അതിവേഗ റെയില്‍പാതയെന്ന സ്വപ്നപദ്ധതിക്കായി രൂപം കൊടുത്ത കെ റെയില്‍ ഉപേക്ഷിച്ച് തിരുവനന്തപുരം – കാസർകോട് റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി.583 കിലോമീറ്റർ നീളത്തിലുള്ള അതിവേഗ റെയില്‍പാതയ്ക്കാണ് സർക്കാർ അംഗീകാരം നല്‍കിയിരിക്കുന്നത്. സില്‍വർ ലൈൻപദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് സാങ്കേതികാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
ആർആർ.ടി,എസ് പാതയില്‍ മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകള്‍ക്ക് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയ്ക്കാണ് മുൻഗണന നല്‍കുന്നത്. ജനസാന്ദ്രതയേറിയ കേരളത്തില്‍ ഇത് കൂടുതല്‍ അനുയോജ്യമാകും എന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍
ഡല്‍ഹി – മീററ്റ് ആർ.ആർ.ടി.എസ് മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കുക. മീററ്റ് മെട്രോ ആർ.ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് – സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക. ഊ മാതൃകയില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആർ.ആർ.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ഡല്‍ഹി മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ 20 ശതമാനം വീതം മുടക്കും. ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളില്‍ നിന്ന് വായ്പയായി കണ്ടെത്തും. നാല് ഘട്ടങ്ങളിലായി പദ്ധതി 12 വർഷത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർ വരയുള്ള ഒന്നാംഘട്ടം (ട്രാവൻകൂർ ലൈൻ-284 കി.മീ) 2027ല്‍ നിർമ്മാണം ആരംഭിച്ച് 2033ല്‍ പൂർത്തിയാക്കും തൃശൂർ മുതല്‍ കോഴിക്കോട് വരെയുള്ള രണ്ടാംഘട്ടം (മലബാർ ലൈൻ, ) കോഴിക്കോട് മുതല്‍ കണ്ണൂൂർ വരെ മൂന്നാംഘട്ടം, കണ്ണൂർ മുതല്‍ കാസർകോട് വരെ നാലാംഘട്ടം.
അയല്‍സംസ്ഥാനങ്ങളുടെ സഹകരണത്തോടെ പാലക്കാട് വഴി കോയമ്ബത്തൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയില്‍ വികസിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. 12 വർഷത്തിനുള്ളില്‍ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു.


