Skip to content
November 29, 2026
⌕

തമിഴ്‌നാടിന്റെ സീറ്റ് വിഹിതം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പിൽ നിലപാട് മയപ്പെടുത്തി ഡി.എം.കെ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രത്തിന് നിർണ്ണായക പിന്തുണ നൽകിയേക്കും, വോട്ട് ചെയ്ത് എതിർക്കാൻ വെല്ലുവിളിച്ച് ടി.വി.കെ

November 28, 2026
Share this post to

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ തങ്ങള്‍ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി ഡി.എം.കെ. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി മുതിര്‍ന്ന ഡി.എം.കെ വൃത്തങ്ങള്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ നേതാവ് നിര്‍ബന്ധം പിടിച്ച കാര്യങ്ങള്‍ അവര്‍ നല്‍കിയിട്ടുണ്ട്’ എന്നായിരുന്നു ഉന്നത ഡി.എം.കെ വൃത്തങ്ങളുടെ പ്രതികരണം. ബില്ലിനെ പാര്‍ട്ടി പിന്തുണയ്ക്കുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന്, ‘അങ്ങനെയാണ് തോന്നുന്നത്’ എന്നും അവര്‍ മറുപടി നല്‍കി.

സംസ്ഥാനങ്ങള്‍ക്കിടയിലുള്ള നിലവിലെ ആനുപാതിക സീറ്റ് വിഹിതം നിലനിര്‍ത്തിക്കൊണ്ടുതന്നെ ലോക്സഭയിലെ അംഗബലം 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മണ്ഡല പുനര്‍നിര്‍ണയ നടപടികളെച്ചൊല്ലി തീവ്രമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി.എം.കെയുടെ ഈ പ്രതികരണം വരുന്നത്. 


2029 മുതല്‍ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ചാണ് കേന്ദ്രം ഈ സീറ്റ് വര്‍ധനവ് കൊണ്ടുവരുന്നത്. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് കുറഞ്ഞത് മൂന്നില്‍ രണ്ട് എം.പിമാരുടെ പിന്തുണ ആവശ്യമാണ് എന്നതിനാല്‍ ഡി.എം.കെയുടെ ഈ നീക്കം ഏറെ നിര്‍ണ്ണായകമാണ്.


ലോക്സഭയില്‍ 22 എം.പിമാരുള്ള ഡി.എം.കെയുടെ വോട്ടുകള്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിര്‍ണ്ണായകമാകും.

സഭയുടെ അംഗബലം വര്‍ധിപ്പിച്ചതിന് ശേഷവും ലോക്സഭാ സീറ്റുകളില്‍ തമിഴ്നാടിന്റെ നിലവിലുള്ള 7.18 ശതമാനം വിഹിതം നിലനിര്‍ത്തണമെന്ന് വെള്ളിയാഴ്ച സ്റ്റാലിന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലവിലുള്ള പാര്‍ലമെന്ററി സീറ്റ് വിഭജനം അടുത്ത 25 വര്‍ഷത്തേക്ക് കൂടി മാറ്റമില്ലാതെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഈ രണ്ട് ആവശ്യങ്ങളിലും ഡി.എം.കെ ഉറച്ചുനില്‍ക്കുന്നുവെന്നും നിലപാടില്‍ മാറ്റമോ വിട്ടുവീഴ്ചയോ ഇല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാടിന്റെ നിലവിലുള്ള പ്രാതിനിധ്യ വിഹിതം കേന്ദ്രം സംരക്ഷിക്കുകയാണെങ്കില്‍ നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന കാര്യം ഡി.എം.കെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 


മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആദ്യമായി ആശങ്ക ഉയര്‍ത്തിയത് ഡി.എം.കെയാണെന്നും, മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കോ പിന്നില്‍ നിന്ന് കുത്തുന്നവരുടെ മുറവിളികള്‍ക്കോ തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ഇളക്കാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. 


കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം തങ്ങളുടെ നേതൃത്വം ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നുണ്ടെന്നാണ് ഡി.എം.കെ വൃത്തങ്ങളുടെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. എങ്കിലും, പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന നിലപാടിലൂടെ മാത്രമേ ബില്ലിന്മേലുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം വ്യക്തമാകൂ.

ലോക്സഭാ സീറ്റുകളില്‍ 50 ശതമാനം വര്‍ധനവ് വരുത്തുന്ന നിര്‍ദ്ദേശത്തെ പിന്തുണയ്ക്കാന്‍ ബി.ജെ.പി ഡി.എം.കെയോട് അഭ്യര്‍ത്ഥിച്ചിരുന്നതായും, അല്ലാത്തപക്ഷം ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയവുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു.

84-ാം ഭരണഘടനാ ഭേദഗതിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഈ നടപടിയുമായി മുന്നോട്ട് പോകാനാകുമെന്നും അതിന് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം മാത്രം മതിയാകുമെന്നും ബി.ജെ.പി അറിയിച്ചതായാണ് വിവരം.


മറ്റ് ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളോടും സമാനമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ച ബി.ജെ.പി, ബില്ലിനെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് മേഖലയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് വാദിക്കുകയും ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ ‘ദക്ഷിണേന്ത്യ വിരുദ്ധര്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു. 


ജനസംഖ്യാ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ പുനര്‍വിഭജിക്കുന്നത് ജനനനിരക്ക് ഫലപ്രദമായി നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

ഏപ്രിലില്‍ കേന്ദ്രം കൊണ്ടുവന്ന ഭരണഘടന (131ാം ഭേദഗതി) ബില്ലിനെതിരെ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ഡി.എം.കെ വോട്ട് ചെയ്തിരുന്നു.

അതേസമയം, നിര്‍ദ്ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ തങ്ങളുടെ എം.പിമാര്‍ വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഡി.എം.കെയെ വെല്ലുവിളിച്ചു. വിഷയത്തില്‍ വ്യക്തവും സ്ഥിരതയാര്‍ന്നതുമായ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഭരണകക്ഷിയായ ടി.വി.കെ എക്‌സിലൂടെ ആവശ്യപ്പെട്ടു. 


തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ഡി.എം.കെ നിലപാട് മാറ്റുകയാണെന്ന് ടി.വി.കെ ആരോപിച്ചു. ബില്ലിനുള്ള പിന്തുണ തള്ളിക്കളയുകയും പാര്‍ലമെന്റില്‍ അതിനെതിരെ വോട്ട് ചെയ്യുകയും ചെയ്തുകൊണ്ട് തമിഴ്നാടിനോടും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുമുള്ള പ്രതിബദ്ധത ഡി.എം.കെ തെളിയിക്കണം. 


വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോ, വാക്കൗട്ട് നടത്തുന്നതോ, ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് വോട്ട് ചെയ്യാതിരിക്കുന്നതോ ബി.ജെ.പിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമായിരിക്കുമെന്നും ടി.വി.കെ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 30-ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ഹ്രസ്വ സമ്മേളനത്തിന് മുന്നോടിയായി മണ്ഡല പുനര്‍നിര്‍ണയ ചര്‍ച്ചകള്‍ വീണ്ടും രാഷ്ട്രീയ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. 2029 മുതല്‍ വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഡി.എ സര്‍ക്കാര്‍ ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Get more updates from Pudukad News on Google