
ആലപ്പുഴ മാരാരിക്കുളം ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജനുവരി 22 മുതലാണ് അവധി നിലവിൽ വരുന്നത്. കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ജില്ലാ കളക്ടറുടെ ഈ അടിയന്തര ഉത്തരവ്.
അവധി ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ക്ലാസുകൾ ഓൺലൈനായി തുടരാൻ നിർദ്ദേശമുണ്ട്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂളിലും പരിസരത്തും രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.
Also Read: വിസ്‌കി ലോകത്തെ ഇന്ത്യൻ കരുത്ത്; 10 ലക്ഷത്തിന്റെ അമൃതിന് ആഗോള അംഗീകാരം
എന്താണ് മുണ്ടിനീര്
മുണ്ടിനീര് അല്ലെങ്കിൽ മുണ്ടിവീക്കം എന്ന് അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. പ്രധാനമായും ഉമിനീർ ഗ്രന്ഥികളെയാണ് ഈ വൈറസ് ബാധിക്കുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം, രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് എത്തുന്നത്.
സാധാരണയായി അണുബാധയുണ്ടായി ഗ്രന്ഥികളിൽ വീക്കം പ്രകടമാകുന്നതിന് തൊട്ടുമുമ്പും, വീക്കം തുടങ്ങിയ ശേഷം ഏകദേശം നാല് മുതൽ ആറ് ദിവസം വരെയുമാണ് രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാൻ സാധ്യത കൂടുതൽ. അതിനാൽ ഈ കാലയളവിൽ രോഗബാധിതർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
The post മാരാരിക്കുളം സ്‌കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചു; 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ! appeared first on Express Kerala.



