
സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ ‘ഹെൽമെറ്റ് ഓൺ-സേഫ് റൈഡ്’ സ്പെഷ്യൽ ഡ്രൈവിൽ ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.55 കോടി രൂപ പിഴ. സംസ്ഥാന വ്യാപകമായി ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനുവരി രണ്ടാം വാരത്തിൽ ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ 11 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യം കണക്കിലെടുത്താണ് ഇത്രയും കർശനമായ പരിശോധന പോലീസ് നടത്തിയത്. ആകെ 1,19,414 വാഹനങ്ങളാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഐ.ജി.യുടെ നിർദ്ദേശപ്രകാരം വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരാനാണ് തീരുമാനം. ട്രാഫിക് നോർത്ത്, സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് ഈ ഡ്രൈവ് ഏകോപിപ്പിക്കുന്നത്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോലീസ് കടക്കും. റോഡപകടങ്ങൾ കുറയ്ക്കാനും ഹെൽമറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാനുമാണ് ഇത്തരമൊരു നടപടിയെന്ന് പോലീസ് അറിയിച്ചു.
The post ഒരാഴ്ച കൊണ്ട് 2.5 കോടി പിഴ! ഹെൽമറ്റില്ലാ യാത്രക്കാർക്കെതിരെ കേരള പോലീസിന്റെ കർശന നടപടി appeared first on Express Kerala.



