
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ രാസലഹരി പിടികൂടി. ചേരാനല്ലൂർ, വാഴക്കാല, കളമശ്ശേരി എന്നിവിടങ്ങളിൽ നിന്നായി 723 ഗ്രാം എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
ചേരാനല്ലൂരിലെ ഒരു ലോഡ്ജിൽ നിന്ന് കോഴിക്കോട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ അർജുൻ വി നാഥിനെ (32) ഒരുഗ്രാമിൽ താഴെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് വൻ ലഹരിശൃംഖലയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാലയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 716 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അർജുനെന്ന് പോലീസ് സ്ഥിരീകരിച്ചു.
Also Read: തിരുവനന്തപുരം വിളപ്പിൽശാലയിൽ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു
കളമശ്ശേരി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലും പ്രതികൾ വലയിലായി. കളമശ്ശേരിയിലെ ഹോട്ടൽ മുറിയിൽ നിന്ന് 2.20 ഗ്രാം എംഡിഎംഎയുമായും കഞ്ചാവുമായും അനസ് (34), ഫെബിന (27) എന്നിവരെ പോലീസ് പിടികൂടി. ഇവർക്ക് രാസലഹരി എത്തിച്ചുനൽകിയ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ജാസിഫ് (33), ബംഗാൾ മുർഷിദാബാദ് സ്വദേശി മസൂദുൽ ബിശ്വാസ് (37) എന്നിവരെ കളമശ്ശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപത്ത് വെച്ച് 3.89 ഗ്രാം എംഡിഎംഎ സഹിതം കസ്റ്റഡിയിലെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെയും ഡിസിപി അശ്വതി ജിജിയുടെയും മേൽനോട്ടത്തിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് പിന്നിൽ. ചേരാനല്ലൂർ, കളമശ്ശേരി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഡാൻസാഫ് സംഘത്തോടൊപ്പം ഈ നടപടിയിൽ പങ്കെടുത്തു.
The post കൊച്ചിയിൽ വൻ ലഹരിവേട്ട; ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ appeared first on Express Kerala.




