loader image
“വിജയമുള്ളപ്പോൾ പുകഴ്ത്തും, പരാജയപ്പെട്ടാൽ അവഗണിക്കും”; സിനിമാ ലോകത്തെക്കുറിച്ച് ജയറാം

“വിജയമുള്ളപ്പോൾ പുകഴ്ത്തും, പരാജയപ്പെട്ടാൽ അവഗണിക്കും”; സിനിമാ ലോകത്തെക്കുറിച്ച് ജയറാം

ലയാള സിനിമയിൽ 38 വർഷം പിന്നിടുന്ന തന്റെ കരിയറിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച് നടൻ ജയറാം. ഗോപിനാഥിന്റെ തമിഴ് പോഡ്‌കാസ്റ്റിലാണ്, വിജയങ്ങൾക്കിടയിലും താൻ നേരിട്ട അവഗണനകളെയും തിരിച്ചടികളെയും കുറിച്ച് താരം വെളിപ്പെടുത്തിയത്. കരിയറിൽ ഒരു ഘട്ടത്തിൽ എല്ലാവരും തന്നെ അവഗണിച്ച സാഹചര്യം ഉണ്ടായിരുന്നുവെന്ന് ജയറാം വെളിപ്പെടുത്തി. പരാജയങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മൂന്ന് വിജയങ്ങൾക്ക് ശേഷം പരാജയങ്ങൾ വരികയും, പിന്നീട് കഠിനാധ്വാനം ചെയ്ത് വീണ്ടും മുൻനിരയിലേക്ക് വരികയും ചെയ്യുന്നതാണ് കഴിഞ്ഞ 38 വർഷത്തെ രീതി.

പദ്മരാജൻ എന്ന ഇതിഹാസ സംവിധായകൻ തന്റെ മിമിക്രി കാസറ്റ് കണ്ടാണ് ‘അപരൻ’ എന്ന ചിത്രത്തിലൂടെ നായകനായി അവതരിപ്പിച്ചത്. പിന്നീട് 20 വർഷത്തോളം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഓർക്കുന്നു. തുടക്കകാലത്ത് സത്യൻ അന്തിക്കാടിന്റെ 15 സിനിമകളിൽ വരെ നായകനായി തിളങ്ങിയ ചരിത്രവും, മിക്ക മുതിർന്ന സംവിധായകർക്കൊപ്പം പത്തും പന്ത്രണ്ടും സിനിമകൾ ചെയ്ത ഒരു സുവർണ്ണകാലവും ഉണ്ടായിരുന്നു. എന്നാൽ ആ വിജയയാത്ര അപ്രതീക്ഷിതമായി ഒരു വലിയ തിരിച്ചടിയിൽ ചെന്ന് അവസാനിസിച്ചെന്നും, ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്തുണ്ടായ ആ വീഴ്ചയിൽ നിന്ന് വീണ്ടും മുകളിലേക്ക് കയറാൻ താൻ നടത്തിയ പോരാട്ടം കഠിനമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

See also  സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ; സെമി പോരാട്ടത്തിന് ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ

Also Read: ഫെബ്രുവരി 26-ന് വിവാഹമെന്ന് റിപ്പോർട്ടുകൾ; ഒടുവിൽ മനസ്സ് തുറന്ന് നടി രശ്മിക മന്ദാന

കഴിഞ്ഞ 38 വർഷമായി ഒരു ഊഞ്ഞാൽ പോലെയാണ് തന്റെ കരിയർ മുന്നോട്ട് പോകുന്നത്. രണ്ട് മൂന്ന് സിനിമകൾ വലിയ വിജയമാകുമ്പോൾ തൊട്ടുപിന്നാലെ അത്ര തന്നെ പരാജയങ്ങളും ഉണ്ടാകും. പിന്നീട് ആ തകർച്ചയിൽ നിന്ന് കഷ്ടപ്പെട്ട് വീണ്ടും വിജയത്തിന്റെ പാതയിലേക്ക് തിരിച്ചെത്തും. വിജയത്തിന്റെ ലഹരിയിൽ ലോകം നമ്മളെ പുകഴ്ത്തിക്കൊണ്ടിരിക്കും. എന്നാൽ പരാജയപ്പെടുമ്പോൾ കഥ മാറുകയാണ്. “വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും, എന്നാൽ ഒരു പരാജയം വരുമ്പോൾ നമ്മൾ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം തെറ്റാണെന്ന് ലോകം വിധിയെഴുതും” ജയറാം പറയുന്നു. പരാജയപ്പെട്ട ആ കാലഘട്ടത്തിൽ പലരും തന്നെ കൈവിട്ടു. ആ അവഗണനയുടെ സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ പഠനകാലമെന്നും, മുൻനിരയിലെത്തിയ പലരും ഇത്തരത്തിൽ കഠിനമായ പോരാട്ടങ്ങളിലൂടെയാണ് ഉയരങ്ങളിലെത്തിയതെന്നും ജയറാം സാക്ഷ്യപ്പെടുത്തുന്നു.

‘എബ്രഹാം ഓസ്ലർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആശകൾ ആയിരം’. 22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്.ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി പ്രജിത് ആണ് സംവിധായകൻ. 2018 എന്ന വൻ വിജയത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് തിരക്കഥയും ക്രിയേറ്റീവ് ഡയറക്ഷനും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ആശ ശരത്ത്, ഇഷാനി കൃഷ്ണകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

See also  മദ്യം തലച്ചോറിനെ ‘ഒറ്റപ്പെടുത്തുന്നു’; ആശയവിനിമയ ശേഷി കുറയുമെന്ന് പുതിയ കണ്ടെത്തൽ

The post “വിജയമുള്ളപ്പോൾ പുകഴ്ത്തും, പരാജയപ്പെട്ടാൽ അവഗണിക്കും”; സിനിമാ ലോകത്തെക്കുറിച്ച് ജയറാം appeared first on Express Kerala.

Spread the love

New Report

Close