മണ്ഡല പുനർനിർണയം: വനിതാ സംവരണത്തിന്റെ മറവിൽ ഫെഡറൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആർഎസ്എസ് രാഷ്ട്രീയ പദ്ധതി – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയത്തെ രാഷ്ട്രീയ ആയുധമാക്കി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനും രാജ്യത്തിന്റെ രാഷ്ട്രീയ അധികാര സന്തുലിതാവസ്ഥ സംഘപരിവാറിന് അനുകൂലമായി പുനഃക്രമീകരിക്കാനുമുള്ള ആസൂത്രിത നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവിച്ചു.
വനിതാ സംവരണം രാജ്യത്തെ സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശമാണ്. എന്നാൽ ആ അവകാശത്തോടുള്ള ജനങ്ങളുടെ സ്വാഭാവികമായ പിന്തുണയെ രാഷ്ട്രീയ മറയാക്കി, അതിനോടൊപ്പം മണ്ഡല പുനർനിർണയത്തിന്റെ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
സ്ത്രീകളുടെ രാഷ്ട്രീയ അധികാര പങ്കാളിത്തം ഉറപ്പാക്കുകയെന്ന മഹത്തായ ലക്ഷ്യത്തെ അധികാര കേന്ദ്രീകരണത്തിനുള്ള ഉപകരണമാക്കി മാറ്റുന്നത് ഗൂഢ തന്ത്രമാണ്.
മണ്ഡല പുനർനിർണയം ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്ന കേവലമായ ഭരണപരമായ നടപടിയല്ല. ഇന്ത്യയുടെ ഫെഡറൽ അധികാരഘടനയെയും സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥയെയും സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെയും ദൂരവ്യാപകമായി ബാധിക്കുന്ന ഭരണഘടനാപരമായ പ്രക്രിയയാണത്.
പ്രത്യേകിച്ച് ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്.
ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്ന തരത്തിലുള്ള പുനർനിർണയം വികസന നേട്ടങ്ങളെ തകർക്കുന്ന ജനാധിപത്യവിരുദ്ധ നടപടിയാണ്.
ഇന്ത്യൻ ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സംഖ്യാബലത്തിൽ മാത്രം അധിഷ്ഠിതമായ ഒന്നല്ല. സംസ്ഥാനങ്ങളുടെ തുല്യമായ രാഷ്ട്രീയ അന്തസ്സും ഫെഡറൽ അധികാര പങ്കാളിത്തവും സാമൂഹിക നീതിയും ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും തുല്യപ്രാതിനിധ്യവും അതിന്റെ അടിസ്ഥാന മൂല്യങ്ങളാണ്.
ഈ മൂല്യങ്ങളെ അവഗണിച്ച് ജനസംഖ്യയുടെ കണക്കുകൾ മാത്രം അധികാരത്തിന്റെ മാനദണ്ഡമാക്കുന്നത് ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യത്തിന്റെ അന്തഃസത്തയെ തന്നെ തകർക്കും.
ഇതിനു പിന്നിൽ കേവലം തിരഞ്ഞെടുപ്പ് വിജയത്തിന്റെ തന്ത്രമല്ല ഉള്ളത്. ഇന്ത്യയുടെ ഭരണഘടനാപരമായ വൈവിധ്യങ്ങളെയും അധികാര വികേന്ദ്രീകരണത്തെയും ഇല്ലാതാക്കി, ഏകകേന്ദ്രിതമായ രാഷ്ട്രീയ-സാംസ്കാരിക അധികാരവ്യവസ്ഥ സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ സംഘരാഷ്ട്ര പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെ കാണേണ്ടത്.
സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വയംഭരണത്തെയും ഫെഡറൽ അവകാശങ്ങളെയും ദുർബലപ്പെടുത്തി കേന്ദ്രത്തിൽ അധികാരം കേന്ദ്രീകരിക്കാനുള്ള ഓരോ നീക്കവും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയ്ക്കു നേരെയുള്ള കടന്നാക്രമണമാണ്.
മണ്ഡല പുനർനിർണയത്തിൽ ജനസംഖ്യയ്ക്കൊപ്പം ഫെഡറൽ നീതി, സംസ്ഥാനങ്ങളുടെ വികസന നേട്ടങ്ങൾ, സാമൂഹിക പിന്നാക്കാവസ്ഥ, പ്രാതിനിധ്യത്തിലെ അസമത്വങ്ങൾ തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിക്കപ്പെടണം.
എല്ലാ സംസ്ഥാനങ്ങൾക്കും സാമൂഹിക വിഭാഗങ്ങൾക്കും തുല്യമായ പങ്കാളിത്തവും വിശ്വാസ്യതയുള്ള ചർച്ചയും ഉറപ്പാക്കാതെ ഏകപക്ഷീയമായി ഈ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രസർക്കാരിന് അവകാശമില്ല.
വനിതാ സംവരണം വേണം; എന്നാൽ അതിന്റെ മറവിൽ ഫെഡറൽ ജനാധിപത്യത്തിന്റെ കശാപ്പ് അനുവദിക്കില്ല. ജനാധിപത്യ പരിഷ്കാരങ്ങളുടെ പേരിൽ അധികാര കേന്ദ്രീകരണവും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പുനർവിതരണവും അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ രാജ്യം ചെറുത്തുതോൽപ്പിക്കണം.
ഇന്ത്യയെ സംഘരാഷ്ട്രമാക്കാനുള്ള ആർഎസ്എസ് പദ്ധതിക്കെതിരെ ഫെഡറൽ ജനാധിപത്യത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
Get more updates from Pudukad News on Google




