
ധനമന്ത്രി നിർമ്മല സീതാരാമൻ വീണ്ടും ഒരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, രാജ്യത്തിന്റെ ശ്രദ്ധ പതിവുപോലെ നികുതി ഘടനകളിലേക്കും സാമ്പത്തിക പരിഷ്കാരങ്ങളിലേക്കുമാണ് തിരിയുന്നത്. എന്നാൽ അതിനൊപ്പം തന്നെ, വർഷങ്ങളായി ഒരു മൗനപാരമ്പര്യമായി വളർന്ന മറ്റൊരു കൗതുകവും ബജറ്റ് ദിനത്തെ അനുഗമിക്കുന്നുണ്ട് അത് മറ്റൊന്നുമല്ല അവരുടെ സാരി തിരഞ്ഞെടുപ്പുകൾ ആണ്. അക്കങ്ങളുടെയും ഗ്രാഫുകളുടെയും ലോകത്തിന് അപ്പുറം, ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പൈതൃകത്തെ ഓർമിപ്പിക്കുന്ന ഒരു സാംസ്കാരിക പ്രസ്താവനയായി ആ വേഷവിധാനം മാറിയിരിക്കുന്നു.
ബജറ്റ് ദിനത്തിൽ നിർമ്മല സീതാരാമൻ ധരിക്കുന്ന സാരികൾ ഒരിക്കലും യാദൃശ്ചികമല്ല. ഓരോ വർഷവും, ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള നെയ്ത്തുകലകളാണ് അവർ ദേശീയ വേദിയിൽ അവതരിപ്പിക്കുന്നത്. അത് ഒരു വ്യക്തിപരമായ ശൈലി പ്രകടനം മാത്രമല്ല, മറിച്ച് ഭരണവും സംസ്കാരവും തമ്മിലുള്ള സൂക്ഷ്മമായ ഒരു ബന്ധസൂചനയാണ്. സാമ്പത്തിക നയരൂപീകരണം ആധുനികതയുടെ അടയാളമായിരിക്കുമ്പോൾ, അതിനെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക അടയാളങ്ങൾ ഇന്ത്യൻ പാരമ്പര്യത്തിൽ വേരൂന്നിയതാണെന്ന സന്ദേശമാണ് അവർ നൽകുന്നത്.
2019-20 ലെ ആദ്യ ബജറ്റിൽ, ആന്ധ്രാപ്രദേശിന്റെ കൈത്തറി പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മംഗളഗിരി സിൽക്ക് സാരിയിലൂടെയാണ് അവർ ഈ യാത്ര ആരംഭിച്ചത്. സ്വർണ്ണ ബോർഡറുള്ള തിളങ്ങുന്ന പിങ്ക് നിറം ആത്മവിശ്വാസവും പുതുആരംഭവും സൂചിപ്പിച്ചു. അതോടൊപ്പം ബ്രീഫ്കേസിന് പകരം ചുവന്ന ‘ബഹി ഖാട്ട’യിൽ ബജറ്റ് രേഖകൾ കൈവശം വെച്ചത് ആധുനിക ഭരണത്തിൽ പോലും പാരമ്പര്യത്തിന് സ്ഥാനമുണ്ടെന്ന ശക്തമായ ദൃശ്യസന്ദേശമായി. 2020-21 ലെ ബജറ്റിൽ, പച്ച ബോർഡറുള്ള മഞ്ഞ സിൽക്ക് സാരി സാമ്പത്തിക പ്രതീക്ഷകളുടെ പ്രതീകമായി. മഞ്ഞ നിറം ശുഭാപ്തിവിശ്വാസത്തെയും ഊർജ്ജത്തെയും സൂചിപ്പിക്കുമ്പോൾ, പച്ച സ്ഥിരതയുടെയും വളർച്ചയുടെയും അടയാളമായി വായിക്കപ്പെട്ടു. സാമ്പത്തിക വെല്ലുവിളികൾ തല ഉയർത്തിയിരുന്ന കാലഘട്ടത്തിൽ, വേഷത്തിലൂടെ തന്നെ ആത്മവിശ്വാസത്തിന്റെ സൂചന നൽകുകയായിരുന്നു അത്.
മഹാമാരിയുടെ നിഴലിൽ അവതരിപ്പിച്ച 2021-22 ലെ ബജറ്റിനായി, തെലങ്കാനയുടെ പോച്ചാംപള്ളി ഇകാത് സാരി അവർ തിരഞ്ഞെടുത്തു. ചുവപ്പും വെളുത്ത നിറങ്ങളും ചേർന്ന ജ്യാമിതീയ പാറ്റേണുകൾ, പ്രതിരോധശേഷിയുടെയും പുനരുജ്ജീവനത്തിന്റെയും കഥ പറഞ്ഞു. ആഭ്യന്തര വ്യവസായങ്ങൾ വീണ്ടെടുക്കേണ്ട കാലത്ത് ദേശിയ നെയ്ത്തുകലയുടെ ശക്തി ഓർമിപ്പിക്കുന്നതായിരുന്നു ആ തിരഞ്ഞെടുപ്പ്.2022-23 ലെ ബജറ്റിൽ, ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്നുള്ള ബോംകായ് സാരിയിലൂടെ കുറച്ച് ശ്രദ്ധിക്കപ്പെടാതെ പോയ പ്രദേശിക കരകൗശല വൈദഗ്ധ്യത്തെ അവർ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഗോത്രശൈലികളും ക്ലാസിക്കൽ രൂപങ്ങളും സംയോജിപ്പിക്കുന്ന ആ നെയ്ത്ത്, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ആഴം തുറന്നു കാട്ടി.

