന്മാറേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഉപജില്ലാ തലം മുതൽ ജില്ലാ തലം വരെയെത്തുമ്പോൾ പരിശീലനത്തിനും യാത്രയ്ക്കും ഭക്ഷണത്തിനും പുറമെയാണ് വേഷപ്പകർച്ചകൾക്കായി വൻ തുക ചെലവഴിക്കേണ്ടി വരുന്നത്.

കലാമികവിനേക്കാൾ പണക്കൊഴുപ്പിന് പ്രാധാന്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, കലോത്സവ വേദികളിലെ അമിത ചെലവുകൾ നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം.

Get more updates from Pudukad News on Google