
യുഎഇയിൽ ഓൺലൈൻ പാർട്ട് ടൈം ജോലികളുടെയും ‘വർക്ക് ഫ്രം ഹോം’ അവസരങ്ങളുടെയും പേരിൽ സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയും മെസേജിംഗ് ആപ്പുകൾ വഴിയും ഉദ്യോഗാർത്ഥികളെ സമീപിച്ച് ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ കെണിയിലാക്കുന്നത്. ലളിതമായ ജോലികളിലൂടെ വേഗത്തിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ ഫീസ് എന്നിവയുടെ പേരിൽ പണം തട്ടുന്നതാണ് ഇവരുടെ രീതി.
ജോലി വാഗ്ദാനം ചെയ്ത് എത്തുന്നവർക്ക് ബാങ്ക് വിവരങ്ങളോ മറ്റ് വ്യക്തിഗത രേഖകളോ കൈമാറരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം തട്ടിപ്പുകാർ ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ‘ജാഗ്രത’ എന്ന പേരിൽ ദുബായ് പൊലീസ് പ്രത്യേക കാമ്പയിനും ആരംഭിച്ചു.
Also Read: യുഎഇയിൽ റമദാൻ വ്രതം ഈ മാസം 19 മുതൽ; തീരുമാനം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ
വിശ്വസനീയമായ സ്ഥാപനങ്ങൾ ഒരിക്കലും ഉദ്യോഗാർത്ഥികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കാറില്ലെന്ന് പൊലീസ് വ്യക്തമാക്കി. തൊഴിൽദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രം ഇടപാടുകൾ നടത്തുക. സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ വിവരം അറിയിക്കണമെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു.
The post ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം! തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുമായി പൊലീസ് appeared first on Express Kerala.



