
ഡൽഹി പോലീസിലെ സ്വാറ്റ് കമാൻഡോയായ കാജൽ ചൗധരി (27) ഭർത്താവിന്റെ ക്രൂരമർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തുന്ന സമയത്ത് അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. “നിന്റെ സഹോദരിയെ ഞാൻ കൊല്ലുകയാണ്, ഇത് റെക്കോർഡ് ചെയ്തോളൂ, പോലീസിന് തെളിവായി ഉപകരിക്കും” എന്ന് അങ്കുർ വിളിച്ചുപറഞ്ഞതായി നിഖിൽ വെളിപ്പെടുത്തി. ഫോണിലൂടെ സഹോദരിയുടെ നിലവിളി കേട്ട നിഖിൽ ഉടൻ തന്നെ പോലീസുമായി സ്ഥലത്തെത്തിയെങ്കിലും കാജൽ അബോധാവസ്ഥയിലായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി തന്നെ നിഖിലിനെ വീണ്ടും വിളിച്ച് കാജൽ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ജനുവരി 22-ന് പശ്ചിമ ഡൽഹിയിലെ മോഹൻ ഗാർഡനിലുള്ള വസതിയിൽ വെച്ചാണ് സംഭവം നടന്നത്. നാല് മാസം ഗർഭിണിയായിരുന്ന കാജലിനെ ഭർത്താവ് അങ്കുർ ഭാരമേറിയ ഡംബെൽ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാജൽ ജനുവരി 27-ന് മരണത്തിന് കീഴടങ്ങി. പ്രതിരോധ മന്ത്രാലയത്തിൽ ക്ലാർക്കായി ജോലി ചെയ്യുന്ന അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: നഖത്തിലെ ഡിഎൻഎ കുരുക്കായി; പത്തനംതിട്ട കൊലക്കേസിൽ പ്രതി കുറ്റക്കാരൻ
വിവാഹശേഷം കാജൽ നിരന്തരമായ സ്ത്രീധന പീഡനത്തിന് ഇരയായിരുന്നതായി കുടുംബം ആരോപിക്കുന്നു. വിവാഹസമയത്ത് ബുള്ളറ്റും സ്വർണ്ണവും നൽകിയിട്ടും കാർ ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ അവളെ ഉപദ്രവിച്ചിരുന്നു. ഗർഭിണിയായിരുന്നിട്ടും കഠിനമായ ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ വീട്ടുജോലികൾ ചെയ്യാൻ അവർ കാജലിനെ നിർബന്ധിക്കുമായിരുന്നു. ഭർത്താവിനും കുടുംബത്തിനും വേണ്ടി കാജൽ വായ്പകൾ എടുത്തിരുന്നതായും സാമ്പത്തികമായി അവരെ സഹായിച്ചിരുന്നതായും കാജലിന്റെ മാതാപിതാക്കൾ പറഞ്ഞു.
കോളേജ് പഠനകാലത്തെ പ്രണയത്തിനൊടുവിൽ 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. ഇതിനു മുൻപും കാജൽ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നും എന്നാൽ കുട്ടിയുടെ പേരിൽ അങ്കുർ മാപ്പ് പറഞ്ഞതിനെത്തുടർന്നാണ് കുടുംബം വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നും സഹോദരൻ പറഞ്ഞു. കേസിൽ അങ്കുറിനെതിരെ കൊലപാതകത്തിനും സ്ത്രീധന പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
The post “നിന്റെ പെങ്ങളെ ഞാൻ കൊല്ലുകയാണ്, റെക്കോർഡ് ചെയ്തോ”; വെളിപ്പെടുത്തലുമായി വനിതാ കമാൻഡോയുടെ അനുജൻ appeared first on Express Kerala.



