Skip to content
November 29, 2026
⌕

പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ ഇറാൻ ഉപയോഗിച്ചെന്ന് ‘വാഷിംഗ്ടൺ പോസ്റ്റ്’: അമേരിക്കൻ സൈന്യത്തിനെതിരെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനമായി പ്രവർത്തിച്ചെന്ന് വെളിപ്പെടുത്തൽ; കടുത്ത നടപടികളുമായി സ്പേസ് എക്സ്

November 29, 2026
Share this post to

വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ടെഹ്റാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ, പശ്ചിമേഷ്യയിലെ യുഎസ് സൈനികര്‍ക്കെതിരായ സൈനിക നീക്കങ്ങളെ സഹായിക്കാന്‍ ഇറാന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചതായി ‘ദി വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. 


സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് അനധികൃത സ്റ്റാര്‍ലിങ്ക് ഉപയോഗങ്ങള്‍ സ്‌പേസ് എക്‌സ് കണ്ടെത്തിയതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കുന്നു.


കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ആവശ്യങ്ങള്‍ക്കും വണ്‍-വേ അറ്റാക്ക് ഡ്രോണ്‍ (ചാവേര്‍ ഡ്രോണ്‍) പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമാണ് ഈ സാറ്റലൈറ്റ് സേവനം ഉപയോഗിച്ചതെന്നാണ് വിവരം.   

വേനല്‍ക്കാലത്ത് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് സമര്‍പ്പിച്ച യുദ്ധത്തെക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ടില്‍ ഇറാന്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതിനെക്കുറിച്ച് ഹ്രസ്വമായി പരാമര്‍ശിച്ചിട്ടുണ്ടെന്ന് പത്രം പറയുന്നു. എന്നാല്‍, പ്രതിരോധ സെക്രട്ടറിയുടെ ഓഫീസിലേക്ക് സെന്‍ട്രല്‍ കമാന്‍ഡ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് അറിവില്ലെന്നാണ് പെന്റഗണ്‍ പ്രതികരിച്ചത്. 

ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട മാര്‍ച്ച് ഒന്നിന് കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചിരുന്നോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഈ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണ കണ്ടെത്തലുകള്‍ പെന്റഗണ്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.   


അതേസമയം, ഇരുകക്ഷികളും തങ്ങളുടെ സാറ്റലൈറ്റ് സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ സ്‌പേസ് എക്‌സിനുള്ളില്‍ കടുത്ത ആശങ്കയും ഇലോണ്‍ മസ്‌കിന് വലിയ രോഷവും ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 


കരയിലെ സൈനിക നീക്കങ്ങള്‍ക്കായി എടുത്ത സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ യുഎസ് സൈന്യം സ്‌പേസ് എക്‌സിന്റെ സൈനിക സാറ്റലൈറ്റ് സേവനമായ ‘സ്റ്റാര്‍ഷീല്‍ഡ്’ ഉപയോഗിച്ചതറിഞ്ഞ് മസ്‌ക് കടുത്ത അമര്‍ഷത്തിലായിരുന്നുവെന്നും, ഈ രണ്ട് സംഭവങ്ങളുടെയും പേരില്‍ ആഴ്ചാവസാനത്തോടെ കുറഞ്ഞത് രണ്ട് സ്‌പേസ് എക്‌സ് എക്‌സിക്യൂട്ടീവുകളെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഇതിനെത്തുടര്‍ന്ന് റീസെല്ലര്‍മാര്‍ വഴി സേവനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ മേലുള്ള പരിശോധന സ്‌പേസ് എക്‌സ് കര്‍ശനമാക്കിയിട്ടുണ്ട്.  

 

Get more updates from Pudukad News on Google