loader image
അമേരിക്കൻ ‘അഭിമാനത്തെ’ കടലിൽ മുക്കുമോ ഇറാൻ? യു.എസ്.എസ് എബ്രഹാം ലിങ്കൺ വൻ കെണിയിൽ!

അമേരിക്കൻ ‘അഭിമാനത്തെ’ കടലിൽ മുക്കുമോ ഇറാൻ? യു.എസ്.എസ് എബ്രഹാം ലിങ്കൺ വൻ കെണിയിൽ!

ലോകത്ത് ഏറ്റവും അപകടകാരിയായ ഭരണാധികാരി ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ ചിത്രീകരിക്കപ്പെടുന്നത്. കോമാളിയായി അമേരിക്കയെ മൊത്തത്തിൽ നാണം കെടുത്തിയ ട്രംപ് , വെനസ്വേല പ്രസിഡൻ്റിനെ തട്ടി കൊണ്ട് പോകാൻ നിർദ്ദേശം നൽകിയതിലൂടെയും ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിലൂടെയുമാണ് ഇപ്പോൾ അപകടകാരി ആയിരിക്കുന്നത്. അമേരിക്കയെ പോലുള്ള ഒരു സാമ്പത്തിക – സൈനിക ശക്തിയിൽ നിന്നും ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടികളാണിത്.

ആ ട്രംപാണിപ്പോൾ ഇറാനെ പേടിപ്പിക്കാനായും ലോകത്തെ മുൾമുനയിൽ നിർത്താനുമായി കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരിക്കുന്നത്. അമേരിക്കൻ നാവികസേനയുടെ ഏറ്റവും ശക്തമായ നിമിറ്റ്സ്-ക്ലാസ് സൂപ്പർകാരിയറാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. അതായത് കടലിലൂടെ ഒഴുകി വരുന്ന സൈനിക പടയാണിത്. ഈ യുദ്ധകപ്പലിനെ ആക്രമിച്ചാൽ, അത് അമേരിക്കയിൽ ബോംബിടുന്നതിന് തുല്യമാണ്.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, ഇറാൻ സൈനിക കേന്ദ്രങ്ങൾ എന്നിവ ആസ്ഥാനമാക്കി ഒരു വലിയ ആക്രമണമാണ് ട്രംപ് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന വാർത്തകൾക്ക് പിന്നാലെയാണ്, യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാന് തൊട്ടടുത്ത് എത്തിയിരിക്കുന്നത്.

Also Read: ശ്വാസംമുട്ടിക്കാൻ അമേരിക്കയുടെ ‘രഹസ്യ വല’; തളരാതെ ഇറാന്റെ ഷാഡോ ഫ്ലീറ്റ്! മിഡിൽ ഈസ്റ്റിൽ ഉടൻ സംഭവിക്കാൻ പോകുന്നത് എന്ത്?

തങ്ങളുടെ സന്നാഹം കണ്ട് ഇറാൻ പേടിച്ച് വിരളുമെന്ന് വിശ്വസിച്ച അമേരിക്ക പ്രസിഡൻ്റ് ട്രംപിനാണ് പിഴച്ചിരിക്കുന്നത്. ഇറാന് എതിരെ ഏതൊരു ആക്രമണമുണ്ടായാലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മാത്രമല്ല സകല അമേരിക്കൻ താവളങ്ങളും ചാരമാക്കാനാണ് ഇറാൻ്റെ പദ്ധതി. ഇതിനായി അവർ സകല സജ്ജീകരണങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായാണ് ഇറാനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല, പ്രോക്സി ഗ്രൂപ്പുകളെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ ട്രംപിൻ്റെ ബിസിനസ്സ് സാമ്രാജ്യങ്ങൾ തകർക്കാനും അദ്ദേഹത്തിൻ്റെ കുടുംബത്തെ തന്നെ ലക്ഷ്യമിടാനും ഇറാൻ മടിക്കില്ലന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയത്തുള്ള അലി ഖമേനിക്ക് വല്ലതും സംഭവിച്ചാൽ ഇതും സംഭവിക്കും അതിലപ്പുറവും സംഭവിക്കുമെന്നാണ്, ഇറാൻ സേനയും പോക്‌സി ഗ്രൂപ്പുകളും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

