
ചാറ്റ് ജിപിടി ഉപയോഗിക്കുന്ന കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ഒരുപോലെ സുപ്രധാനമായ മാറ്റമാണ് ഓപ്പൺ എഐ കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ വെറുതെ പ്രായം ടൈപ്പ് ചെയ്ത് നൽകി എഐയെ കബളിപ്പിക്കാൻ കഴിയില്ല. ഉപയോക്താവിന്റെ സംസാരശൈലിയും ചോദ്യങ്ങളും വിശകലനം ചെയ്ത് പ്രായം സ്വയം കണ്ടെത്തുന്ന ‘ഏജ് പ്രെഡിക്ഷൻ’ സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
എന്താണ് ഏജ് പ്രെഡിക്ഷൻ മോഡൽ?
ലോഗിൻ ചെയ്യുമ്പോൾ തെറ്റായ ജനന തീയതി നൽകുന്നത് തടയാനാണ് ഈ സംവിധാനം. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ, ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ, ആപ്പ് ഉപയോഗിക്കുന്ന സമയം എന്നിവയെല്ലാം എഐ സൂക്ഷ്മമായി നിരീക്ഷിക്കും. ഈ വിശകലനത്തിലൂടെ ഉപയോക്താവ് ഒരു ടീനേജർ ആണെന്ന് ബോധ്യപ്പെട്ടാൽ ആ അക്കൗണ്ടിൽ ഉടനടി കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നിലവിൽ വരും.
സുരക്ഷാ നിയന്ത്രണങ്ങൾ ഇവയൊക്കെയാണ്
അപകടകരമായ ഉള്ളടക്കം: അക്രമം, ലൈംഗികത, സ്വയം ഉപദ്രവിക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് ലഭ്യമാകില്ല.
സോഷ്യൽ മീഡിയ ചലഞ്ചുകൾ: കുട്ടികളെ അപകടത്തിലാക്കുന്ന വൈറൽ ചലഞ്ചുകളെക്കുറിച്ചുള്ള വിവരങ്ങളും നിയന്ത്രിക്കപ്പെടും.
Also Read: എഐക്ക് വേണ്ടത് ‘കമാൻഡ്’; അപമാനകരമായ ഭാഷ പ്രകടനം മെച്ചപ്പെടുത്തുമെന്ന് പെൻസിൽവാനിയ സർവകലാശാല
പേരന്റൽ കൺട്രോൾ: രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് സ്വന്തം അക്കൗണ്ടുമായി ബന്ധിപ്പിക്കാം. പഠനസമയത്തോ ഉറക്കസമയത്തോ ആപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ‘ക്വയറ്റ് അവേഴ്സ്’ സെറ്റ് ചെയ്യാനും രക്ഷിതാക്കൾക്ക് സാധിക്കും.
മാനസികാരോഗ്യ അലേർട്ടുകൾ: കുട്ടി വലിയ തോതിലുള്ള മാനസിക സമ്മർദ്ദത്തിലാണെന്ന് സംഭാഷണങ്ങളിലൂടെ എഐക്ക് തോന്നിയാൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകും.
പ്രായം തെളിയിക്കാൻ വഴിയുണ്ട്: സിസ്റ്റത്തിന് പ്രായം കണക്കാക്കുന്നതിൽ തെറ്റ് സംഭവിക്കുകയാണെങ്കിൽ അത് പരിഹരിക്കാനും സംവിധാനമുണ്ട്. മുതിർന്ന വ്യക്തിയായിട്ടും എഐ നിങ്ങളെ കുട്ടിയായി കണക്കാക്കിയാൽ ‘Persona’ എന്ന സുരക്ഷിത പ്ലാറ്റ്‌ഫോം വഴി തിരിച്ചറിയൽ രേഖയോ സെൽഫിയോ നൽകി പ്രായം ഉറപ്പുവരുത്താവുന്നതാണ്. ഭാവിയിൽ മുതിർന്നവർക്കായി കൂടുതൽ ഫീച്ചറുകളുള്ള ‘അഡൽറ്റ് മോഡ്’ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ.
The post ഇനി പ്രായം ഒളിച്ചുവെക്കാൻ കഴിയില്ല! ചാറ്റ് ജിപിടിയെ പറ്റിക്കാൻ നോക്കിയാൽ പണി പാളും; വരുന്നു ‘ഏജ് പ്രെഡിക്ഷൻ’ വിദ്യ appeared first on Express Kerala.