2023-24 ലെ ബജറ്റിൽ, കർണാടകയുടെ ഇൽക്കൽ പാരമ്പര്യവുമായി ബന്ധപ്പെട്ട ചുവന്ന പട്ട് സാരിയും കറുത്ത ക്ഷേത്ര അതിർത്തിയും ശക്തമായ ദൃശ്യഭാവം സൃഷ്ടിച്ചു. ക്ഷേത്ര ബോർഡർ പാരമ്പര്യത്തെയും ആത്മീയതയെയും സൂചിപ്പിച്ചപ്പോൾ, ചുവപ്പ് നിറം ശക്തിയുടെയും നിർണ്ണായകതയുടെയും അടയാളമായി മാറി. 2024 ലെ ഇടക്കാല ബജറ്റിൽ, പശ്ചിമ ബംഗാളിന്റെ കാന്ത എംബ്രോയ്ഡറി ചെയ്ത നീല ടസ്സാർ സിൽക്ക് സാരി ധരിച്ച്, അവർ കിഴക്കൻ ഇന്ത്യയുടെ നെയ്ത്തുകലയുടെ സൗന്ദര്യം മുന്നോട്ട് വെച്ചു. പിന്നീട്, അതേ വർഷത്തെ കേന്ദ്ര ബജറ്റിൽ മജന്തയും സ്വർണ്ണ ബോർഡറുകളും ചേർന്ന ഓഫ്-വൈറ്റ് മംഗളഗിരി സാരിയിലൂടെ, കൈത്തറി പാരമ്പര്യത്തിന്റെ തുടർച്ചയാണ് അവർ അടയാളപ്പെടുത്തിയത്.
2025-26 ലെ ബജറ്റിൽ, ബീഹാറിലെ മധുബനി കലാരൂപങ്ങൾ ആലേഖനം ചെയ്ത, പത്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച സാരി ധരിച്ചത്, നാടോടി കലകളോടുള്ള ആദരസൂചകമായിരുന്നു. സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ മത്സ്യ രൂപങ്ങൾ, സാമ്പത്തിക പ്രതീക്ഷകളുമായി ചേർന്ന് ഒരു സാംസ്കാരിക സന്ദേശമായി മാറി. ഏറ്റവും ഒടുവിൽ, 2026-27 ലെ ബജറ്റിനായി അവർ ധരിച്ച മജന്ത നിറത്തിലുള്ള കാഞ്ചീപുരം സിൽക്ക് സാരി, അവരുടെ ജന്മനാടായ തമിഴ്‌നാട്ടിലെ ഐക്കണിക് നെയ്ത്തിനോടുള്ള അഭിമാനപ്രകടനമായി. മിനുസപ്പെടുത്തിയ സ്വർണ്ണ-തവിട്ട് ചെക്കർഡ് ബോർഡർ, ആ പാരമ്പര്യത്തിന്റെ ഭംഗിയും ഗൗരവവും ഒരുപോലെ അടയാളപ്പെടുത്തി.ഇങ്ങനെ, ഓരോ ബജറ്റ് ദിനത്തിലും നിർമ്മല സീതാരാമന്റെ സാരി വെറും വസ്ത്രമല്ലാതായി മാറുന്നു. അത് ഇന്ത്യയുടെ ജീവനുള്ള പൈതൃകത്തിന്റെ നിശബ്ദമായ ഒരു ഓർമ്മപ്പെടുത്തലാണ്, സാമ്പത്തിക നയങ്ങളും സാംസ്കാരിക പാരമ്പര്യവും കൈകോർത്തു നിൽക്കുന്ന ഒരു ദൃശ്യകഥ. അക്കങ്ങളുടെ ലോകത്ത് പോലും, ഇന്ത്യയുടെ നെയ്ത്തുശബ്ദം കേൾക്കാമെന്ന വിശ്വാസം അവ സാരികൾ ഉറപ്പിക്കുന്നു.
The post ഇന്ത്യയുടെ ഭൂപടം നെയ്തെടുത്ത സാരികൾ മംഗളഗിരി മുതൽ കാഞ്ചീപുരം വരെ! ഓരോ ബജറ്റിലും നിർമ്മല ഒളിപ്പിച്ചുവെക്കുന്ന ‘സന്ദേശം’ എന്ത്? appeared first on Express Kerala.



