
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ പിതാവ് കവളാകുളം സ്വദേശി ഷിജിലിനെ (31) പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനോടുള്ള കടുത്ത വെറുപ്പാണ് കൊലപാതകത്തിന് കാരണമെന്ന് ഷിജിൽ പോലീസിനോട് സമ്മതിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ചയാണ് ഷിജിലിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റു ചെയ്തത്. മകൻ ഇഹാന്റെ കരച്ചിൽ ഇഷ്ടപ്പെടാതിരുന്ന ഷിജിൽ, കുട്ടിയെ മടിയിലിരുത്തിയ ശേഷം വലതുകൈമുട്ടുകൊണ്ട് അടിവയറ്റിൽ ശക്തമായി ഇടിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ഷിജിലും ഭാര്യ കൃഷ്ണപ്രിയയും കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ബിസ്‌കറ്റും മുന്തിരിയും കഴിച്ച് വന്നതെന്നാണ് ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ ദേഹപരിശോധനയിൽ അടിവയറ്റിലെ പരിക്കുകൾ കണ്ടതോടെ ഡോക്ടർമാർക്ക് സംശയം തോന്നി. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ ക്രൂരത പുറത്തുവന്നത്. സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു.
Also Read: ചിതറയിൽ 16-കാരിക്ക് നേരെ പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ
കുഞ്ഞിനോട് തുടക്കം മുതൽ തന്നെ വെറുപ്പായിരുന്ന ഷിജിൽ, ഇഹാന്റെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ കൃഷ്ണപ്രിയയുമായി നിരന്തരം വഴക്കിട്ടിരുന്നു. ആഴ്ചകൾക്ക് മുൻപ് ഷിജിൽ തള്ളിയിട്ടതിനെത്തുടർന്നാണ് ഇഹാന്റെ വലതുകൈ ഒടിഞ്ഞത്. മരിക്കുമ്പോഴും കുഞ്ഞിന്റെ കയ്യിൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു. കുഞ്ഞ് കരയുമ്പോൾ എടുക്കാനോ ആശ്വസിപ്പിക്കാനോ അമ്മയെ പോലും പ്രതി അനുവദിച്ചിരുന്നില്ല. പിണക്കത്തിലായിരുന്ന ദമ്പതികൾ രണ്ടുമാസം മുൻപാണ് വീണ്ടും ഒന്നിച്ചു താമസം തുടങ്ങിയത്. ബാലരാമപുരം സി ഐ വി സൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post കുഞ്ഞിനോട് വെറുപ്പ്, കരച്ചിൽ മാറ്റാൻ എടുത്താലും മർദ്ദിക്കും; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ appeared first on Express Kerala.


