
ചെന്നൈയിൽ ചേർന്ന മക്കൾ നീതി മയ്യത്തിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അന്തസ്സിനെ ഗവർണർ തകർക്കുകയാണെന്നും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിൽ ഇടപെടുന്നത് ഫെഡറലിസത്തിന് വിരുദ്ധമാണെന്നും പാർട്ടി കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ അവഹേളിക്കുന്ന രീതിയിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഭരണഘടനാ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഗവർണർ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ എം.എൻ.എം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങളെയും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെയും യോഗത്തിൽ നിശിതമായി വിമർശിച്ചു. തമിഴ് ജനതയെ അവഹേളിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും, തമിഴ് അഭിമാനം ആഘോഷിക്കുന്ന ഗവേഷണങ്ങളെ അടിച്ചമർത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും പാർട്ടി വ്യക്തമാക്കി. കൂടാതെ, തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന വിഹിതം 40 ശതമാനമായി വർദ്ധിപ്പിച്ചതിലൂടെ സാധാരണക്കാരുടെ ഉപജീവനത്തെ ബാധിച്ച കേന്ദ്ര തീരുമാനത്തിനെതിരെയും യോഗത്തിൽ പ്രമേയം പാസാക്കി.
Also Read: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു! എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾക്കും യോഗം രൂപം നൽകി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു പ്രത്യേക ‘വാർ റൂമും’ തെരഞ്ഞെടുപ്പ് പ്രവർത്തക സമിതിയും രൂപീകരിക്കും. താഴെത്തട്ടിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനൊപ്പം ജില്ലാ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനും പ്രചാരണ തന്ത്രങ്ങൾ മെനയുന്നതിനും ഈ സമിതി മേൽനോട്ടം വഹിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാൻ പാർട്ടി തീരുമാനിച്ചു. 50,000 രൂപയാണ് അപേക്ഷാ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. പാർട്ടിയുടെ സ്ഥാപക വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 21-ന് മധുരയിൽ വിപുലമായ പൊതുസമ്മേളനം നടത്താനും യോഗത്തിൽ തീരുമാനമായി. കൂടാതെ, പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും പണ്ഡിതന്മാരുമായും കമൽ ഹാസൻ സംവദിക്കുന്ന ‘ബാബുജിയെ ഓർക്കുന്നു’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.
The post ഗവർണർക്കും കേന്ദ്രത്തിനുമെതിരെ കമലഹാസൻ; തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു appeared first on Express Kerala.