അങ്ങനെ സംഭവിച്ചാൽ ആദ്യം ഇറാൻ്റെ ലക്ഷ്യം യുഎസ്എസ് എബ്രഹാം ലിങ്കൺ തന്നെ ആയിരിക്കും. ഈ യുദ്ധ കപ്പൽ ഇറാൻ കടലിൽ മുക്കിയാൽ അതിനകത്തുള്ള ആയിര കണക്കിന് സൈനികരും കൊല്ലപ്പെടും. യുദ്ധ വിമാനങ്ങളും കടലിൽ താഴും. ഖത്തറിലെയും ബഹറിനിലെയും അമേരിക്കൻ താവളങ്ങളും ചാരമാകും. ചീവീടുകളെ പോലെ പറന്ന് വന്ന് ആക്രമിക്കുന്ന ആധുനിക ഡ്രോണുകൾ മുതൽ വമ്പൻ ബാലസ്റ്റിക് മിസൈലുകൾ വരെയുള്ള ഇറാൻ, തിരിച്ചടിക്കാൻ തീരുമാനിച്ചാൽ അമേരിക്ക കെട്ടി പൊക്കിയ സകല ഇമേജും ഒരു നിമിഷം കൊണ്ടാണ് ഇല്ലാതാകുക. ഈ ഒരവസരത്തിനായാണ് ഇറാനും നിലവിൽ കാത്തിരിക്കുന്നത്. ലോകം ആഗ്രഹിക്കുന്നതും അമേരിക്കയുടെ വീഴ്ച തന്നെയാണ്.

Also Read: ഇത് ശത്രുക്കൾ ഭയപ്പെടേണ്ട ഇന്ത്യയുടെ പുതിയ ആയുധം! കണ്ണിൽ കാണാതെ തന്നെ ശത്രുവിനെ വീഴ്ത്തും; ഇന്ത്യൻ ആകാശക്കോട്ടയ്ക്ക് ഇനി ‘സുദർശൻ ചക്ര’ കാവൽ

റഷ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും സമ്മർദ്ദ ഫലമായി പിന്നോട്ട് പോയിരുന്ന ട്രംപ്, പെട്ടന്നാണ് നിലപാട് മാറ്റി വിമാന വാഹിനി കപ്പലിനെ ഇറാൻ ലക്ഷ്യമിട്ട് അയച്ചിരുന്നത്. ഈ യുദ്ധക്കപ്പൽ നേരത്തെ, ദക്ഷിണ ചൈനാ കടലിലാണ് അമേരിക്ക വിന്യസിച്ചിരുന്നത്. എന്നാൽ സാഹചര്യം കണക്കിലെടുത്ത്, പെന്റഗൺ തങ്ങളുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ ഇറാനോട് അടുത്ത് വിന്യസിക്കാൻ തീരുമാനിച്ചത്, ട്രംപിൻ്റെ സമ്മർദ്ദ ഫലമായാണ്. ഒരു ഇടത്തരം സൈന്യത്തിന് തുല്യമായ ഫയർ പവർ ഈ ഗ്രൂപ്പിന് മാത്രമാണെന്നാണ് സൈനിക വിദഗ്ധർ പറയുന്നത്.

See also  കേന്ദ്രത്തിന്റെ കടുത്ത ഗതാഗത നിയമങ്ങൾ കേരളത്തിൽ ഉടൻ നടപ്പാക്കില്ല; മന്ത്രി ഗണേഷ് കുമാർ

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇത് യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ ഫ്ലാഗ്ഷിപ്പാണ്. ഇത് ഒരു കപ്പൽ മാത്രമല്ല, ഒരു മൊബൈൽ എയർബേസും കമാൻഡ് സെന്ററും കൂടിയാണ്. കാരിയർ കൂടാതെ, ഈ ഗ്രൂപ്പിൽ 3 മുതൽ 4 വരെ അത്യാധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, 1 മുതൽ 2 വരെ ആണവ ആക്രമണ അന്തർവാഹിനികൾ, വിതരണ, ഇന്ധന പിന്തുണാ കപ്പലുകൾ എന്നിവ ഉൾപ്പെടുന്നു. ആവശ്യമെങ്കിൽ, ഈ ഗ്രൂപ്പിന് മാസങ്ങളോളം കടലിൽ താമസിച്ച് പോരാടാനാകും. ഏകദേശം ഒരു ലക്ഷം ടൺ ഭാരമുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ ആണവോർജ്ജത്താൽ പ്രവർത്തിക്കുന്നതാണ്, അതായത് ഇതിന് കുറഞ്ഞ തോതിലുള്ള ഇന്ധനം നിറയ്ക്കൽ മാത്രമേ ആവശ്യമായി വരൂ. ഈ വിമാനവാഹിനിക്കപ്പലിൽ മാത്രം ഏകദേശം 5,000 മുതൽ 6,000 വരെ സൈനികരെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്, അതേസമയം മുഴുവൻ ആക്രമണ ഗ്രൂപ്പിലും കൂടി ഈ എണ്ണം 7,000 മുതൽ 8,000 വരെ ഉണ്ടാകും.

