
ബെംഗളൂരു നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കർശന നടപടികളുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഗതാഗത പ്രശ്നം അതിരൂക്ഷമായ ഹെബ്ബാൾ, യെലഹങ്ക മേഖലകളിലാണ് ആദ്യഘട്ടത്തിൽ പുതിയ പാർക്കിങ് നയം നടപ്പിലാക്കുന്നത്. റോഡരികിലെ അശാസ്ത്രീയമായ പാർക്കിങ് പൂർണ്ണമായും ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഹെബ്ബാളിൽ പത്തും യെലഹങ്കയിൽ എട്ടും ഉൾപ്പെടെ ആകെ 18 ഇടങ്ങൾ പെയ്ഡ് പാർക്കിങ്ങിനായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പണം നൽകി വാഹനങ്ങൾ പാർക്ക് ചെയ്യാം. തിരക്കേറിയ റോഡുകളിൽ ഗതാഗതത്തെ ബാധിക്കാത്ത വിധം പാർക്കിങ് അനുവദിക്കാൻ സാധിക്കുന്ന എട്ട് റോഡുകളും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി അതോറിറ്റി ഇതിനോടകം ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു.
Also Read: പൾസർ പ്രേമികൾക്ക് ആവേശം; പുത്തൻ ഗ്രാഫിക്സുമായി ബജാജ് പൾസർ 125-ന്റെ പുതിയ പതിപ്പ് വിപണിയിൽ
മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് അതോറിറ്റി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. റോഡരികിൽ അനുവദനീയമായ ഇടങ്ങളിൽ പണം വാങ്ങി പാർക്കിങ് സൗകര്യം ഒരുക്കുകയാണ് ആദ്യ പടി. ഇതിന് സാധിക്കാത്ത തിരക്കേറിയ ഭാഗങ്ങളിൽ വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങ് സ്ഥലങ്ങൾ വേർതിരിക്കും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട നടപടി ടോവിങ് പുനരാരംഭിക്കുന്നു എന്നതാണ്. അനധികൃതമായി റോഡരുകിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ടോവിങ് വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും വലിയ തുക പിഴ ഈടാക്കുകയും ചെയ്യും.
നിലവിൽ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ കൂടുതൽ സ്ഥലങ്ങൾ പാർക്കിങ്ങിനായി ഉപയോഗിക്കാൻ സാധിക്കുമോ എന്നറിയാൻ ഈ മേഖലകളിൽ ഉടൻ തന്നെ ശാസ്ത്രീയ പഠനം നടത്തും. വരും മാസങ്ങളിൽ തന്നെ ഈ കർശന നിയന്ത്രണങ്ങൾ ബെംഗളൂരുവിൽ നിലവിൽ വരും.
The post ബെംഗളൂരുവിൽ വണ്ടി പാർക്ക് ചെയ്താൽ ഇനി പണി കിട്ടും! അനധികൃത പാർക്കിങ്ങിന് ടോവിങ് വരുന്നു; പോക്കറ്റ് കീറും appeared first on Express Kerala.



