Skip to content
November 29, 2026
⌕

‘ടീമിന് വേണ്ടത് എന്നെയല്ല, ശരിയായ ദിശാബോധമാണ്’: മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തേക്ക് തിരിച്ചെത്താൻ ആദ്യം മടിയുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ പദവി വീണ്ടും ഏറ്റെടുത്തതിന് പിന്നിലെ മനസ്സ് തുറന്ന് ഹിറ്റ്മാൻ രോഹിത് ശർമ്മ; കിരീട സമ്മർദ്ദങ്ങൾ മറന്ന് ക്രിക്കറ്റ് ആസ്വദിക്കാൻ ടീമിനോട് ആഹ്വാനം

November 28, 2026
Share this post to

മുംബൈ: 2027-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് മടങ്ങിവരാന്‍ തനിക്ക് ആദ്യം മടിയുണ്ടായിരുന്നുവെന്ന് രോഹിത് ശര്‍മ്മ സമ്മതിച്ചു. 

നേതൃത്വം വീണ്ടും ഏറ്റെടുക്കാന്‍ സമ്മതിക്കുന്നതിന് മുമ്പ് ആലോചിക്കാന്‍ സമയം വേണ്ടിവന്നതായും അദ്ദേഹം വെളിപ്പെടുത്തി. പേസര്‍ അര്‍ഷ്ദീപ് സിംഗിനെ ഉള്‍പ്പെടുത്തിയുള്ള ട്രേഡിലൂടെ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിലേക്ക് മാറിയതിന് പിന്നാലെയാണ് 39-കാരനായ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് വെള്ളിയാഴ്ച വീണ്ടും ക്യാപ്റ്റനായി നിയമിച്ചത്.

ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് ചര്‍ച്ച ചെയ്യാന്‍ ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി സമീപിച്ചതിന് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ടീമിനെ വീണ്ടും നയിക്കാനുള്ള സാധ്യത ഒടുവില്‍ ആകര്‍ഷകമായി തോന്നിയെങ്കിലും, ആ ഉത്തരവാദിത്തത്തിന് താന്‍ സജ്ജനാണോ എന്ന് ആദ്യം ഉറപ്പില്ലായിരുന്നുവെന്ന് രോഹിത് പറഞ്ഞു. 


ഭാര്യയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും, ആകാശ് തന്നെ വിളിക്കുകയും നേരില്‍ കണ്ട് ടീമിനെ മുന്നോട്ട് നയിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുകയും ഒരുപാട് ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തതായും രോഹിത് വ്യക്തമാക്കി.


മുംബൈ ഇന്ത്യന്‍സിനെ വീണ്ടും നയിക്കാന്‍ തയ്യാറാണോ എന്ന് ആകാശ് ചോദിച്ചപ്പോള്‍, ഒന്ന് പിന്നോട്ട് മാറി ആലോചിക്കാനാണ് ആദ്യം തോന്നിയത്. അടുത്ത സീസണുകളില്‍ ഫ്രാഞ്ചൈസിക്കൊപ്പം പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോയതിനാല്‍, ആ പദവി ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലാണോ താനുള്ളതെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു.

‘ഇപ്പോള്‍ ഇതിന് തയ്യാറല്ല എന്നായിരുന്നു എന്റെ സത്യസന്ധമായ ആദ്യ ചിന്ത. തിരികെ പോയി അതിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നു. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. അത് ചെയ്യാനുള്ള മാനസികാവസ്ഥയിലാണോ ഞാനെന്ന് എനിക്കറിയില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.


എന്നാല്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്തോറും, തിരിച്ചുവരവിനായി ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ശരിയായ ദിശാബോധം ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. ടീമിന് തന്നെ ഒരു നേതാവായി ആവശ്യമുണ്ടെന്നതിനേക്കാള്‍ ഉപരിയായി ടീമിന് ശരിയായ ദിശാബോധമാണ് വേണ്ടതെന്ന് വേര്‍തിരിച്ചു കണ്ട രോഹിത്, ഒടുവില്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ‘ഉള്ളില്‍ നിന്ന് എനിക്കൊരു തോന്നലുണ്ടായി. 


ഈ ടീമിന് എന്നെ ഒരു നേതാവായി ആവശ്യമുണ്ടെന്നല്ല ഞാന്‍ പറയുന്നത്, ഈ ടീമിന് ദിശാബോധമാണ് ആവശ്യം,’ അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദക്കാലം താന്‍ നയിക്കുകയും ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായി വളര്‍ത്തുകയും ചെയ്ത ടീമാണിതെന്ന തിരിച്ചറിവാണ് ആ വെല്ലുവിളി വീണ്ടും ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായി മുംബൈയെ മാറ്റിയ സ്ഥിരത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് രോഹിത്തിന്റെ തിരിച്ചുവരവ്. 2020-ലാണ് മുംബൈ അവസാനമായി കിരീടം നേടിയത്.

അതിനുശേഷമുള്ള സീസണുകളില്‍ 2021-ല്‍ അഞ്ചാം സ്ഥാനത്തും 2022-ല്‍ അവസാന സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്തത്. 2023-ന് ശേഷം രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയെങ്കിലും ടീമിന് സ്ഥിരതയാര്‍ന്ന വിജയം നേടാനായില്ല. 2024-ല്‍ പത്താം സ്ഥാനത്തും 2025-ല്‍ ക്വാളിഫയര്‍ രണ്ടിലും എത്തിയ ടീം 2026-ല്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നിരാശാജനകമായ പ്രകടനങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ വലിയ നിരാശയുണ്ടാക്കിയെന്നും, പ്ലേ ഓഫിലെത്താന്‍ കഴിയാത്തതിനേക്കാള്‍ ഉപരിയായിരുന്നു ആ അതൃപ്തിയെന്നും രോഹിത് പറഞ്ഞു.


‘ഞങ്ങള്‍ കളിക്കുന്ന രീതിയില്‍ കളിക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ വളരെ നിരാശരായിരുന്നു. എല്ലാ പ്രൊഫഷണല്‍ കായികതാരങ്ങള്‍ക്കും ഇത് സംഭവിക്കാറുണ്ട്. ഒന്നോ രണ്ടോ കളിക്കാരെക്കുറിച്ചല്ല, മുഴുവന്‍ ടീമിനെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്,’ അദ്ദേഹം പറഞ്ഞു. 


യോഗ്യത നേടാത്തതിനേക്കാള്‍, നന്നായി കളിക്കാന്‍ കഴിയാത്തതും ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കാത്തതുമാണ് നിരാശയ്ക്ക് കാരണമായതെന്ന് രോഹിത് വ്യക്തമാക്കി. 

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവരുമ്പോള്‍, മറ്റൊരു കിരീടം നേടുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് ടീമിന്റെ ശ്രദ്ധ മാറ്റാനാണ് രോഹിത് ആഗ്രഹിക്കുന്നത്. പകരം, ക്രിക്കറ്റ് കളിക്കുന്നതിന്റെ ആനന്ദം ടീം വീണ്ടെടുക്കണമെന്നും ഡ്രസ്സിംഗ് റൂമില്‍ അതിന് മുന്‍ഗണന നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google