ഈ സൂപ്പർകാരിയറിൽ വിന്യസിച്ചിരിക്കുന്നത് അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയാണ്. ഇതിൽ ഏകദേശം 65 മുതൽ 70 വരെ യുദ്ധവിമാനങ്ങളും പിന്തുണാ വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിൽ F/A-18E/F സൂപ്പർ ഹോർണറ്റ്, അത്യാധുനിക സ്റ്റെൽത്ത് ഫൈറ്റർ F-35C ലൈറ്റ്നിംഗ്-2, EA-18G ഗ്രൗളർ, E-2D ഹോക്കിഐ, MH-60 സീഹോക്ക് ഹെലികോപ്റ്റർ എന്നിവ ഉൾപ്പെടുന്നു. ഈ വിമാനങ്ങൾക്ക് രാവും പകലും പറക്കാനും ആക്രമണം, നിരീക്ഷണം, പ്രതിരോധം എന്നീ മൂന്ന് ജോലികളും ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുള്ളതാണ്.

Also Read: ചാരക്കണ്ണുകളെ കടപുഴക്കി ഇന്ത്യയുടെ ‘ഗെയിം ചേഞ്ചർ’; കർത്തവ്യ പഥിൽ വിസ്മയമാകാൻ എസ്-400 മിസൈൽ പ്രതിരോധം

ഡിസ്ട്രോയറുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും തൊടുക്കാൻ കഴിയുന്ന നൂറുകണക്കിന് ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഈ ഗ്രൂപ്പിലുണ്ട്. ഒരു കണക്കനുസരിച്ച്, മുഴുവൻ ഗ്രൂപ്പിനും ഒരേസമയം 500 മുതൽ 1000 വരെ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയും. ഇതിനുപുറമെ, വായുവിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് കരയിലേക്കും മിസൈലുകൾ, സ്മാർട്ട് ബോംബുകൾ, നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ അതിനെ അഭേദ്യമാക്കുകയും തുളച്ചുകയറാൻ കഴിയാതിരിക്കുകയും ചെയ്യുന്നു. ഇറാനുമായി നേരിട്ടുള്ള യുദ്ധം ഉണ്ടായാൽ, ഈ ഗ്രൂപ്പിന് ഇറാന്റെ വ്യോമതാവളങ്ങൾ, മിസൈൽ താവളങ്ങൾ, നാവിക താവളങ്ങൾ, തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിയുമെന്നുമാണ് അമേരിക്കൻ സൈനിക നേതൃത്വം അവകാശപ്പെടുന്നത്.

എന്നാൽ, ഈ മനകോട്ടകളെല്ലാം പൊളിച്ച് ഇറാൻ സേന താണ്ഡവ നൃത്തമാടുന്ന കാഴ്ചയാണ് ലോകം ഇനി കാണാൻ പോകുന്നത് എന്നാണ് ഇറാൻ സൈനിക നേതൃത്വം പറയുന്നത്. പ്രതിരോധ വിദഗ്ദരും ഇറാൻ്റെ ഈ വാദത്തെ ഗൗരവമായി തന്നെയാണ് കാണുന്നത്.

See also  വാട്‌സ്ആപ്പ് ചാറ്റുകൾ ജീവനക്കാർക്ക് വായിക്കാം? മെറ്റക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പരാതി

അതിന് അവരെ പ്രേരിപ്പിക്കുന്നത്, ഇറാൻ്റെ കൈവശമുള്ള ബാലിസ്റ്റിക് മിസൈലുകളുടെ വൻ ശേഖരം തന്നെയാണ്. മാത്രമല്ല, റഷ്യക്ക് വരെ വിതരണം ചെയ്യുന്ന രൂപത്തിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രോണുകളുടെ ശേഖരമുള്ളതും ഇറാനാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ, ചീവീടുകളെ പോലെ കൂടമായി ആയിരക്കണക്കിന് ഡ്രോണുകൾ താഴ്ന്ന് പറന്നു വന്ന് ആക്രമിച്ചാൽ, അമേരിക്കൻ അഭിമാനമാണ് കടലിൽ മുങ്ങിപ്പോവുക.

Also Read: കർത്തവ്യ പഥിൽ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന സൈനിക വിന്യാസം! ഇത് ചൈനയ്ക്കും പാകിസ്ഥാനുമുള്ള ഇന്ത്യയുടെ ‘ക്ലിയർ വാണിംഗ്’?

