സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന അനുകൂലമായ തിരുത്തലുകളുമാണ് വില കുറയാൻ കാരണമായത്. പുതിയ കണക്കുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,280 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,910 രൂപയിലെത്തി.
ഇന്നലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. പകൽ സമയത്ത് വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിപണി കുതിച്ചുയർന്നിരുന്നു. എന്നാൽ ഇന്ന് സാഹചര്യം വ്യത്യസ്തമാണ്. ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച ആണവ കരാർ ചർച്ചകൾ ആരംഭിക്കാനുള്ള തീരുമാനം ആഗോള വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കൂടാതെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങളിൽ ഇന്നലെ രാത്രിയോടെ ധാരണയായതും നിക്ഷേപകരെ സ്വർണത്തിൽ നിന്ന് ഓഹരി വിപണിയിലേക്ക് ചുവടുമാറ്റാൻ പ്രേരിപ്പിച്ചു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ചിരുന്നവർ ഓഹരി വിപണിയിലെ വരാനിരിക്കുന്ന മുന്നേറ്റം കണക്കിലെടുത്ത് ലാഭമെടുപ്പിന് മുതിരുന്നതും വില കുറയാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വില കുറയുമ്പോൾ സ്വർണം വാങ്ങിക്കൂട്ടുന്ന പഴയ ട്രെൻഡ് ഇന്ന് വിപണിയിൽ ദൃശ്യമാകാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
The post തിളക്കം മങ്ങി സ്വർണം; പവൻ വില 1,11,280-ലേക്ക് താഴ്ന്നു, നിക്ഷേപകർ ഓഹരി വിപണിയിലേക്ക് appeared first on Express Kerala.



