ഒരിടത്ത് ഉറച്ച് നില്‍ക്കാതെ ഏറിയും കുറഞ്ഞും സാധാരണക്കാരന് ആധി കയറ്റുകയാണ് സ്വര്‍ണവില. വില കുറഞ്ഞ സ്ഥിതിക്ക് ഇനി സ്വര്‍ണം വാങ്ങിയേക്കാം എന്ന് കരുതിയാല്‍ ഉടനടി വില കയറും, ഇതാണിപ്പോള്‍ ഏതാനും ദിവസങ്ങളായി സ്വര്‍ണവിപണിയിലെ സാധാരണ കാഴ്ച.ഇന്നലെ മാത്രം നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്.രണ്ട് തവണ വില കുറയുകയും രണ്ട് തവണ കൂടുകയും ചെയ്തു.
ഇന്നും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്ന നിലയിലേക്കാണ് സ്വര്‍ണവിലയുടെ പോക്ക്. രാവിലെ വില കുറഞ്ഞെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍, ഉച്ചയ്ക്ക് സ്വര്‍ണത്തിന് വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910ലേക്ക് എത്തിയിരുന്നു. പവന് വില 1040 രൂപ കുറഞ്ഞ് 1,11,280 രൂപയിലേക്കും എത്തി.എന്നാല്‍ ഉച്ചയ്ക്ക് 12.20തിന് കളി മാറി, വില രാവിലെ കുറഞ്ഞതിനേക്കാള്‍ കയറിയിരിക്കുകയാണ് ഇപ്പോള്‍. സ്വര്‍ണം ഗ്രാമിന് 200 രൂപ കൂടി 14,110ലേക്കും പവന് 1600 രൂപ കൂടി 1,12,880 രൂപയിലേക്കും എത്തി നില്‍ക്കുകയാണ് നിലവില്‍. ഒരാഴ്ച കൂടി സ്വര്‍ണ വില ഇത്തരത്തില്‍ ഏറിയും കുറഞ്ഞുമിരിക്കാനാണ് സാധ്യത എന്നാണ് സ്വര്‍ണ വ്യാപാരികള്‍ അടക്കം പറയുന്നത്. അതിന് ശേഷം സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ് തന്നെ രേഖപ്പെടുത്തിയേക്കും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



