Skip to content
November 29, 2026
⌕

നോർക്ക കെയർ പ്രീമിയം 233 ശതമാനം വരെ വർധിപ്പിച്ചതിനെതിരെ പ്രവാസി ലീഗൽ സെൽ; ഹൈക്കോടതി നിർദേശപ്രകാരമുള്ള ഹിയറിംഗ് സെക്രട്ടേറിയറ്റിൽ നടന്നു

November 28, 2026
Share this post to

തിരുവനന്തപുരം: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ കുത്തനെയുള്ള പ്രീമിയം വർധനയ്ക്കെതിരെ പ്രവാസി ലീഗൽ സെല്ലും മറ്റ് രണ്ട് ഹർജിക്കാരും സമർപ്പിച്ച റിട്ട് ഹർജിയിൽ (W.P.(C) No.38075/2026) ഹൈക്കോടതി നിർദേശപ്രകാരമുള്ള ഹിയറിംഗ് സെക്രട്ടേറിയറ്റിൽ നടന്നു.

നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ലത എസ്. മുമ്പാകെ നടന്ന ഹിയറിംഗിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ. രാജേഷ് എം., മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. പ്രവാസി ലീഗൽ സെൽ ഒക്ടോബർ 29-ന് സമർപ്പിച്ച നിവേദനം പരിഗണിച്ച്, ഹർജിക്കാരെയും ബന്ധപ്പെട്ട കക്ഷികളെയും കേട്ടശേഷം വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് നവംബർ 5-ലെ ഹൈക്കോടതി വിധിയിൽ നിർദേശിച്ചിട്ടുള്ളത്.

2025-26 വർഷത്തിൽ അഞ്ചുലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 13,411 രൂപയായിരുന്ന പ്രീമിയം 2026-27-ൽ 51–60 വയസ്സുകാർക്ക് 35,664 രൂപയായും (166% വർധന) 61–70 വയസ്സുകാർക്ക് 44,718 രൂപയായും (233% വർധന) ഉയർത്തിയത് മുതിർന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രായാധിഷ്ഠിത പ്രീമിയം വർധന പുനഃപരിശോധിക്കുക, താങ്ങാവുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുക, സർക്കാർ സബ്‌സിഡി അനുവദിക്കുക, ജി.എസ്.ടി. ഇളവിന് നടപടി സ്വീകരിക്കുക, ഉയർന്ന പ്രീമിയം അടച്ചവർക്ക് അധിക തുക തിരികെ നൽകുകയോ ക്രമീകരിക്കുകയോ ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

കൂടാതെ 31 പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ നിർദേശങ്ങളും ഹിയറിംഗിൽ സമർപ്പിച്ചു. യഥാർത്ഥ ക്ലെയിം കണക്കുകളും പ്രീമിയം നിർണയത്തിന്റെ അടിസ്ഥാനവും സുതാര്യമായി പരിശോധിക്കുക, കൂടുതൽ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അംഗസംഖ്യ വർധിപ്പിക്കുക,

ഭരണ-സാങ്കേതിക ചെലവുകൾ കുറയ്ക്കുക, മെഡിസെപ് ഉൾപ്പെടെയുള്ള മാതൃകകളിലെ പ്രയോജനകരമായ ഘടകങ്ങൾ സ്വീകരിക്കുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രത്യേക പദ്ധതിക്ക് പകരം നിലവിലുള്ള നോർക്ക കെയർ പദ്ധതിയുടെ അതേ മാതൃകയിലും ആനുകൂല്യങ്ങളോടെയും അവരെയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി നവംബർ 17-ലെ ഉത്തരവ് (നം.583/2026/NORKA) പ്രകാരം സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിക്കും പ്രവാസി ലീഗൽ സെൽ വിശദമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറരുതെന്നും ഹിയറിംഗിൽ പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ, എ. ജിഹാംഗീർ, നന്ദ ഗോപകുമാർ, അബ്ദുൽ ഹക്കീം, നിയാസ് പൂജപ്പുര എന്നിവർ പങ്കെടുത്തതായും ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ അറിയിച്ചു.

Get more updates from Pudukad News on Google