ഇറാൻ്റെ മിസൈലുകളെ തടയാൻ, ഇസ്രയേലിൻ്റെ അയേൺ ഡോമിനും അമേരിക്കയുടെ താഡിനും കഴിയാത്തതിനാലാണ് ഇസ്രയേലിനുള്ളിൽ ഇറാൻ്റെ മിസൈൽ ആറ് മാസം മുൻപ് പതിച്ചിരുന്നത്. അതുപോലെ മുന്നറിയിപ്പ് എന്ന നിലയിൽ, അതേ കാലയളവിൽ ഖത്തറിലെ അമേരിക്കൻ താവളത്തിലേക്ക് ഇറാൻ തൊടുത്ത് വിട്ട, പ്രതീകാത്മക മിസൈൽ പോലും തടുത്തിടാൻ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതു കൊണ്ട്, അമേരിക്ക വല്ലാതെ കളിച്ചാൽ, യുഎസ്എസ് എബ്രഹാം ലിങ്കൺ മാത്രമല്ല, അമേരിക്കയുടെ പലതും കത്തി ചാമ്പലാകാനാണ് സാധ്യത.

ഇറാൻ്റെ പ്രോക്സി മിലിഷ്യകൾ ഇപ്പോഴും ലോകത്ത് പല ഭാഗത്തും ശക്തമാണ്. അവർ കരയിൽ മാത്രമല്ല, കടലിലും സജീവമാണ്. ഗറില്ലാ മോഡൽ ആക്രമണം, അതു കൊണ്ടു തന്നെ അമേരിക്കൻ സൈന്യവും ഭയപ്പെടുന്നുണ്ട്.

പിന്നെ മറ്റൊരു കാര്യം, സ്വന്തം രാജ്യത്തിനും വിശ്വാസത്തിനും, വേണ്ടി ജീവൻ ബലിയർപ്പിക്കുന്നത് പോലും പുണ്യമായി കാണുന്ന ഇറാൻ സൈന്യത്തിൻ്റെ പോരാട്ട വീര്യമല്ല, ശമ്പളത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന അമേരിക്കൻ സൈനികർക്കുള്ളത് എന്നതും നാം ഓർക്കേണ്ടതുണ്ട്. അതു കൊണ്ടാണ്, ട്രംപ് വാശിപിടിക്കുമ്പോഴും, ഇറാനുമായി യുദ്ധം ചെയ്യരുത് എന്ന് അമേരിക്കൻ സൈനിക ജനറൽമാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. സംഘർഷം നീണ്ടുനിൽക്കുന്നത് അമേരിക്കയ്ക്കും മേഖലയ്ക്കും വലിയ അപകടമുണ്ടാക്കുമെന്നാണ്, അവർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read: ഇറാനെ വിഴുങ്ങാൻ കാത്ത് അമേരിക്കയുടെ ‘പറക്കുന്ന പെട്രോൾ പമ്പുകൾ’, തൊടാൻ പോലും പറ്റില്ലെന്ന് ഖമേനിയും! അൽ ഉദൈദിലെ അസാധാരണ നീക്കത്തിന് പിന്നിൽ എന്താണ്?

യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ വിന്യാസം യുദ്ധത്തിന് മാത്രമല്ല, ഇറാനെ തടയാനും മേഖലയിലെ അമേരിക്കൻ, സഖ്യകക്ഷി താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് എന്നാണ് അമേരിക്കൻ സൈനിക നേതൃത്വം ഇപ്പോൾ പറയുന്നത്. എന്നാൽ, ട്രംപ് ഉത്തരവിട്ടാൽ, അവർക്ക് ഇറാനെ ആക്രമിക്കേണ്ടതായി വരും. അതോടെ, ലോക ക്രമം തന്നെയാണ് മാറ്റി എഴുതപ്പെടുക.

ഏകപക്ഷീയമായ ഒരു നേട്ടം , ഇറാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് ഉണ്ടാകില്ലന്നത് ഉറപ്പാണ്. മാത്രമല്ല, തിരിച്ചടിയുടെ വ്യാപ്തിക്ക് അനുസരിച്ച് അമേരിക്കയുടെ മേധാവിത്വവും ലോകത്ത് അവസാനിക്കും. അത്തരം ഒരവസരത്തിനായാണ് റഷ്യയും ചൈനയും കാത്തിരിക്കുന്നത്. എന്തിനേറെ, നാറ്റോ സഖ്യകക്ഷികൾ പോലും, അമേരിക്കയ്ക്ക് ഒരു തിരിച്ചടി ലഭിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്.

Express view

വീഡിയോ കാണാം…

The post അമേരിക്കൻ ‘അഭിമാനത്തെ’ കടലിൽ മുക്കുമോ ഇറാൻ? യു.എസ്.എസ് എബ്രഹാം ലിങ്കൺ വൻ കെണിയിൽ! appeared first on Express Kerala.

Spread the love

New Report

Close