
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നു. ആത്മഹത്യ ചെയ്യാൻ അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പുകൾ അദ്ദേഹത്തിന്റെ ഡയറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. ചില വൻകിട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസ് തിരിച്ചടികളെക്കുറിച്ചും ഡയറിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ആത്മഹത്യാക്കുറിപ്പിന് സമാനമായ വൈകാരികമായ വരികളാണ് ഡയറിയിലുള്ളത്. ജനുവരി 31-ന് സഹോദരനെ ഫോണിൽ വിളിച്ചത് പോലും ജീവനൊടുക്കാനുള്ള ഉറച്ച തീരുമാനത്തിന് ശേഷമാണെന്ന് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. വിദേശത്ത് നടത്തിയ ചില ബിസിനസ് സംരംഭങ്ങളിൽ നിന്നുണ്ടായ കനത്ത സാമ്പത്തിക ആഘാതമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also Read: മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ ഒ.പി ബഹിഷ്കരണം; ഡോക്ടർമാരുടെ സമരം കടുക്കുന്നു
തന്റെ അഭാവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പിനെ ആര് നയിക്കണമെന്ന കാര്യത്തിൽ പോലും റോയ് വ്യക്തമായ നിർദ്ദേശങ്ങൾ എഴുതിവെച്ചിട്ടുണ്ട്. വർഷങ്ങളായി തന്നോടൊപ്പം നിൽക്കുന്ന നിക്ഷേപകരെ ചേർത്തുപിടിക്കണമെന്നും അവരെ കൈവിടരുതെന്നും അദ്ദേഹം ഡയറിയിൽ ഓർമ്മിപ്പിക്കുന്നു.
ആദായനികുതി വകുപ്പിന്റെ റെയ്ഡും ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദവുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, പുതിയ കണ്ടെത്തലുകൾ പ്രകാരം സാമ്പത്തിക പ്രതിസന്ധികൾ അദ്ദേഹത്തെ നേരത്തെ തന്നെ അലട്ടിയിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. മരണദിവസം റോയ് ഓഫീസിലെത്തിയ സമയം സംബന്ധിച്ച മൊഴികളിലെ അവ്യക്തത നീക്കാൻ കോൺഫിഡന്റ് ഗ്രൂപ്പ് എംഡിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഡോ. റോയിയുടെ ഡയറിയിലെ കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതോടെ മരണത്തിലേക്ക് നയിച്ച സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
The post മുൻകൂട്ടി തീരുമാനിച്ച മരണം? സി.ജെ. റോയുടെ ഡയറിയിൽ നിർണ്ണായക വിവരങ്ങൾ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ് appeared first on Express Kerala.



