Skip to content
November 29, 2026
⌕

ബിസ്‌ലേരിക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു, പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി എഫ്.എസ്.എസ്.എ.ഐ

November 28, 2026
Share this post to

ഡല്‍ഹി: പശ്ചിമ ബംഗാളിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ കുടിവെള്ള നിര്‍മ്മാതാക്കളായ ബിസ്ലേരിക്കെതിരെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കി.

രണ്ട് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലും ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് കമ്പനിക്ക് വീണ്ടും തിരിച്ചടിയുണ്ടായത്.


ജല്‍പായ്ഗുരി ജില്ലയിലെ തെലിപാറ ഗ്രാമത്തിലുള്ള ബിസ്ലേരിയുടെ പ്ലാന്റില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. പ്രാഥമിക ലബോറട്ടറിയിലും റഫറല്‍ ഫുഡ് ലബോറട്ടറിയിലും നടത്തിയ പരിശോധനകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മലിനജല ചോര്‍ച്ചയിലൂടെയോ കേടുവന്ന പൈപ്പുകളിലൂടെയോ ആണ് ഇത്തരം ബാക്ടീരിയകള്‍ ജലവിതരണ സംവിധാനത്തില്‍ കലരുന്നത്.


പി.ബി 201 എന്ന ബാച്ച് നമ്പറിലുള്ള കുടിവെള്ളത്തിലാണ് പ്രശ്‌നം കണ്ടെത്തിയത്. പരിശോധനാ ഫലത്തെത്തുടര്‍ന്ന് 2026 ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വില്‍പ്പന നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ബിസ്ലേരി ഇന്റര്‍നാഷണലിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി നല്‍കിയത്.

ഗോവയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ നീക്കം. ‘പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍’ വിഭാഗത്തില്‍പ്പെട്ട ഗോവയിലെ സാമ്പിളില്‍ നിശ്ചിത അളവിലും കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അത് സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ പ്രഖ്യാപിച്ചിരുന്നു. 


കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് റഫറല്‍ ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ അവിടെയും സാമ്പിള്‍ സുരക്ഷിതമല്ലെന്ന് വിധിയെഴുതി. തുടര്‍ന്നാണ് കമ്പനിക്കെതിരെ നടപടിക്ക് അനുമതി നല്‍കിയത്.


എന്നാല്‍ തങ്ങളുടെ കുടിവെള്ളം ഉപഭോഗത്തിന് സുരക്ഷിതമാണെന്നും 2025 സെപ്റ്റംബറില്‍ ഗോവ പ്ലാന്റില്‍ നിര്‍മ്മിച്ച ഒരൊറ്റ ബാച്ചില്‍ മാത്രമാണ് പ്രശ്‌നമുണ്ടായതെന്നും ബിസ്ലേരി വ്യക്തമാക്കി.

2025 സെപ്റ്റംബര്‍ 30-ന് ഗോവ പ്ലാന്റില്‍ നിന്ന് എഫ്.എസ്.എസ്.എ.ഐ ആറ് സാമ്പിളുകള്‍ ശേഖരിച്ചതില്‍ അഞ്ചെണ്ണവും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും, ആറാമത്തെ സാമ്പിളില്‍ അനുവദനീയമായ 10 മൈക്രോഗ്രാമിന് പകരം ലിറ്ററിന് 12 മൈക്രോഗ്രാം ബ്രോമേറ്റ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും കമ്പനി വിശദീകരിച്ചു. 

റഫറല്‍ ലാബ് പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെങ്കിലും പി.എ.എച്ച് സാന്നിധ്യം ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്ന് ബിസ്ലേരി പറഞ്ഞു. എഫ്.എസ്.എസ്.എ.ഐ അംഗീകൃത ലാബില്‍ നടത്തിയ സ്വതന്ത്ര പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലാണെന്ന് തെളിഞ്ഞതായും, ഇതിന്റെ ഫലം 2026 ഫെബ്രുവരി രണ്ടിന് വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നതായും കമ്പനി അറിയിച്ചു.

തുടര്‍ന്ന് മറുപടികളൊന്നും ലഭിക്കാത്തതിനാല്‍ വിഷയം അവസാനിച്ചതായാണ് കരുതിയിരുന്നതെന്നും, 10 ഘട്ടങ്ങളുള്ള നിര്‍മ്മാണ പ്രക്രിയയില്‍ 90-ലധികം ഗുണനിലവാര പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അധികൃതരുമായി സഹകരിക്കുന്നത് തുടരുമെന്നും ബിസ്ലേരി വ്യക്തമാക്കി.


അതേസമയം, കുടിവെള്ള വിപണിയില്‍ എഫ്.എസ്.എസ്.എ.ഐ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിപുലീകരിച്ച പരിശോധനകളുടെ ഭാഗമായി വിവിധ ബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവയുടെ പരിശോധനാ ഫലം ഉടന്‍ പുറത്തുവരുമെന്നുമാണ് വിവരം. 


ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം, പ്രമുഖ കുടിവെള്ള കമ്പനികളുടെ പേരുകള്‍ക്കും ലേബലുകള്‍ക്കും സമാനമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പേരുകള്‍ ഉപയോഗിച്ച് വിപണിയിലിറങ്ങുന്ന വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയും എഫ്.എസ്.എസ്.എ.ഐ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

 

Get more updates from Pudukad News on Google