ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ നടന്ന യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്തു.
ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ നിർവഹിച്ചു.
തൃശൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു മെച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.
കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായർ മുഖ്യാതിഥിയായിരുന്നു.
കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സാജു ലൂയിസ് മുഖ്യപ്രഭാഷണം നടത്തി.
കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എൻ. ഷാജി, ടി.ഡി.ബി.എസ്.എ. സെക്രട്ടറി പി.ഒ. ജോയ്, ട്രഷറർ ജോയ് കെ. ആന്റണി, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.
ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ജമ്മുകാശ്മീരിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.


